ബയേണെ ഞെട്ടിച്ച് റോസ്റ്റോവ്, ചാമ്പ്യൻസ് ലീഗിൽ സമനില കുരുക്ക്

- Advertisement -

വളരെ നിർണ്ണായകമായ മത്സരങ്ങൾക്കായിരുന്നു ചാമ്പ്യൻസ് ലീഗ് സാക്ഷിയായത്. പ്രമുഖ ടീമുകൾ മിക്കതും സമനില കുരുക്കിൽ കുടിങ്ങിയപ്പോൾ ബയേൺ റഷ്യൻ ടീം റോസ്റ്റാവിനോട് പരാജയമറിഞ്ഞതാണ് വലിയ ശ്രദ്ധ നേടിയത്.

ഗ്രൂപ്പ് എയിലെ ഒന്നാമനെ കണ്ടത്താനുള്ള മത്സരത്തിൽ ആർസനലും പി.എസ്.ജിയും 2 ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ആർസനൽ ചിത്രത്തിൽ പോലുമില്ലാത്ത ആദ്യ പകുതിയിൽ എഡിസൺ കമാനിയാണ് പി.എസ്.ജിക്ക് മുൻതൂക്കം നൽകിയത്. എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷം സാഞ്ചസ് നേടിയ പെനാൾട്ടി ഗോളാക്കി മാറ്റി ജിറോഡ് ആർസനലിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ആർസനൽ മാർകോ വെറാറ്റിയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയെങ്കിലും ലൂക്കാസിൻ്റെ 77 മിനിറ്റിലെ ഹെഡർ പി.എസ്.ജിയുടെ രക്ഷക്കെത്തി. ഇപ്പോൾ ഇരു ടീമുകൾക്കും തുല്യ പോയിൻ്റാണ് ഉള്ളത്. ഇതോടെ അടുത്ത കളിയിൽ റാസ്ഗാർഡിനെ മറികടന്നാൽ പി.എസ്.ജി ഗ്രൂപ്പിൽ ഒന്നാമതെത്തും. ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ റാസ്ഗാർഡും ബേസലും ഗോൾരഹിത സമനിലയും വഴങ്ങി.

ഗ്രൂപ്പ് ബിയിലെ അവസാന മത്സരം മരണപോരാട്ടത്തിനാവും വേദിയാവുക. ആദ്യ പകുതിയിൽ 3-0 ത്തിനു മുന്നിലെത്തിയ പോർച്ചുഗീസ് ചാമ്പ്യന്മാരായ ബെനിഫിക്കയെ രണ്ടാം പകുതിയിൽ 3 ഗോളടിച്ച് ബെസ്കിറ്റസ് സമനില പിടിച്ചപ്പോൾ ഡൈനാമോ കീവിനെതിരെ സ്വന്തം മണ്ണിൽ ഗോൾ രഹിത സമനില വഴങ്ങിയ നാപ്പോളി പ്രീ ക്വാട്ടറിലേക്കുള്ള ഉറച്ച അവസരമാണ് കളഞ്ഞ് കുളിച്ചത്. ഇതോടെ നാപ്പോളി ബെനിഫിക്ക ടീമുകൾക്ക് 8 പോയിന്റും ബെസ്കിറ്റസിന് 7 പോയിന്റുമായി. ഇതോടെ അടുത്ത നാപ്പോളി ബെനിഫിക്ക പോരാട്ടം 3 ടീമുകൾക്കും നിർണ്ണായകമായി.

ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനം സെൽറ്റിക്കിനെ ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ മറികടന്ന് ബാഴ്സ ഉറപ്പിച്ചു. അതേ സമയം ജർമ്മൻ ക്ലബ് ബൊറുസ്സിയ മെഗ്ലദ്ബാഷിനോട് 1-1 നു സമനില വഴങ്ങിയെങ്കിലും മാഞ്ചസ്റ്റർ സിറ്റി പ്രീ ക്വാട്ടർ ഉറപ്പിച്ചു. മെഗ്ലദ്ബാഷിനായി റാഫേലും സിറ്റിക്കായി ഡേവിഡ് സിൽവയുമാണ് ഗോളുകൾ നേടിയത്.

ഗ്രൂപ്പ് ഡിയിലായിരുന്നു എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് റഷ്യൻ ക്ലബ് റോസ്റ്റോവ് ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ചത്. നിരവധി മാറ്റങ്ങളുമായെത്തിയ ബയേണെ 2 നെതിരെ 3 ഗോളിനാണ് റോസ്റ്റോവ് അട്ടിമറിച്ചത്. ഡോർട്ട്മുണ്ടിനു പിറകെ ഈ തോൽവി കൂടെ ആഞ്ചലോട്ടിക്ക് സമ്മർദം നൽകുന്നു. അഞ്ചിൽ അഞ്ച് കളിയും ജയിച്ച സിമിയോണിയുടെ അത്ലെറ്റികോ മാഡ്രിഡ് ഇതോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. പി.എസ്.വിക്കെതിരെ ഗമിയേരയുടേതും ഗ്രീസ്മാൻ്റേതും ഗോളുകൾക്കായിരുന്നു അത്ലെറ്റിക്കോയുടെ വിജയം. ഡിസംബർ ഏഴിന് ബയേണെതിരെയാണ് അത്ലെറ്റിക്കോയുടെ ഗ്രൂപ്പിലെ അവസാന മത്സരം.

Advertisement