റെക്കോർഡ് ഗോളുമായി റൊണാൾഡോ, റയലിന് ജയം

- Advertisement -

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ റയലിന് ബൊറൂസിയ ഡോർട്ട് മുണ്ടിനെതിരെ 3-2 നാണ് ചാമ്പ്യന്മാർ ജയം നേടിയത്. ജയത്തോടെ റയലിന് 13 പോയിന്റായി. എങ്കിലും ഗ്രൂപ്പിൽ 16 പോയിന്റുമായി ടോട്ടൻഹാം ഒന്നാം സ്ഥാനം നേടി. അപോളിനെതിരെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ടോട്ടൻഹാം ഇന്ന് ജയം കണ്ടത്.

ഏറെ മാറ്റങ്ങളോടെയാണ് സിദാൻ ടീമിനെ ഇറക്കിയത്. സസ്പെന്ഷനിലുള്ള കാർവഹാലിന് പകരം നാച്ചോയും മാർസെലോക്ക് പകരം തിയോ ഹെർണാണ്ടസും ടീമിൽ ഇടം നേടി. ആക്രമണ നിരയിൽ ക്രിസ്റ്റിയാനോകൊപ്പം മയൊരാലും വാസ്‌കേസും ഇടം നേടി. ഡോർട്ട് മുണ്ട് ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. ആദ്യ പകുതി വളരെ മോശമായാണ് ജർമ്മൻ ടീം തുടങ്ങിയത്. 8 ആം മിനുട്ടിൽ തന്നെ മയൊരാലിലൂടെ റയൽ ലീഡ് നേടി. താരത്തിന്റെ ആദ്യ ചാംപ്യൻസ് ലീഗ് ഗോൾ. ഏറെ വൈകാതെ റൊണാൾഡോ തന്റെ ഗോൾ നേടി ലീഡ് രണ്ടാക്കി. ഈ ഗോളോടെ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ കളികളിലും ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലായി. ആദ്യ പകുതിക്ക് തൊട്ട് മുൻപ് ഔബമായങ് ഡോർട്ട് മുണ്ടിന് ഒരു ഗോൾ നേടി സ്കോർ 2-1.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡോർട്ട് മുണ്ട് സമനില ഗോൾ നേടി. ഇത്തവണ ഔബമായങ് മികച്ചൊരു ചിപ്പിലൂടെ സ്കോർ സമനിലയാക്കി. ശേഷം റയൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. റൊണാൾഡോ ഒരു തവണ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. 81 ആം മിനുട്ടിൽ ലൂകാസ് വാസ്‌കേസ് റയൽ കാത്തിരുന്ന വിജയ ഗോൾ നേടി. 87 ആം മിനുട്ടിൽ ലഭിച്ച സുവർണാവസരം കഗാവ പുറത്തേക്കടിച്ചതോടെ ഡോർട്ട്മുണ്ടിന്റെ സമനില കണ്ടെത്താനുള്ള അവസാന അവസരവും ലക്ഷ്യത്തിലെത്തിയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement