യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്, പത്തു പേരുമായി പൊരുതി പോർട്ടോ ക്വാർട്ടറിൽ

20210310 042123

ചാമ്പ്യൻസ് ലീഗിൽ പോർട്ടോ ഉയർത്തിയ വൻ വെല്ലുവിളി മറികടക്കാൻ യുവന്റസിനായില്ല. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ സൂപ്പർ താരാം റൊണാൾഡോയും സംഘവും പുറത്തു പോയി. ആദ്യ പാദത്തിലെ 1-2ന്റെ പരാജയം മറികടക്കേണ്ടിയിരുന്ന യുവന്റസ് ഇന്ന് 3-2ന്റെ വിജയം നേടി എങ്കിലും എവേ ഗോൾ ബലത്തിൽ പോർട്ടോ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. അഗ്രിഗേറ്റ് സ്കോർ 4-4 എന്ന രീതിയിലാണ് ടൈ അവസാനിച്ചത്.

ഇന്ന് ടൂറിനിൽ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം യുവന്റസിന്റെ തിരിച്ചടിക്കാനായി. എന്നാൽ പോർട്ടോയ്ക്ക് ഒരു ചുവപ്പ് കാർഡ് കിട്ടിയെങ്കിലും അത് മുതലെടുക്കാൻ യുവന്റസിന് ആയതുമില്ല. ഇന്ന് തുടക്കത്തിൽ 19ആം മിനുട്ടിൽ ഒരു പെനാൾട്ടിയാണ് പോർട്ടോയ്ക്ക് ലീഡ് നൽകിയത്. സെർജിയോ ഒലിവേരയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഈ ഗോൾ പോർട്ടോയെ അഗ്രിഗേറ്റ് സ്കോറിക് 3-1ന് മുന്നിൽ എത്തിച്ചു. എങ്കിലും പതറാതെ കളിച്ച യുവന്റസ് പതിയെ കളിയിലേക്ക് തിരികെ വന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനുട്ടിൽ കിയേസയുടെ വക ആയിരുന്നു യുവന്റസിന്റെ ആദ്യ ഗോൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് മനോഹര ഫിനിഷിലൂടെ ആയിരുന്നു കിയേസയുടെ ഗോൾ‌. ഇതിനു പിന്നാലെ 54ആം മിനുട്ടിൽ മെഹ്ദി തരാമി ആണ് ചുവപ്പ് വാങ്ങിയത്. 2 മിനുട്ടിനിടയിൽ രണ്ട് മഞ്ഞ കാർഡുകൾ വാങ്ങിയാണ് മെഹ്ദി പുറത്ത് പോയത്‌. പത്തു പേരായി ചുരുങ്ങിയ ടീമിനു മേൽ യുവന്റസ് കൂടുതൽ ആധിപത്യം സ്ഥാപിച്ചു . 63ആം മിനുട്ടിൽ കിയേസയുടെ രണ്ടാം ഗോൾ വന്നു. കൊഡ്രാഡോയുടെ ക്രോസിൽ നിന്നായുരുന്നു കിയേസയുടെ ഹെഡർ. കിയേസയുടെ ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ നാലാം ഗോളായിരുന്നു ഇത്‌. ഈ ഗോളോടെ അഗ്രിഗേറ്റ് സ്കോർ 3-3 ആയി.

പത്തു പേരുമായി നന്നായി ഡിഫൻഡ് ചെയ്ത പോർട്ടോ കളി എക്സ്ട്രാ ടൈമിൽ എത്തിച്ചു. 115ആം രീതിയിൽ ഒലിവേര ഒരു ഫ്രീകിക്കിലൂടെ പോർട്ടോയുടെ രണ്ടാം ഗോൾ നേടിയതോടെ യുവന്റസ് പ്രതീക്ഷകൾ അവസാനിച്ചു. അവസാനം 117ആം മിനുട്ടിലെ റാബിയോ ഗോൾ നേടി യുവന്റസിന്റെ വിജയം ഉറപ്പിച്ചു എങ്കിലും അവർക്ക് ക്വാർട്ടർ ഉറപ്പിക്കാൻ ആയില്ല.

Previous articleചാമ്പ്യൻസ് ലീഗ് തന്റേതാക്കി മാറ്റി ഹാളണ്ട്, സെവിയ്യ പുറത്ത്
Next articleചരിത്രം മാറ്റി എഴുതി ഹാളണ്ട്