ടൂറിനിൽ റൊണാൾഡോയുടെ യുവന്റസ് വധം

ക്വാർട്ടറിന്റെ ആദ്യ പാദം അവസാനിക്കും മുമ്പ് തന്നെ ഇത്തവണത്തെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ചിരിക്കുന്നു. റൊണാൾഡോ ടൂറിനിൽ താണ്ഡവമാടിയപ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് എവേ പാദം റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഒരു അത്ഭുത ബൈസൈക്കിൾ കിക്ക് ഗോൾ ഉൾപ്പെടെ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് റൊണാൾഡോ ഇന്ന് സ്വന്തമാക്കിയത്.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ റൊണാൾഡോ തന്റെ മികവിലേക്ക് എത്തി. ഇടതു വിങ്ങിൽ നിന്ന് ഇസ്കോ നൽകിയ പന്ത് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റൊണാൾഡോ വലയിൽ എത്തിക്കുകയായിരുന്നു. ആദ്യ ഗോളിന് ശേഷം യുവന്റസ് ആണ് മികച്ചു നിന്നത് എങ്കിലും ഗോൾ കണ്ടെത്താൻ യുവന്റസിനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ മത്സരം തികച്ചും യുവന്റസിന്റെ ആധിപത്യത്തിലായെന്നു തോന്നിപ്പിച്ചു. ഫൈനൽ പാസൊഴികെ ബാക്കിയെല്ലാം യുവന്റസിൽ നിന്ന് വന്നി. കളി കൈവിട്ടു പോകുമോ എന്ന് തോന്നിയ സമയത്ത് വീണ്ടും റൊണാൾഡോ അവതരിച്ചു.

64ആം മിനുട്ടിൽ. ഇത്തവണ പിറന്നത് ലോകോത്തര ഗോൾ തന്നെയായിരുന്നു. കാർവഹാൽ വലതു വിങ്ങിൽ നിന്ന് ചിപ് ചെയ്തു കൊടുത്ത ക്രോസ് അത്ഭുതകരമായ ഒരു ബൈസൈക്കിൾ കിക്കിലൂടെ റൊണാൾഡോ വലയിൽ എത്തിച്ചു. ബുഫൺ വരെ ആ ശ്രമം കണ്ട് ഞെട്ടി എന്ന് പറയാം. ഗോളിന് പിറകെ ഡിബാല ചുവപ്പ് കാർഡ് കണ്ട് പുറത്തു പോവുകകൂടെ ചെയ്തതോടെ യുവന്റസിന്റെ പ്രതീക്ഷകൾ അവസാനിച്ചിരുന്നു.

72ആം മിനുട്ടിൽ മികച്ച വൺ ടച്ച് ഫുട്ബോളിലൂടെ മാർസേലോയ്ക്ക് മൂന്നാം ഗോളും കൂടെ ഒരുക്കി കൊടുത്ത റൊണാൾഡോ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിനു മുമ്പ് തന്നെ റയലിന് ഉറപ്പിച്ചു കൊടുക്കുകയായിരുന്നു. 84ആം മിനുട്ടിൽ ഹാട്രിക്ക് തികയ്ക്കാനുള്ള അവസരം റൊണാൾഡോ പുറത്തടിച്ചു കളഞ്ഞപ്പോൾ 89ആം മിനുട്ടിൽ ഹാട്രിക്കിനു മുന്നിൽ ബുഫൺ തടസ്സമായി. ക്രൂസിന്റേയും വാസ്കേസിന്റേയും ശ്രമങ്ങൾ ബാറി തട്ടി മടങ്ങിയില്ലായിരുന്നു എങ്കിൽ ഇതിലും വലിയ പരാജയം യുവന്റസ് നേരിടേണ്ടി വന്നേനെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരമ്പര തൂത്തുവാരി പാക്കിസ്ഥാന്‍
Next articleചാമ്പ്യൻസ് ലീഗ്: സെവിയ്യയെ തകർത്ത് ബയേൺ മ്യൂണിക്ക്