
യൂറോപ്പിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരമായി റയൽ മാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. ബാഴ്സലോണ താരം ലയണൽ മെസ്സിയെയും യുവന്റസ് ഗോൾ കീപ്പർ ബുഫണിനെയും മറികടന്നാണ് റൊണാൾഡോ വിജയിയായത്. റൊണാൾഡോയുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് റയൽ മാഡ്രിഡ് കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗും ല ലീഗയും നേടിയത്.
റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തുന്നതിൽ നിർണായക പ്രകടനം കാഴ്ചവെച്ച റൊണാൾഡോ 12 ഗോൾ നേടി ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോററും ആയിരുന്നു. 2016-17 സീസണിൽ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും പങ്കെടുത്ത 80 ടീമുകളുടെ പരിശീലകരും യൂറോപ്യൻ സ്പോർട്സ് മീഡിയ ഗ്രൂപ്പ് തിരഞ്ഞെടുത്ത 55 പത്രപ്രവർത്തകരും ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.
ബാഴ്സലോണ വനിതാ ഫുട്ബോൾ താരം ലീക്ക് മാർട്ടൻസാണ് വനിതകളിലെ മികച്ച താരം. നേരത്തെ നടന്ന ചടങ്ങിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ യൂറോപ്പിലെ മികച്ച ഫോർവേഡ് ആയും തിരഞ്ഞെടുത്തിരുന്നു. യുവന്റസ് ഗോൾ കീപ്പർ ബുഫൺ മികച്ച ഗോൾ കീപ്പറായും റയൽ മാഡ്രിഡ് പ്രധിരോധ താരം സെർജിയോ റാമോസ് മികച്ച പ്രധിരോധ താരമായും റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് താരം ലുക്കാ മോഡ്രിച്ച് മികച്ച മിഡ്ഫീൽഡറായും തിരഞ്ഞെടുക്കപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial