യുവന്റസ് ആരാധകർ വരെ നമിച്ചു, ക്രിസ്റ്റ്യാനോ ‘അമാനുഷിക’ റൊണാൾഡോ!

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നത് മനുഷ്യൻ തന്നെയാണോ എന്നൊരു ചോദ്യം ചോദിച്ചാൽ യുവന്റസിനെതിരായ ആദ്യ പാദ മത്സരം കണ്ടവർ മനുഷ്യനാണെന്ന് പറയാൻ ഒന്ന് മടിച്ചേക്കും. അതായിരുന്നു റൊണാൾഡോയുടെ ടൂറിനിലെ പ്രകടനം. ഇരട്ടഗോളുകളും ഒരു അസിസ്റ്റും എന്ന് വെറുതെ പറഞ്ഞു പോയാൽ ആ പ്രകടനത്തിനോടുള്ള നീതി ആവില്ല.

മൂന്നാം മിനുട്ടിൽ തന്റെ ആദ്യ ടച്ചിലൂടെ ഗോൾവല റൊണാൾഡോ കുലുക്കിയപ്പോൾ വലിയ അപ്രതീക്ഷിതമായ ഒന്നും ആർക്കും തോന്നിയില്ല‌‌. വലിയ മത്സരങ്ങളിൽ തിളങ്ങുന്നത് റൊണാൾഡോയ്ക്ക് ഒരു പുതുമയല്ല. റൊണാൾഡോയുടെ കളി കാണുന്നവർക്കും. ആ ഗോൾ റൊണാൾഡോയെ തുടർച്ചയായ 10 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരമാക്കി മാറ്റിയിരുന്നു.

മത്സരം പുരോഗമിക്കുമ്പോ റൊണാൾഡോ പന്ത് തൊടുമ്പോഴൊക്കെ യുവന്റസ് ആരാധകർ വിസിൽ വിളിക്കുകയും ബൂ ചെയ്യുകയുമായിരുന്നു. ആദ്യ ഗോളടിച്ചതിനാണ് ആ കൂവലുകൾ ഒക്കെ. പതിവ് എവേ മത്സരങ്ങളിലെ കാഴ്ച. റൊണാൾഡോയെ അത് ഒട്ടും അത്ഭുതപ്പെടുത്തി കാണില്ല. പക്ഷെ 64ആം മിനുട്ടിൽ ആ കൂക്കി വിളിച്ച യുവന്റസ് ആരാധകർ മുഴുവൻ എഴുന്നേറ്റു നിന്നു കയ്യടിച്ചു. അതേ ഏഴാം നമ്പർ റൊണാൾഡോയ്ക്ക് വേണ്ടി. അപ്പോൾ റൊണാൾഡോ അത്ഭുതപ്പെട്ടു. യുവന്റസ് ആരാധകരുടെ സ്നേഹത്തിന് കൈകൾ കൂപ്പി നെഞ്ചത്ത് ചേർത്ത് നന്ദി പറഞ്ഞു കൊണ്ട് റൊണാൾഡോ സ്വന്തം ഹാഫിലേക്ക് നടന്നു.

64ആം മിനുട്ടിൽ യുവന്റസ് ആരാധകരെ മാത്രമല്ല ലോകഫുട്ബോളിനെ മുഴുവൻ റൊണാൾഡോ ഞെട്ടിച്ചിരുന്നു. കാർവഹാലിന്റെ ക്രോസിൽ നിന്ന് റൊണാൾഡോയുടെ ആ‌ ബൈസൈക്കിൾ കിക്ക് അദ്ദേഹത്തിന്റെ തന്നെ കരിയറിലെ മികച്ച ഗോളെന്ന് ചരിത്രം വാഴ്ത്തിയേക്കും. അതെ പോർട്ടോയ്ക്കെതിരെ യുണൈറ്റഡിന്റെ ജേഴ്സിയിൽ നേടിയ ഗോളിനേക്കാൾ ഈ ഗോൾ കയ്യടി നേടിയേക്കും. ഈ പ്രായത്തിലും റൊണാൾഡോ കാണിക്കുന്ന ഫിസിക്കൽ സ്ട്രങ്തും അത്ലറ്റിസിസവും ഈ ഗോളിനെ പോർട്ടോ ഗോളിന് ഒരടി മുന്നിൽ ചരിത്രത്തിൽ നിർത്തിയേക്കും. സാക്ഷാൽ സിദാന്റെ കൈകൾ അത്ഭുതം കൊണ്ട് തലയിൽ എത്തിയത് അതാണ് സൂചിപ്പിക്കുന്നത്.

മാർസേലോയ്ക്ക് മൂന്നാം ഗോളും അരുക്കി കൊടുത്ത റൊണാൾഡോ ഹാട്രിക്ക് തികയ്ക്കാനുള്ള ടാപിൻ അവസരം അവസാനം കളഞ്ഞുകുളിച്ചിരുന്നു. പക്ഷെ ഇന്നലത്തെ പ്രകടനത്തിന് ഹാട്രിക്കിന്റേയും മാച്ച് ബോളിന്റേയും ഒന്നും ആവശ്യമില്ല. യുവന്റസ് ആരാധകരുടെ കയ്യടി മാത്രം മതിയാകും ഈ പ്രകടനം എന്നും റൊണാൾഡോ കരിയറിലെ ഏറ്റവും മികച്ച ദിവസമായി നിൽക്കാൻ. വർഷങ്ങൾക്ക് മുമ്പ് റയൽ മാഡ്രിഡിന് കളിക്കുമ്പോൾ ഓൾഡ് ട്രാഫോർഡിൽ വന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ കയ്യടി വാങ്ങിപ്പോയ ബ്രസീലിയൻ റൊണാൾഡോയെ ഓർമ്മയുണ്ട്. അതിനു ശേഷം അതുപോലൊരു നിറഞ്ഞ കയ്യടി എവേ ആരാധകരിൽ നിന്ന് പിറക്കുന്നത് ഇപ്പോഴാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊയപ്പയ; കെ ആർ എസിനെ നിലംപരിശാക്കി കെ എഫ് സി കാളികാവ്
Next articleലിൻഷയെ ഞെട്ടിച്ച് ഫ്രണ്ട്സ് മമ്പാട്