റോമയിൽ അത്ഭുതം, ചരിത്ര തിരിച്ചുവരവിൽ മെസ്സിക്കും ബാഴ്സയ്ക്കും കണ്ണീർ

റോമയിൽ അത്ഭുതം തന്നെ നടന്നു!!! കഴിഞ്ഞ വർഷം പി എസ് ജിക്കെതിരെ ബാഴ്സ നടത്തിയ തിരിച്ചുവരവു പോലെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ മറ്റൊരു വലിയ തിരിച്ചുവരവ്. 4-1ന്റെ ആദ്യ പാദ് ലീഡുമായി വന്ന ബാഴ്സയെ റോമയിൽ നിന്ന് കണ്ണീരുമായി റോമൻ ഫുട്ബോൾ രാജാക്കന്മാർ മടക്കിയിരിക്കുന്നു. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് റോമ ഇന്ന് സ്വന്തമാക്കിയത്. അഗ്രിഗേറ്റ് 4-4 ആയതോടെ എവേ ഗോളിന്റെ ആനുകൂല്യത്തിൽ റോമ സെമിയിലേക്ക് കടക്കുകയായിരുന്നു.

ഇന്ന് റോമയുടെ പടയോട്ടത്തിന് ആറാം മിനുട്ടിൽ ജെക്കോ ആണ് തുടക്കമിട്ടത്. ബാഴ്സലോണയിൽ റോമയുടെ ഏക ഗോൾ നേടിയതും ജെക്കോ തന്നെയായിരുന്നു. രണ്ടാം പകുതിയിലായിരുന്നു റോമയുടെ ബാക്കി രണ്ടു ഗോളുകളും പിറന്നത്. 58ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ഡി റോസിയാണ് റോമയുടെ രണ്ടാം ഗോൾ നേടിയത്. 82ആം മിനുറ്റിൽ മനോലസ് ബാഴ്സയുടെ വിധി എഴുതിയ മൂന്നാം ഗോളും നേടി.

മെസ്സിയും ഇനിയേസ്റ്റയും അടക്കമുള്ള ബാഴ്സ നിരയ്ക്ക് ഇന്ന് ഇറ്റലിയിൽ ഒന്നും ചെയ്യാനായില്ല. ആദ്യമായാണ് ഇത്രയും വലിയൊരു ആദ്യ പാദ ലീഡ് ബാഴ്സലോണ കളഞ്ഞു കുളിക്കുന്നത്. റോമയുടെ 1983/84 സീസണ് ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ യോഗ്യത ആണിത്.

മൂന്നു ഗോളിൽ കൂടുതൽ ലീഡ് ആദ്യ പാദത്തിൽ വഴങ്ങിയ ശേഷം രണ്ടാം പാദത്തിൽ അത് മറികടക്കുന്ന ചരിത്രത്തിലെ മൂന്നാം ടീം മാത്രമാണ് റോമ. കഴിഞ്ഞ വർഷത്തെ ബാഴ്സ പി എസ് ജി മത്സരവും, 2003-04 സീസണിലെ ഡിപോർട്ടീവ- മിലാൻ മത്സരവുമാണ് ഇതിനു മുമ്പ് ഇത്തരം തിരിച്ചുവരവുകൾ കണ്ടിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial