എഴുതിതള്ളിയവർക്ക് ഇത് റോമയുടെ രാജകീയ മറുപടി

ചാമ്പ്യൻസ് ലീഗിൽ അല്ല, ഇറ്റാലിയൻ ലീഗിൽ വരെ ഇത്തവണ ആരും റോമയ്ക്ക് ഒരു വിലയും കൊടുത്തിരുന്നില്ല. ഈ സീസൺ തുടങ്ങും മുമ്പ് റോമയ്ക്ക് അത്രയും നഷ്ടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ സീസണിലെ റോമയുടെ ഏറ്റവും മികച്ച താരങ്ങളായിരുന്നു സാലയും, റുദിഗറും, പരെദെസും, ഈ മൂന്നു താരങ്ങളെയും റോമയ്ക്ക് ഈ സീസൺ തുടക്കത്തിൽ നഷ്ടമായി. ഒപ്പം മാനേജർ സ്പാലെറ്റിയും പോയി. അതും വൈരികളായ ഇന്റർ മിലാനിലേക്ക്.

പക്ഷെ ഉസേബിയ ദി ഫ്രാൻസെസ്കോ എന്ന പരിശീലകൻ റോമയെ തകരാൻ വിട്ടില്ല. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡ്രോ വന്നപ്പോഴും റോമയ്ക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ഇംഗ്ലീഷ് ചാമ്പ്യാരായ ചെൽസിയും സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡും ഉള്ള ഗ്രൂപ്പിലായിരുന്നു റോമ. എല്ലാവരും ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് പറഞ്ഞ ഗ്രൂപ്പിൽ നിന്ന് റോമ പ്രീക്വാർട്ടറിലേക്ക് കടന്നത് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടായിരുന്നു. ആകെ ഗ്രൂപ്പിൽ വഴങ്ങിയത് ഒരൊറ്റ പരാജയം.

ഇപ്പോൾ സെമി ഫൈനൽ വരെ എത്തിയിരിക്കുമ്പോൾ വരെ ഒരു ഗോൾ വരെ സ്വന്തം ഗ്രൗണ്ടായ ഒളിമ്പികോയിൽ റോമ വഴങ്ങിയിട്ടില്ല. മെസ്സിയും സുവാരസും, ഗ്രീസ്മെനും ഹസാർഡും ഒക്കെ വന്നിട്ടും ഒരു ഗോൾ പോലും അലിസണെ മറികടന്ന് റോമൻ ഗ്രൗണ്ടിൽ വീണില്ല. ബാഴ്സയുടെ 4-1 ആദ്യപാദ ജയം കഴിഞ്ഞപ്പോൾ ബാഴ്സയ്ക്ക് സെമി ബെർത്ത് എന്ന് ഉറപ്പിച്ച് പറഞ്ഞവർക്കുള്ള മറുപടി കൂടെയായിരുന്നു ഇന്നലത്തെ റോമ ജയം. 1984ന് ശേഷമുള്ള ആദ്യ സെമി ഫൈനൽ എന്ന നേട്ടം റോമയുടെ പൊരുതാനുള്ള മനോഭാവത്തിനുള്ള അംഗീകാരമായി തന്നെ കണക്കാക്കണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial