ശക്തർക്ക് മുന്നിൽ ശക്തി ചോർന്ന് റയൽ മാഡ്രിഡ്, ഉക്രൈൻ ക്ലബിന് ചരിത്ര വിജയം

Img 20201022 000825
- Advertisement -

ചാമ്പ്യൻസ് ലീഗിൽ അത്ഭുതങ്ങൾ എല്ലാ വർഷവും കാണുന്നതാണ്. ഈ വർഷത്തെ ആദ്യ അട്ടിമറി ഉക്രൈൻ ചാമ്പ്യന്മാരായ ശക്തറിന്റെ വക ഇന്ന് ലഭിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ക്ലബായ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ഇന്ന് ശക്തറിനായി. ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ശക്തറിന്റെ വിജയം.

ആദ്യ പകുതിയിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിട്ട് നിൽക്കാൻ ശക്തർക്ക് ഇന്നായിരുന്നു. അവിടെ നിന്ന് തിരിച്ചു വരാൻ രണ്ടാം പകുതിയിൽ ആയതു കൊണ്ടാണ് വലിയ നാണക്കേടിൽ നിന്ന് റയൽ മാഡ്രിഡ് രക്ഷപ്പെട്ടത്. അടുത്ത ആഴ്ച എൽ ക്ലാസികോ ഉള്ളത് കൊണ്ട് ബെൻസീമയെയും ക്രൂസിനെയും ബെഞ്ചിൽ ഇരുത്തി ആയിരുന്നു റയൽ കളിക്കാൻ ഇറങ്ങിയത്. പരിക്ക് കാരണം റാമോസും ഉണ്ടായിരുന്നില്ല. ശക്തർ നിരയിൽ ആണെങ്കിൽ പരിക്കും കൊറോണയും കാരണം പത്തോളം സീനിയർ താരങ്ങൾ ഉണ്ടായിരുന്നില്ല

ആദ്യ പകുതിയിൽ മനോഹര അറ്റാക്കിംഗ് പ്രകടനമാണ് ശക്താർ കാഴ്ചവെച്ചത്. 29ആം മിനുട്ടിൽ അവർ അർഹിച്ചത് പോലെ മുന്നിൽ എത്താനും ആയി. 29ആം മിനുട്ടിൽ ടെറ്റെയുടെ വക ആയിരുന്നു ഉക്രൈൻ ക്ലബിന്റെ ആദ്യ ഗോൾ. പിന്നാലെ വരാനെയുടെ സെൽഫ് ഗോൾ ശക്തറിന്റെ ലീഡ് ഇരട്ടിയാക്കി. 42ആം മിനുട്ടിൽ മറ്റൊരു കൗണ്ടർ അറ്റാക്കിൽ സോളമൻ റയലിനെ ഞെട്ടിച്ച് മൂന്നാം ഗോളും നേടി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിൽ.

രണ്ടാം പകുതിയിൽ ബെൻസീമയെ ഇറക്കി സിദാൻ റയലിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. മോഡ്രിചിന്റെ ഒരു ലോകോത്തര നിലവാരമുള്ള ലോങ്റേഞ്ചറിലൂടെ റയലിന്റെ ആദ്യ ഗോൾ വന്നു. 59ആം മിനുട്ടിൽ സബ്ബായി എത്തിയ വിനീഷ്യസ് കളത്തിൽ ഇറങ്ങി 15 സെക്കൻഡ് കൊണ്ട് ശക്തർ വലയിൽ പന്ത് എത്തിച്ചു. 2-3 എന്ന് സ്കോർ. അതിനു ശേഷം റയലിന്റെ തുടരാക്രമണങ്ങൾ ആണ് കളിയിൽ ഉടനീളം കണ്ടത്.

എന്നാൽ പൊരുതു നിക്കാൻ ശക്തറിനായി. അവസാന മിനുട്ടിൽ വാല്വെർദെയിലൂടെ റയൽ ഒരു ഗോൾ നേടി എങ്കിലും വാർ ഓഫ്സൈഡ് കാരണം ആ ഗോൾ നിഷേധിച്ചു. അങ്ങനെ ശക്തർ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് ഇന്ന് സ്വന്തമാക്കി.

Advertisement