മാന്ത്രികം!!! ചരിത്രം!!! റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക്

- Advertisement -

ചരിത്രത്തിൽ ആദ്യമായി ഒരു ടീം തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിരിക്കുന്നു. അതെ, റയൽ മാഡ്രിഡ് വീണ്ടും ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടിരിക്കുന്നു. കീവിൽ നടന്ന കലാശ പോരാട്ടത്തിൽ ലിവർപൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് സിദാനും സംഘവും കിരീടം ഉയർത്തിയത്. റയലിന് വേണ്ടി ഗരത് ബെയ്ൽ രണ്ടു ഗോളുകൾ നേടി.

സിദാൻ നടത്തിയ പെര്ഫെക്ട് സബ്സ്റ്റിറ്റുഷൻ ആണ് മത്സരം റയലിന്റെ വരുതിയിൽ ആക്കിയത്. പകരക്കാരനായി ഇറങ്ങി രണ്ടു ഗോളുകൾ ആണ് ബെയ്ൽ നേടിയത്. മുഹമ്മദ് സലാഹിന്റെയും കാർവാഹലിന്റെയും കണ്ണീർ വീണ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടിയില്ല.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ലിവർപൂൾ ഗോൾ കീപ്പർ കരിയസ് നടത്തിയ മണ്ടത്തരം ഗോളിൽ കലാശിച്ചു. 51ആം മിനിറ്റിൽ കരിയസ് പിടിച്ച പന്ത് നേരെ ബെൻസിമയുടെ കാലിലേക്ക് എത്തിയതോടെ പന്ത് വലയിലേക്ക് തിരിച്ചു വിടുക എന്നത് മാത്രമേ ബെൻസിമയുടെ മുന്നിൽ ഉണ്ടായിരുന്നുള്ളു. എന്നാൽ 55ആം മിനിറ്റിൽ തന്നെ സാഡിയോ മനെയിലൂടെ ലിവർപൂൾ സമനില നേടി. സ്‌കോർ 1-1.

64ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബെയ്ൽ നേടിയ ഒരു ബൈസിക്കിൾ കിക്കിലൂടെ റയൽ ലീഡ് പിടിച്ചെടുത്തു. തുടർന്ന് ലിവർപൂൾ ഗോൾ മടക്കാൻ ശ്രമിക്കുന്നതിനിടെ 83ആം മിനിറ്റിൽ റയലിന്റെ മൂന്നാം ഗോളും പിറന്നു. ബെയ്ലിന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് കരിയസ് തട്ടിയകറ്റാൻ ശ്രമിച്ചു എങ്കിലും വീണ്ടും കൈയിൽ തട്ടി പന്ത് ഉള്ളിലേക്ക് കയറി. 3 ഗോൾ നേടിയ റയൽ അപ്പോഴേക്കും വിജയം ഉറപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement