യുവന്റസിനെ തല്ലി തകർത്ത് റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് കിരീടം

- Advertisement -

യുവന്റസിനെ 4  – 1 പരാജയപ്പെടുത്തി  റയൽ മാഡ്രിഡിന് 12ആം യൂറോപ്യൻ കിരീടം. കളം നിറഞ്ഞ് കളിച്ച റൊണാൾഡോ രണ്ടു ഗോൾ നേടിയപ്പോൾ കാസെമിറോയും അസ്സൻസിയോയും  ഓരോ ഗോൾ വീതം നേടി.  യുവന്റസിന്റെ ഗോൾ മികച്ചൊരു ഓവർ ഹെഡ് കിക്കിലൂടെ മാൻസുകിച്ച് നേടി.  84ആം മിനുറ്റിൽ ക്യൂഡാർഡോ രണ്ടാം മഞ്ഞ കാർഡ്  കണ്ടു പുറത്തു പോയതോടെ യുവന്റസിന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചിരുന്നു.

ഒന്നാം പകുതിയിൽ ഒപ്പത്തിനൊപ്പം പൊരുതുന്ന രണ്ടു ടീമുകളെയാണ് ഗ്രൗണ്ടിൽ കണ്ടത്. ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ആരാധകർക്ക് നല്ലൊരു വിരുന്നായി മത്സരം.  ആക്രമണങ്ങളിൽ നേരിയ മുൻ‌തൂക്കം യുവന്റസിന് ആയിരുന്നെകിലും 20ആം മിനുട്ടിൽ റൊണാൾഡോ ആദ്യ ഗോൾ നേടി മത്സരം റയലിന്റെ വരുതിയിലാക്കി. വലത് ഭാഗത്ത് നിന്ന് കാർവഹാൾ നൽകിയ പാസ് റൊണാൾഡോ ഗോളാക്കുകയായിരുന്നു. മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോൾ നേടുകയെന്ന റെക്കോർഡ് ഇതോടെ റൊണാൾഡോ സ്വന്തമാക്കി. 2008ലും 2004ലും റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടിയിരുന്നു.  27 ആം മിനുട്ടിൽ മാൻസുകിച്ചിലൂടെ യുവന്റസ് മത്സരത്തിലേക്ക് തിരിച്ചു വന്നു. മികച്ചൊരു ഓവർ ഹെഡ് കിക്ക്‌ റയൽ മാഡ്രിഡ് ഗോൾ കീപ്പർ നവാസിന് ഒരു അവസരവും നൽകാതെ വല കുലുക്കി.  ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും സമനില പാലിച്ചിരിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ സർവശക്തിയുമെടുത്ത് കളത്തിലിറങ്ങിയ റയൽ മാഡ്രിഡ് താരങ്ങൾ ചരിത്രം സൃഷ്ട്ടിക്കാൻ ഉറച്ച് തന്നെയായിരുന്നു. രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച റയൽ മാഡ്രിഡ് യുവന്റസിന് കാര്യമായ അവസരങ്ങൾ നൽകിയില്ല.  ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവന്റസിന്റെ നിഴൽ പോലും രണ്ടാം പകുതിയിൽ കണ്ടില്ല.  61ആം മിനുട്ടിൽ അർഹിച്ച ഗോളിലൂടെ റയൽ മാഡ്രിഡ് മുൻപിലെത്തി.  30 വാര നിന്ന് കാസീമിറോ തൊടുത്ത വിട്ട ഷോട്ട് യുവന്റസ് താരം ഖദിരയുടെ കാലിൽ തട്ടി യുവന്റസ് വലയിൽ പതിക്കുകയായിരുന്നു. തൊട്ടടുത്ത മിനുറ്റിൽ തന്നെ മൂന്നാമത്തെ ഗോളും നേടി റയൽ മാഡ്രിഡ് മത്സരം തങ്ങളുടേതാക്കി. വലത് ഭാഗത്ത് നിന്ന്  മോഡ്രിച്ച് പെനാൽറ്റി ബോക്സിലേക് നൽകിയ പാസ് പ്രതിരോധിക്കാൻ യുവന്റസ് പ്രതിരോധം വൈകിയപ്പോൾ ഓടിയെത്തിയ റൊണാൾഡോ യുവന്റസ് ഗോൾ കീപ്പർ ബഫണിനെ നിഷ്പ്രഭമാക്കി റയലിന്റെ മൂന്നാമത്തെ ഗോൾ നേടി.

മൂന്ന് ഗോളിന് പിറകിൽ പോയതോടെ നിരാശരായ യുവന്റസ് താരങ്ങൾ ചെറിയ ഫൗളുകൾക്ക് മുതിർന്നതോടെ റഫറി മഞ്ഞ കാർഡ് കാണിക്കാൻ തുടങ്ങി. ഗ്രൗണ്ടിൽ ഇറങ്ങി 10 മിനുറ്റിനിടെ രണ്ടാം മഞ്ഞ കാർഡ് കണ്ടു ക്യൂഡാർഡോ പുറത്തുപോയതോടെ റയലിന് കാര്യങ്ങൾ എളുപ്പമായി. രണ്ടാമത്തെ മഞ്ഞ കാർഡിനുള്ള ഫൗൾ നിസാരമാണെങ്കിലും റഫറി രണ്ടാമത്തെ മഞ്ഞ കാർഡും ചുവപ്പു കാർഡും കാണിക്കുകയായിരുന്നു.  കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേ അസ്സൻസിയോ റയലിന്റെ നാലാമത്തെ ഗോളും നേടി യുവന്റസിന്റെ പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു.

രണ്ടാം പകുതിയിൽ സിദാന്റെ തന്ത്രങ്ങൾക്കും റൊണാൾഡോയുടെ കളി മികവിനും യുവന്റസിന് മറുപടി ഇല്ലായിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കിരീടം നിലനിർത്തുന്ന ടീം എന്ന റെക്കോർഡ് ഇനി സിദാനും റയൽ മാഡ്രിഡിനും സ്വന്തം. അതെ സമയം ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ ഇതുവരെ മൂന്ന് ഗോൾ മാത്രം വഴങ്ങിയ യുവന്റസ് ഫൈനലിൽ മാത്രം നാല് ഗോൾ വഴങ്ങി കളം വിട്ടതും റയലിന്റെ ശക്തി തെളിയിക്കുന്നതായി. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പ്രകടനത്തോടെ ബല്ലോണ്ടർ പുരസ്‌കാരത്തിന് റൊണാൾഡോ ഒരു പടി കൂടി അടുക്കുകയും ചെയ്‌തു. ഇറ്റലിയുടെയും യുവന്റസിന്റെ വെറ്ററൻ താരം ബഫണിന് ചാമ്പ്യൻസ് ലീഗ് കിട്ടാക്കനിയായി.

Advertisement