റയൽ മാഡ്രിഡിനെ വിറപ്പിച്ച് ക്ലബ് ബ്രൂജ്!!!

ഇന്ന് മാഡ്രിഡിൽ ചാമ്പ്യൻസ് ലീഗിന്റെ മറ്റൊരു ഗംഭീര രാത്രി ആയിരുന്നു. ബെൽജിയത്തിൽ നിന്ന് എത്തിയ ക്ലബ് ബ്രൂജ് വമ്പന്മാരായ റയൽ മാഡ്രിഡിനെ ചെറുതായൊന്നുമല്ല വിറപ്പിച്ചത്. കളി തുടങ്ങി ഒമ്പതു മിനുട്ട് കൊണ്ട് ബെർണബയുവിൽ മുന്നിൽ എത്തിയ ക്ലബ് ബ്രൂജ് ആദ്യ പകുതിയിൽ 2-0 എന്ന സ്കോറിന് മുന്നിൽ. രണ്ട് ഗോളുകളും അടിച്ചത് ഡെന്നിസ്. എന്നിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർമ്മിപ്പിച്ച ആഹ്ലാദവും താരം നടത്തി.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പി എസ് ജിയോട് തോറ്റിരുന്ന റയലിന് ഒരു പരാജയം കൂടെ താങ്ങാൻ ആവില്ലായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ കീപ്പർ കോർതുവയെ സബ് ചെയ്ത് അരിയോളയെ സിദാൻ രംഗത്ത് ഇറക്കി. ഒപ്പം മാർസെലോയെയും സിദാൻ കളത്തിൽ ഇറക്കി. അതിന്റെ ഗുണങ്ങളും കണ്ടു. 55ആം മിനുട്ടിൽ റാമോസിലൂടെ റയലിന്റെ തിരിച്ചടി. 84ആം മിനുട്ടിൽ ക്യാപ്റ്റൻ വോർമർ ചുവപ്പ് കണ്ട് പുറത്തായത് ക്ലബ് ബ്രൂജെയെ കൂടുതൽ പരുങ്ങലിലാക്കി. തൊട്ടടുത്ത മിനുട്ടിൽ കസമേറെയിലൂടെ റയൽ സമനില നേടുകയും ചെയ്തു. എങ്കിലും പത്തുപേരുമായി പൊരുതി സമനിലയിൽ തന്നെ കളി അവസാനിപ്പിക്കാൻ ബെൽജിയൻ ക്ലബിനായി.

Previous article400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി നോർവീജിയൻ താരം
Next articleഷഫാലിയും പൂനം യാദവും തിളങ്ങി, സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യക്ക് ജയം