മാഡ്രിഡിൽ ഒരേ ഒരു രാജാവ് മാത്രം!! ബെൻസീമയുടെ ഹാട്രിക്കിൽ ഹൃദയം തകർന്ന് പി എസ് ജിയുടെ സൂപ്പർ താര നിര പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന വലിയ സ്വപ്നം നടക്കാനാവാതെ ഒരിക്കൽ കൂടെ പി എസ് ജിയുടെ സൂപ്പർ താര നിര പുറത്ത്. ഇന്ന് ബെൻസീമയുടെ ഒറ്റയാൾ പോരാട്ടത്തിന് മുന്നിൽ ഹൃദയം തകർന്നാണ് പി എസ് ജി മാഡ്രിഡ് വിട്ടത്. വെൻസീമയുടെ ഹാട്രിക്കിന് മികവിൽ 3-1ന്റെ വിജയം റയൽ മാഡ്രിഡ് ബെർണബെയുവിൽ നേടി. അഗ്രിഗേറ്റ് സ്കോറിൽ 3-2ന്റെ വിജയം.

ആദ്യ പാദത്തിലെ 1-0ന്റെ ലീഡുമായി മാഡ്രിഡിൽ എത്തിയ പി എസ് ജി തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ഈ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. ഇന്ന് നന്നായി കളി തുടങ്ങിയ റയൽ മാഡ്രിഡ് ആയിരുന്നു. എന്നാൽ പതിയെ പി എസ് ജി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എമ്പപ്പെയും നെയ്മറും മെസ്സിയും നിരന്തരം കോർതോയെ പരീക്ഷിക്കാൻ തുടങ്ങി. 34ആം മിനുട്ടിൽ എമ്പപ്പെ പന്ത് വലയിൽ എത്തിച്ചു എങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. പിന്നാലെ 39ആം മിനുട്ടിൽ എമ്പപ്പെ വീണ്ടും വല കുലുക്കി. ഇത്തവണ ആരും ആ ഗോൾ നിഷേധിക്കാൻ ഉണ്ടായില്ല. നെയ്മറിന്റെ പാസ് സ്വീകരിച്ചായിരുന്നു എമ്പപ്പെയുടെ ഗോൾ. ആദ്യ പാദത്തിലും ഇതേ സഖ്യമായിരുന്നു ഗോൾ നേടിയത്.
20220310 031733
രണ്ടാം പകുതിയിൽ കളിയിലേക്ക് തിരികെ വരാൻ ആതിഥേയരായ റയൽ മാഡ്രിഡ് ശ്രമിച്ചു എങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. രണ്ടാം പകുതിയിലും എമ്പപ്പെ വല കണ്ടെത്തി. അപ്പോഴും ഓഫ്സൈഡ് വില്ലനായി.

60ആം മിനുട്ടിൽ പി എസ് ജി ഗോൾ കീപ്പർ ഡൊണ്ണരുമ്മ റയൽ മാഡ്രിഡിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഡൊണ്ണരുമ്മ ഒരു പന്ത് ബെൻസീമയുടെ പ്രസിംഗിന് മുന്നിൽ നഷ്ടപ്പെടുത്തി. പന്ത് നേരെ ചെന്ന് എത്തിയത് വിനീഷ്യസിന്റെ കാലിൽ‌. താരം പന്ത് മറിച്ച് ബെൻസീമക്ക് തന്നെ നൽകി. ഫ്രഞ്ച് താരം അനായാസം പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-1. അഗ്രിഗേറ്റ് സ്കോർ അപ്പോഴും പി എസ് ജിക്ക് അനുകൂലമായി 2-1.

ബെൻസീമ അടങ്ങിയില്ല. 76ആം മിനുട്ടിൽ ഫ്രഞ്ച് മജീഷ്യന്റെ ബൂട്ടുകൾ വീണ്ടും വല കണ്ടെത്തി. ഇത്തവണ മോഡ്രിചിന്റെ അസിസ്റ്റ്. സ്കോർ 2-1. അഗ്രിഗേറ്റിൽ 2-2. ആ ഗോളൊന്ന് ഓർത്ത് സങ്കടപ്പെടാൻ വരെ പി എസ് ജിക്ക് സമയം കിട്ടിയില്ല. സെക്കൻഡുകൾക്ക് അകം ബെൻസീമ ഹാട്രിക്കും പൂർത്തിയാക്കി. പി എസ് ജിയുടെ സൂപ്പർ താരങ്ങളൊക്കെ സ്തംഭിച്ചു നിന്നു പോയ നിമിഷങ്ങൾ. 78ആം മിനുട്ടിൽ സ്കോർ 3-1. അഗ്രിഗേറ്റിൽ 3-2ന് റയൽ മാഡ്രിഡ് മുന്നിൽ.

ബെൻസീമ കാണിച്ച അത്ഭുതങ്ങളിൽ നിന്നേറ്റ ഞെട്ടലിൽ നിന്ന് തിരികെ വരാൻ പിന്നീട് പി എസ് ജിക്ക് ആയില്ല. അവർ പരാജയം സമ്മതിച്ച് തല കുനിച്ച് ഫൈനൽ വിസിലിൽ കളം വിടുകയായിരുന്നു.