പാരീസും കീഴടക്കി റയൽ മാഡ്രിഡ് കുതിപ്പ്

- Advertisement -

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് കുതിപ്പിന് അവസാനമില്ല. ഇന്ന് പാരീസിൽ പി എസ് ജിയും റയൽ മാഡ്രിഡും ഏറ്റുമുട്ടാൻ ഇറങ്ങുമ്പോൾ ഒരു അത്ഭുതം തന്നെ വേണ്ടിയിരുന്നു പി എസ് ജിക്ക് ക്വാട്ടർ എന്ന സ്വപ്നത്തിൽ എത്താൻ. പക്ഷെ ആ അത്ഭുതമൊന്നും നടത്താൻ സിദാനും സംഘവും അനുവദിച്ചില്ല.

മികച്ച ടാക്ടിക്സിലൂടെ പി എസ് ജിയെ അവരുടെ തട്ടകത്തിൽ പിടിച്ചു കെട്ടിയ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ചാണ് ക്വാർട്ടർ ഉറപ്പിച്ചത്. അഗ്രിഗേറ്റിൽ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയം. ആദ്യ പാദത്തിലെ ഹീറോ ആയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഇന്നും റയലിന്റെ ഗോൾ വേട്ട തുടങ്ങിയത്.

51ആം മിനുട്ടിൽ ലൂകാസ് വാസ്കസിന്റെ ക്രോസ് മികച്ച ഒരു ഹെഡറിലൂടെ വലയിൽ എത്തിച്ചായിരുന്നു റൊണാൾഡോ ഗോൾ. ഈ ചാമ്പ്യൻസ് ലീഗിലെ റൊണാൾഡോയുടെ 12ആം ഗോളായിരുന്നു ഇത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിച്ച 8 മത്സരങ്ങളിൽ റൊണാൾഡോ ഗോൾനേടി‌.

റൊണാൽഡോ ഗോളോടെ തളർന്ന പി എസ് ജിക്ക് 66ആം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട മിഡ്ഫീൽഡർ വെറാട്ടിയേയും നഷ്ടമായി. 71ആം മിനുട്ടിൽ 10 പേരുമായി കളിച്ച പി എസ് ജിയെ കവാനി ഒരു ഗോളിലൂടെ സമനിലയിൽ എത്തിച്ചു. എങ്കിലും 80ആം മിനുറ്റിൽ കസമേരോ റയൽ മാഡ്രിഡ് ജയം ഉറപ്പിച്ചു.

തുടർച്ചയായ എട്ടാം തവണയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement