റെക്കോർഡിട്ട് റൊണാൾഡോ, അപോളിനെ റയൽ ഗോളിൽ മുക്കി

ക്രിസ്ത്യാനോ റൊണാൾഡോ റെക്കോർഡ് സ്വന്തമാക്കിയ മത്സരത്തിൽ റയൽ മാഡ്രിഡിന് അപോളിനെതിരെ എതിരില്ലാത്ത 6 ഗോളുകളുടെ ഭീമൻ ജയം. ല ലീഗെയിൽ ഫോമില്ലാതെ വിഷമിക്കുന്ന റൊണാൾഡോയും ബെൻസീമയും രണ്ടു ഗോളുകൾ വീതം നേടിയ മത്സരത്തിൽ റയലിന്റെ മറ്റു ഗോളുകൾ മോദ്‌റിച്, നാച്ചോ എന്നിവരാണ് നേടിയത്.

കാസെമിറോയെ ബെഞ്ചിൽ ഇരുത്തിയ സിദാൻ മധ്യനിരയിൽ ക്രൂസിനെയും മോദ്‌റിച്ചിനെയും അണിനിരത്തി. യുവ കളികാരനായ അസെൻസിയോക്കും വാസ്‌കേസിനും സിദാൻ ആദ്യ ഇലവനിൽ തന്നെ ഇടം നൽകുകയും ചെയ്തു. മുൻ നിരയിൽ പതിവ് പോലെ റൊണാൾഡോയും ബെൻസീമായും അണിനിരന്നു. മത്സരം തുടങ്ങി 23 ആം മിനുട്ടിൽ മാഡ്രിഡ് മോദ്‌റിച്ചിലൂടെ ലീഡ് നേടി. 39 ആം മിനുട്ടിലാണ് ഫോം ഇല്ലാതെ വിഷമിക്കുന്ന ബെൻസീമയുടെ മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ക്രൂസിന്റെ പാസിൽ നിന്നാണ് ബെൻസീമ ഗോൾ നേടിയത്. 41 ആം മിനുട്ടിൽ വരാനിന്റെ പാസ് വലയിലാക്കി നാച്ചോ റയലിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. ആദ്യ പകുതി പിരിയുന്നതിന് തൊട്ട് മുൻപേ റൊണാൾഡോയുടെ പാസ്സ് വലയിലാക്കി ബെൻസീമ റയലിന്റെ ലീഡ് നാലാക്കി. ല ലീഗെയിൽ ഇതുവരെ 1 ഗോൾ മാത്രം നേടിയ ബെൻസീൻമായുടെ ആത്മവിശ്വാസം ഇതോടെ ഉയരുമെന്ന് ഉറപ്പാണ്.

രണ്ടാം പകുതി റൊണാൾഡോയും വിശ്വരൂപം പുറത്തെടുക്കുന്നതാണ് കണ്ടത്. 49 ആം മിനുട്ടിൽ മാർസെലോയുടെ പാസ്സ് ഗോളാക്കി റൊണാൾഡോയും സ്കോർ ഷീറ്റിൽ ഇടം നേടി. ഈ ഗോളോട് കൂടി ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ചാംപ്യൻസ് ലീഗ് ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡും റൊണാള്ഡോ സ്വന്തം പേരിലാക്കി. 2017 ഇൽ 17 ഗോളുകളായ റൊണാൾഡോ 2015 ലെ 16 ഗോളുകൾ എന്ന സ്വന്തം റെക്കോർഡ് തന്നെയാണ് റൊണാൾഡോ തിരുത്തിയത്. 5 മിനിട്ടുകൾക്ക് ശേഷം റൊണാൾഡോ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി റയലിന്റെ ലീഡ്  6 ആക്കി ഉയർത്തി. ലീഡ് 6 ആയതോടെ സിദാൻ ക്രൂസ്, മാർസെലോ, ബെൻസീമ എന്നിവരെ പിൻവലിച്ചു കാബലോസ്, തിയോ ഹെർണാണ്ടസ്, മായൊരാൾ എന്നിവരെ ഇറക്കി. പക്ഷെ പിന്നീട് ഗോൾ ഒന്നും കണ്ടെത്താൻ റയലിന് ആയില്ല.

ജയത്തോടെ 10 പോയിന്റുള്ള റയൽ മാഡ്രിഡ് പക്ഷെ 13 പോയിന്റുള്ള ടോട്ടൻഹാമിന് പിറകിലായി രണ്ടാം സ്ഥാനത്താണ്. അടുത്ത മത്സരം ജയിച്ചാലും റയലിന് ഗ്രൂപ്പ് ചാംപ്യന്മാരാവാൻ സാധിക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒപ്പത്തിനൊപ്പം ഗ്രൂപ്പ് ബി, നോക്ഔട്ടിലേക്കാരെന്ന് അപ്രവചനീയം
Next articleറെക്കോർഡ് ഇട്ട് ബെസികാസ് ആദ്യമായി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ