വെംബ്ലിയിൽ തോറ്റമ്പി റയൽ, നോകൗട്ട് ഉറപ്പിച്ച് സ്പർസ്

ബെർണാബുവിൽ സമനിലയിൽ തളച്ച സ്പർസിനെ അവരുടെ മൈതാനത്ത് തോൽപിക്കാനിറങ്ങിയ സിദാനും കൂട്ടർക്കും പൊചെറ്റിനോയുടെ സ്പർസിന്റെ വക കനത്ത പ്രഹരം. വെംബ്ലിയിൽ സ്വന്തം ആരാധകരെ ആവേഷത്തിലാക്കി ടോട്ടൻഹാം റയലിനെ 3-1 ന് തകർത്തു വിട്ടു.നിലവിലെ  ചാമ്പ്യന്മാർ സ്പർസിന്റെ ആക്രമണത്തിന് മുന്നിൽ പകച്ചപ്പോൾ ടോട്ടൻഹാം ആരാധകർ പോലും പ്രതീക്ഷിക്കാത്ത ജയമാണ് അവർ സ്വന്തമാകിയത്. ഹാരി കെയ്‌നേക്കാൾ അപകടം ഡാലെ അലി വിതച്ച മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും സ്പർസിന് വെല്ലുവിളി ഉയർത്താൻ റയലിന്റെ പേര് കേട്ട ആക്രമണ നിരക്ക് ആയില്ല.

വെംബ്ലിയിൽ ഇസ്കോ, ബെൻസീമ, കാസെമിറോ എന്നിവരെ ആക്രമണ നിരയിൽ അണി നിരത്തിയ സിദാൻ റാമോസിനൊപ്പം നാച്ചോയെ പ്രതിരോധത്തിൽ ഇറക്കി.കളി തുടങ്ങി ഏറെ വൈകാതെ ഡിഫൻഡർ ടോബി ആൾഡർവിൽഡ് പരിക്കേറ്റ് പുറത്തായത് സ്പർസിന് തിരിച്ചടിയായി. പക്ഷെ ആദ്യ പകുതിയിൽ റയൽ പോസഷനിൽ മുന്നിട്ട് നിന്നെങ്കിലും സ്പർസ് ആദ്യ ഗോൾ നേടി. 27 ആം മിനുട്ടിൽ ട്രിപ്പിയറിന്റെ പാസ്സിൽ ഡലെ അലിയാണ് അവരെ മുന്നിൽ എത്തിച്ചത്. ട്രിപ്പിയർ ഓഫ് സൈഡ് ആണെന്ന് റയൽ താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് കളത്തിൽ ഇറങ്ങിയത്.  രണ്ടാം പകുതിയിൽ റയലിന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ച റയൽ ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് പിന്നീട് ടോട്ടൻഹാം നടത്തിയത്. 56 ആം മിനുട്ടിൽ അലി വീണ്ടും റയലിന്റെ വല കുലുക്കി. റയൽ രണ്ടു ഗോളുകൾക്ക് പിന്നിലായെങ്കിലും അര മണിക്കൂറിലേറെ ബാക്കിയിരിക്കെ തിരിച്ചു വരവ് സാധ്യമാണെന്ന് തോന്നിയെങ്കിലും റയലിന്റെ പ്രതിരോധത്തിലെ പിഴവ് തുറന്നു കാട്ടി സ്പർസ് മൂന്നാം ഗോളും നേടുന്ന കാഴ്ചയാണ് വെംബ്ലിയിൽ കണ്ടത്. ഇത്തവണ മികച്ച മുന്നേറ്റത്തിലൂടെ ഹാരി കെയ്ൻ നൽകിയ പാസ്സിൽ ക്രിസ്ത്യൻ എറിക്സൻ റയലിന്റെ വലയിലേക്ക് സ്പർസിന്റെ മൂന്നാം ഗോളും അടിച്ചു കയറ്റി. 74 ആം മിനുട്ടിൽ സിദാൻ ബെൻസീമയെയും ഇസ്‌കോയെയും പിൻവലിച് അസെൻസിയോയെയും ബോയ മായൊരാലിനെയും കളത്തിലിറക്കി. ഇതിനിടെ കെയ്നെ പിവലിച്ച പോചെട്ടിനോ യോറന്റെയെയും ഇറക്കി. 80 ആം മിനുട്ടിലാണ് റയലിന്റെ മാനം കാത്ത ആശ്വാസ ഗോൾ പിറന്നത്. ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഗോൾ നേടിയത്. പക്ഷെ പിന്നീടുള്ള പത്ത് മിനുറ്റ് സ്പർസ് മികച്ച രീതിയിൽ പ്രതിരോധിച്ചതോടെ റയലിനെതിരെ സ്പർസിന്റെ ചരിത്രത്തിലെ ആദ്യ ജയം പോചെറ്റിനോയും സംഘവും ഉറപ്പിച്ചു. ല ലീഗെയിൽ മോശം ഫോമിലുള്ള സിദാനും സംഘത്തിനും ഈ തോൽവി സമ്മർദ്ദം സൃഷ്ടിക്കും എന്നുറപ്പാണ്.

ജയത്തോടെ 10 പോയിന്റുള്ള ടോട്ടൻഹാം ഗ്രൂപ്പിൽ ഒന്നാമതും 7 പോയിന്റുള്ള റയൽ രണ്ടാം സ്ഥാനതുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി പ്രകാശനം നവംബർ നാലിന്
Next articleറെക്കോർഡിട്ട് അഗ്യൂറോ, സിറ്റി കുതിപ്പ് തുടരുന്നു