
ഗാരത് ബെയിലും റൊണാൾഡോയും തിരിച്ചു വരുന്നതോടെ ശ്കതരാവുന്ന റയൽ മാഡ്രിഡ് ഇന്ന് നാപ്പോളിയെ നേരിടും. ആദ്യ പാദത്തിൽ നേടിയ 3 – 1 ന്റെ വിജയം റയലിന് ക്വാർട്ടർ ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കും. പക്ഷെ നാപ്പോളി നേടിയ എവേ ഗോൾ നിർണായകമാണ്. ആദ്യ പാദത്തിൽ ലോറെൻസോ ഇൻസൈൻ നേടിയ ഗോളിൽ പിന്നിലായ റയൽ ബേനസീമയുടെയും ടോണി ക്രൂസിന്റെയും കാസെമിറേയുടെയും ഗോളിൽ 3 – 1 നു വിജയം പിടിച്ചെടുക്കുകയായിരുന്നു.
ലാ ലീഗായിൽ ഈബേറിനെതിരെ വിശ്രമം അനുവദിച്ച ക്രൂസ്, ഡാനി കാർവഹാൾ, മാഴ്സെലോ എന്നിവർ ടീമിൽ തിരിച്ചെത്തും. പരിക്ക് മൂലം റോമക്കെതിരെയുള്ള മത്സരത്തിൽ സബ് സ്റ്റിട്യൂട് ആയ മെർറ്റൻസ് നാപ്പോളിക്കു വേണ്ടി കളിക്കുമെന്ന് കോച്ച് മൗറിസിയോ സാരി സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യ പാദത്തിൽ ബയേണിനോട് ഏറ്റ കനത്ത പരാജയത്തിൽ നിന്നും കര കയറാൻ ആഴ്സണൽ. അലൈൻസ് അറീനയിൽ നടന്ന ആദ്യ പാദത്തിൽ ഞെട്ടിക്കുന്ന തോൽവിയാണു ആഴ്സണൽ ഏറ്റുവാങ്ങിയത്. 5 -1 നാണ് അന്ന് ബയേൺ ആഴ്സനലിനെ തകർത്തത്. 2010നു ശേഷം ആദ്യമായി ക്വാർട്ടർ ഫൈനൽ കാണാൻ ആഴ്സണലിന് അമാനുഷികമായ പ്രകടനം നടത്തേണ്ടി വരും. അതെ സമയം ബയേണിന് കാര്യങ്ങൾ എളുപ്പമാണ്. കുറഞ്ഞത് നാല് ഗോളെങ്കിലും നേടാതെ ആഴ്സണലിന് ക്വാർട്ടർ ഫൈനൽ സ്വപ്നം കാണാൻ പറ്റില്ല. പ്രീമിയർ ലീഗിൽ ലിവര്പൂളിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് ആഴ്സണൽ ബയേൺ മ്യൂണിക്കിനെ നേരിടാൻ ഇറങ്ങുന്നത്.
ലിവർപൂളിനെതിരെ ആദ്യ പതിനൊന്നിൽ ഇടം കിട്ടാതിരുന്ന സാഞ്ചസ് ഇന്ന് ആദ്യ പതിനൊന്നിൽ ഉണ്ടാവും. സാഞ്ചസിന് ആദ്യ പതിനൊന്നിൽ സ്ഥാനം ഇല്ലാത്തതിനെ ചുറ്റി പറ്റിയുള്ള വിവാദങ്ങൾ ഇതുവരെ തീർന്നിട്ടില്ല. ട്രെയിനിങ് ഗ്രൗണ്ടിൽ ഉണ്ടായ പ്രെശ്നങ്ങളാണ് സാഞ്ചസിനു ആദ്യ പതിനൊന്നിൽ സ്ഥാനം നഷ്ടമാക്കിയത് എന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ ആർസെൻ വെങ്ങർ ഇത് നിഷേധിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്നു ഓസിൽ ഇത്തവണയും ടീമിൽ ഉണ്ടാവില്ല. ആരോൺ റാംസി ആദ്യ പതിനൊന്നിൽ ഇടം പിടിക്കാനും സാധ്യതയുണ്ട്.
കോലോഗിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ വിശ്രമം കൊടുത്ത ഹമ്മെൽസ്, റോബൻ, റിബറി, അലോൺസോ എന്നിവർ ബയേൺ നിരയിൽ തിരിച്ചെത്തും.