1393104652

അലെക്സ്യ പുട്ടയസ് കളത്തിലേക്ക് തിരിച്ചെത്തുന്നു

നീണ്ട ഒൻപത് മാസത്തെ ഇടവേളക്ക് ശേഷം അലെക്സ്യ പുട്ടെയസ് കളത്തിലേക്ക് തിരിച്ചെത്തുന്നു. അടുത്ത ദിവസം ചെൽസിക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള ബാഴ്‌സലോണ ടീമിൽ താരത്തെ ഉൾപ്പെടുത്തി. താരത്തിന് മെഡിക്കൽ ഗ്രീൻ ലൈറ്റ് ലഭിച്ചതായി ടീം അറിയിച്ചു. പരിക്ക് ഭേദമായി തുടങ്ങിയതോടെ കഴിഞ്ഞ വാരങ്ങളിൽ ബാലൻ ഡിയോർ ജേതാവ് പരിശീലനം പുനരാരംഭിച്ചിരുന്നു. എങ്കിലും ചെൽസിക്കെതിരെ താരം കളത്തിൽ ഇറങ്ങാൻ സാധ്യത വളരെ കുറവാണ്.

സെമി ഫൈനൽ ആദ്യ പാദത്തിൽ ഏക ഗോൾ ജയം നേടിയ ബാഴ്‌സ രണ്ടാം പാദത്തിൽ ചെൽസിയെ സ്വന്തം തട്ടകത്തിൽ വരവേൽക്കും. അലെക്സ്യയുടെ പിച്ചിലേക്കുള്ള തിരിച്ചു വരവ് ദൃതിയിലേക്ക് കോച്ച് ഹിറാൽഡസ് ചൂണ്ടിക്കാണിച്ചു. “മത്സരത്തിന് മുന്നോടി ആയുള്ള അവസാന പരിശീലന സെഷനിൽ മാത്രമേ ഇതിനെ കുറിച്ചു തീരുമാനം എടുക്കൂ”, അദ്ദേഹം പറഞ്ഞു. ചെൽസിക്കെതിരായ ടീമിൽ ലൂസി ബ്രോൺസ് ഒഴികെ ബാക്കി എല്ലാ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. മുട്ടിന് പരിക്കേറ്റ ബ്രോൺസ് വിശ്രമത്തിൽ ആണ്. സീസണിനിടയിൽ ഒരിടക്ക് നിരവധി താരങ്ങൾ പരിക്കേറ്റ ശേഷം ഇപ്പൊൾ പൂർണ സജ്ജമായ ബാഴ്‌സ തുടർച്ചയായ ചാമ്പ്യൻസ് ലീഗ് ഫൈനലിന് തന്നെയാണ് ഉറ്റു നോക്കുന്നത്.

Exit mobile version