ബാഴ്‌സലോണയെ തകർത്ത് പി എസ് ജി

പ്രണയ ദിനത്തിൽ കമിതാക്കളുടെ നഗരത്തിൽ ബാഴ്സലോണയെ കാത്തിരുന്നത് അക്ഷരാർത്ഥത്തിൽ ഒരു ദുസ്വപ്നം തന്നെയായിരുന്നു. ഫ്രഞ്ച് ചാമ്പ്യന്മാർക്കെതിരെ 4-0 ത്തിൻ്റെ കനത്ത തോൽവിയാണ് ബാഴ്സ ഏറ്റ് വാങ്ങിയത്. തുടക്കം മുതലെ മികച്ച് നിന്ന പി.എസ്.ജി മികച്ച ടീം പ്രകടനത്തിലൂടെയാണ് ബാഴ്സയെ തകർത്തത്. സെവിയ്യ പരിശീലകനായി ബാഴ്സയെ നേരിട്ട പരിചയസമ്പത്തുള്ള ഉനയ് എമറെയുടെ തന്ത്രങ്ങളാണ് ബാഴ്സയെ പൂട്ടിയത്. പ്രമുഖതാരങ്ങളെ പരിക്ക് മൂലം നഷ്ടമായിട്ടും സ്വപ്ന സമാനമായ പ്രകടനമാണ് പി.എസ്.ജി പാരിസിൽ പുറത്തെടുത്തത്. ഇനി ബാഴ്സക്ക് അടുത്ത റൗണ്ട് കാണാൻ രണ്ടാം പാദത്തിൽ വലിയ അത്ഭുതം തന്നെ സംഭവിക്കണം. 2007 നു ശേഷം ഇത് വരെ ബാഴ്സ ചാമ്പ്യൻസ് ലീഗിൽ ക്വാട്ടർ ഫൈനൽ കാണാതെ പുറത്തായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മെസ്സി, സുവാരസ്, ഇനിയെസ്റ്റ അടക്കം എല്ലാവരും നിറം മങ്ങിയപ്പോൾ നെയ്മർ മാത്രമാണ് ബാഴ്സക്കായി ലേശമെങ്കിലും പൊരുതി നോക്കിയത്. മറുവശത്ത് ജന്മദിനമാഘോഷിക്കുന്ന രണ്ട് പി.എസ്.ജി താരങ്ങളായ ഡി മരിയയും കവാനിയും തങ്ങളുടെ ദിനം ഗോളുകളോടെ ഗംഭീരമാക്കുകയായിരുന്നു. ട്രാക്സ്റെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായി ഗോളാക്കി മാറ്റിയ ഡി മരിയയാണ് 18 മിനിറ്റിൽ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. 40 മിനിറ്റിൽ മികച്ച പ്രത്യാക്രമണത്തിലൂടെ ക്ലബിനായുള്ള തൻ്റെ ചാമ്പ്യൻസ്‌ ലീഗ് അരങ്ങേറ്റവും ഗോളടിച്ച് ഗംഭീരമാക്കിയ ട്രാക്സ്ലർ ബാഴ്സയെ ഞെട്ടിച്ചു. രണ്ടാം പകുതിയിൽ അക്രമിച്ച് തന്നെ തുടങ്ങിയ പി.എസ്.ജി 54 മിനിറ്റിൽ ഡി മരിയയുടെ മറ്റൊരു മനോഹരമായ ഗോളോടെ ജയം ഉറപ്പിക്കുകയായിരുന്നു. പിന്നീട് മറ്റൊരു പ്രത്യാക്രമണത്തിലൂടെ കവാനി കോളം തികച്ചപ്പോൾ ബാഴ്സക്ക് ഒരു മറുപടിയുമുണ്ടായിരുന്നില്ല.

നിരവധി അവസരങ്ങൾ തുറന്ന പി.എസ്.ജി ബാഴ്സ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു കൊണ്ടേയിരുന്നു. തിയോഗ സിൽവയുടെ അഭാവത്തിൽ മാർക്വേനിയസിൻ്റെ നേതൃത്വത്തിൽ ബാഴ്സ മുന്നേറ്റത്തെ തളച്ച പി.എസ്.ജി പ്രതിരോധവും തിയോഗ മോട്ടയുടെ അഭാവം മധ്യനിരയെ അറിയിക്കാത്ത മാർകോ വെറാറ്റി, റാബിയറ്റ് എന്നിവരും പി.എസ്.ജി ജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. ആദ്യ പകുതിയിൽ ആന്ദ്ര ഗോമസിന് ലഭിച്ച അവസരവും രണ്ടാം പകുതിയിൽ ഉമിറ്റിയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയതും മാത്രമാണ് ബാഴ്സയ്ക്ക് പറയാനുണ്ടായിരുന്നത്. പ്രതിരോധം മറന്ന ടീമിൻ്റെ ഈ നിറം മങ്ങിയതും നാണകെട്ടതുമായ പ്രകടനം ബാഴ്സ പരിശീലകൻ ലൂയിസ് എൻറിക്വെക്ക് മേൽ കൂടുതൽ സമ്മർദ്ദം നൽകും. മാർച്ച് 8 ന് ന്യൂ കാമ്പിൽ നടക്കുന്ന രണ്ടാം പാദം ഇതോടെ പ്രവചനാധീതമായി.

ഇന്ന് തന്നെ നടന്ന മറ്റൊരു പ്രീ ക്വാട്ടർ മത്സരത്തിൽ ജർമ്മൻ വമ്പന്മാരായ ബൊറുസ്സിയ ഡോർട്ട്മുണ്ടിനെ പോർച്ചുഗീസ് ടീം ബെനിഫിക്ക 1-0 ത്തിനു അട്ടിമറിച്ചു. മോശം ഫോം തുടരുന്ന തോമസ് തുച്ചലിൻ്റെ ടീമിനെതിരെ മികച്ച പ്രകടനമാണ് ബെനഫിക്ക പുറത്തെടുത്തത്. സൂപ്പർ താരം ആമബയാഗ് പെനാൾട്ടി പാഴാക്കിയ മത്സരത്തിൽ 1-0 ത്തിനാണ് ഡോർട്ട്മുണ്ട് തോറ്റത്. പെനാൾട്ടിയടക്കം ഡോർട്ട്മുണ്ടിൻ്റെ പല മുന്നേറ്റങ്ങളും തടഞ്ഞ ബെനഫിക്ക ഗോൾ കീപ്പർ എഡേർസണാണ് ബെനഫിക്ക ജയത്തിൽ നിർണ്ണായകമായത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ പിറന്ന ഗോളാണ് മത്സരത്തിൻ്റെ വിധി എഴുതിയത്. മാർച്ച് 8 നു സിഗുനൽ ഇഡുന പാർക്കിലാണ് പ്രീ ക്വാട്ടർ രണ്ടാം പാദം അരങ്ങേറുക.