പാരീസിൽ ഗോൾ മഴ തീർത്ത് പി എസ് ജി, സെൽറ്റിക്കിനെ തോൽപിച്ചത് 7-1 ന്

- Advertisement -

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ഗോൾ റെക്കോർഡ് തകർത്ത പി എസ് ജി ക്ക് സെൽറ്റിക്കിനെതിരെ ഭീമൻ ജയം. 7-1 നാണ് ഫ്രഞ്ച് ഭീമന്മാർ സെൽറ്റിക്കിന്റെ കഥ തീർത്തത്. ജയത്തോടെ 15 പോയിന്റുള്ള പാരീസ് തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്.

പി എസ് ജി യെ ഞെട്ടിച്ചാണ് സെൽറ്റിക് കളി തുടങ്ങിയത്. ആദ്യ മിനുട്ടിൽ തന്നെ മൂസ ഡെമ്പലയിലൂടെ സെൽറ്റിക്ക് പാരീസ് വല കുലുക്കി. പക്ഷെ അവരുടെ ലീഡിന് അധിക നേരം ആയുസ്സ് ഉണ്ടായിരുന്നില്ല. 9 ആം മിനുട്ടിൽ അഡ്രിയാൻ റാബിയോട്ടിന്റെ പാസ്സ് വലയിലാക്കി നെയ്മർ പി എസ് ജി യുടെ സമനില ഗോൾ കണ്ടെത്തി. പിന്നീടങ്ങോട്ട് പി എസ് ജി യുടെ ആക്രമണ നിര സെൽറ്റിക്കി ന്റെ കഥ കഴിക്കുന്നതാണ് കണ്ടത്. 22 ആം മിനുട്ടിൽ വെരാട്ടിയുടെ പാസ്സ് ഗോളാക്കി നെയ്മർ മത്സരത്തിലെ രണ്ടാം ഗോൾ നേടി പി എസ് ജി യെ മുന്നിലെത്തിച്ചു. ഏറെ വൈകാതെ 28 ആം മിനുട്ടിൽ കവാനിയും ഗോൾ നേടി, ഇത്തവണ അസിസ്റ്റ് നൽകിയാണ് നെയ്മർ ഗോളിൽ പങ്കാളിയായത്. 35 ആം മിനുട്ടിൽ ആക്രമണ നിരയിലെ മൂന്നാമൻ കിലിയൻ എംബാപ്പയും ഗോൾ നേടിയതോടെ ആദ്യ പകുതിക്ക് മുൻപേ തന്നെ ബ്രെണ്ടൻ റോഡ്‌ജെഴ്സിന്റെ ടീം തോൽവി ഉറപ്പിച്ചു.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. രണ്ടാം പകുതിയിൽ പക്ഷെ അധികം ആക്രമണത്തിന് മുതിരാതെയാണ് പി എസ് ജി കളിച്ചത്‌. മത്സരം ഒരു മണിക്കൂർ പിന്നിട്ടതോടെ പി എസ് ജി പരിശീലകൻ പാസ്റ്റോറെ, ഡി മരിയ, ലോ സെൽസോ എന്നിവരെ ഇറക്കി. മ്പാപ്പെ, വെരാട്ടി, ഡ്രാക്സലർ എന്നിവരെയാണ് പിൻ വലിച്ചത്. മടങ്ങുന്നതിന് മുൻപ് വെരാട്ടി ഗോൾ നേടിയതോടെ സ്കോർ 5-1 ആയി. പിന്നീട് എഡിസൻ കവാനിയും, ഡാനി ആൽവസും ഗോൾ നേടി പി എസ് ജി യുടെ ഗോൾ നേട്ടം 7 ആയി.

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ ഇതുവരെ 23 ഗോളുകൾ നേടിയ പി എസ് ജി പുതിയ റെക്കോർഡ് സൃഷ്ടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement