മെസ്സിയെ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെ!! ഇഞ്ച്വറി ടൈമിൽ പി എസ് ജി റയൽ മാഡ്രിഡിനെ മുട്ടുകുത്തിച്ചു

ലയണൽ മെസ്സിയെ ഒരു വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെയുടെ ബ്രില്യൻസ്. ഇന്ന് നടന്ന
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയലിനെ പാരീസിൽ വെച്ച് നേരിട്ട പി എസ് ജിക്ക് ഇഞ്ച്വറി ടൈമിൽ വിജയം. ലയണൽ മെസ്സി പെനാൾട്ടി നഷ്ടമാക്കിയ മത്സരത്തിൽ 94ആം മിനുട്ടിലെ എമ്പപ്പെ ഗോളാണ് പി എസ് ജിക്ക് വിജയം നൽകിയത്.

പാരീസിൽ തീപാറും പോരാട്ടം ഒക്കെയാണ് പ്രതീക്ഷിച്ചത് എങ്കിലും തുടക്കം മുതൽ ഇരുടീമുകളും കരുതലോടെ കളിക്കുന്നതാണ് ഇന്ന് കണ്ടത്. ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് തീർത്തും ഡിഫൻസിൽ ഊന്നിയാണ് കളിച്ചത്. അതുകൊണ്ട് തന്നെ പി എസ് ജിക്ക് അധികം അവസരങ്ങളും സൃഷ്ടിക്കാൻ ആയില്ല. ആദ്യ പകുതിയിൽ ആകെ ഒരു ഷോട്ട് ആണ് ടാർഗറ്റിലേക്ക് തൊടുക്കാൻ പി എസ് ജിക്ക് ആയത്. റയലിന് ആണെങ്കിൽ അതും ഇല്ല.

20220216 025826

അഞ്ചാം മിനുട്ടിൽ വലതു വിങ്ങിലൂടെ മുന്നേറിയ എമ്പപ്പെ നൽകിയ പാസ് ഡിമറിയക്ക് നല്ല അവസരം നൽകി എങ്കിലും താരത്തിന്റെ ഷോട്ട് ഗോൾ പോസ്റ്റിനും വളരെ മുകളിലൂടെ പറന്നു. 17ആം മിനുട്ടിൽ ആണ് ഷോട്ട് ഓൺ ടാർഗറ്റ് വന്നത്. ഇത്തവണ എമ്പപ്പെയുടെ ഷോട്ട് കോർതോ സമർത്ഥമായി തടഞ്ഞു.

രണ്ടാം പകുതിയിൽ കുറച്ച് കൂടെ ആക്രമിച്ച് കളിക്കാൻ തീരുമാനിച്ച പി എസ് ജി തുടക്കത്തിൽ തന്നെ നല്ല അവസരം സൃഷ്ടിച്ചു. പക്ഷെ വീണ്ടും എമ്പപ്പെയുടെ ഷോട്ട് കോർതോ തന്നെ തടഞ്ഞു. അവസാനം 60ആം മിനുട്ടിൽ എമ്പപ്പെ പി എസ് ജിയുടെ രക്ഷയ്ക്ക് എത്തി. എമ്പപ്പെയെ കാർവഹാൽ വീഴ്ത്തിയതിന് പെനാൾട്ടി ലഭിച്ചു. പെനാൾട്ടി എടുത്തത് ലയണൽ മെസ്സി. അപ്പോഴും കോർത്തോയെ തോൽക്കാൻ തയ്യാറായില്ല. മെസ്സിയുടെ പെനാൾട്ടി കിക്ക് ബെൽജിയൻ കീപ്പർ തടഞ്ഞു. മെസ്സിയുടെ ബാഴ്സലോണ വിട്ട ശേഷം ഉള്ള കഷ്ടകാലം തുടരുന്ന കാഴ്ച.

ഗോൾ കണ്ടെത്താൻ ആവാത്തതോടെ പി എസ് ജി നെയ്മറിനെ കളത്തിൽ ഇറക്കി, റയൽ മാഡ്രിഡ് റോഡ്രിഗോയെയും രംഗത്ത് ഇറക്കി. നെയ്മറിന്റെ വരവ് പി എസ് ജി അറ്റാക്കിന് വേഗം കൂട്ടി. അവസാനം നെയ്മറിന്റെ ഒരു സ്കില്ലിൽ 94ആം മിനുട്ടിൽ പന്ത് എമ്പപ്പെയിൽ എത്തി. പിന്നാലെ വിജയ ഗോൾ. റയൽ മുട്ടുകുത്തി.

ഇനി രണ്ടാം പാദത്തിൽ പി എസ് ജിയെ മാഡ്രിഡിൽ വെച്ച് കീഴ്പ്പെടുത്തിയാലെ റയലിന് ക്വാർട്ടർ കാണാൻ ആകു.