ടൂറിനിലും പി എസ് ജി യുവന്റസിനെ വീഴ്ത്തി, പക്ഷെ രണ്ടാം സ്ഥാനം മാത്രം

യുവന്റസിനെ ടൂറിനിൽ ചെന്ന് തോൽപ്പിച്ച് കൊണ്ട് പി എസ് ജി അവരുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഞ്ഞ്നെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു പി എസ് ജിയുടെ വിജയം. ഇന്നലെ മത്സരം ആരംഭിച്ച് 13 മിനുട്ടുകൾക്ക് അകം പി എസ് ജി എംബപ്പെയിലൂടെ ലീഡ് എടുത്തു. ലയണൽ മെസ്സി നൽകിയ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഒരു ഷോട്ടിലൂടെ ആയിരുന്നു എംബപ്പെ ലീഡ് എടുത്തത്.

പി എസ് ജിPicsart 22 11 03 07 24 21 968

ഈ ഗോളിന് യുവന്റസ് 39ആം മിനുട്ടിൽ ബൊണൂചിയിലൂടെ മറുപടി പറഞ്ഞു. കൊഡ്രാഡോയുടെ ഒരു ഗോൾ ശ്രമം ഡൊണ്ണരുമ്മ തടഞ്ഞു എങ്കിലും അത് ബൊണൂചിയിലൂടെ ഗോളായി മാറുക ആയിരുന്നു.

69ആം മിനുട്ടിൽ ഫുൾബാക്ക് നുനോ മെൻഡസ് ആണ് പി എസ് ജിക്ക് വിജയ ഗോൾ നൽകിയത്. എംബപ്പെയുടെ അസിസ്റ്റിൽ നിന്ന് ആയിരുന്നു ഈ ഗോൾ.

ഈ വിജയത്തോടെ പി എസ് ജിക്ക് ഗ്രൂപ്പിൽ 14 പോയിന്റ് ആയി. പി എസ് ജി പക്ഷെ രണ്ടാം സ്ഥാനത്താണ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. ബെൻഫിക ആണ് ഒന്നാമത്. യുവന്റസ് 3 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിന്നു.

ബെൻഫിക പി.എസ്.ജിയെ എവേ മത്സരങ്ങളുടെ ഗോളുകളുടെ ബലത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുക ആയിരുന്നു. ഗ്രൂപ്പിൽ പാരീസിനും പോർച്ചുഗീസ് ക്ലബിനും ഒരേ പോയിന്റുകളും ഗോൾ വ്യത്യാസവും ആയിരുന്നു. മകാബി ഹൈഫയെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ ആറു ഗോളുകൾക്ക് തോൽപ്പിക്കാൻ ആയത് ആണ് ബെൻഫിക്കക്ക് തുണയായത്.