അവിസ്മരണീയം!! ഇഞ്ച്വറി ടൈമിൽ അറ്റലാന്റയുടെ ഹൃദയം തകർത്ത് പി എസ് ജി ചാമ്പ്യൻസ് ലീഗ് സെമിയിൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ലിസ്ബണിൽ നടന്ന ക്വാർട്ടർ ഫൈനലിൽ കണ്ടത് ഒരു ചാമ്പ്യൻസ് ലീഗ് ക്ലാസിക്കായിരുന്നു. അറ്റാക്കിംഗ് ഫുട്ബോൾ കൊണ്ട് പേരെടുത്ത അറ്റലാന്റയും ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയും നേർക്കുനേർ വന്ന ക്വാർട്ടർ ഫൈനൽ അത്രയ്ക്ക് ആവേശം നിറഞ്ഞതായിരുന്നു. ഇഞ്ച്വറി ടൈം വരെ ഒരു ഗോളിന് പിന്നിട്ട് നിന്ന് പി എസ് ജി രണ്ട് ഇഞ്ച്വറി ടൈം ഗോളുകളുടെ ബലത്തിൽ 2-1ന് വിജയിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.

ഇന്ന് ആക്രമണ ഫുട്ബോളുമായാണ് രണ്ട് ടീമുകളും മത്സരം ആരംഭിച്ചത്. ആദ്യ മിനുട്ടുകളിൽ തന്നെ രണ്ട് ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചു. അറ്റലാന്റയുടെ അവസരം പി എസ് ജി കീപ്പർ കെയ്ർ നവാസ് തടഞ്ഞു. മറുവശത്ത് നെയ്മറിന് കിട്ടിയ രണ്ട് സുവർണ്ണാവസരങ്ങൾ ആണ് താരം പുറത്തടിച്ചു കളഞ്ഞത്.

മത്സരത്തിന്റെ 27ആം മിനുട്ടിൽ ആണ് പി എസ് ജിയെ ഞെട്ടിച്ച ഗോൾ അറ്റലാന്റ നേടിയത്. പസാലിച് ആയിരുന്നു സ്കോറർ‌. പസാലിചിന്റെ സീസണിലെ 12ആം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം അറ്റലാന്റ അവരുടെ പതിവ് ശൈലി മാറ്റി ഡിഫൻസിലേക്ക് തിരിഞ്ഞു. അത് പി എസ് ജിക്ക് ഒരുപാട് അവസരങ്ങൾ നൽകി എങ്കിലും അവസരങ്ങൾ ഒന്നും വലയ്ക്ക് അകത്ത് എത്തിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ എമ്പപ്പെയെയും ടൂഹൽ കളത്തിൽ ഇറക്കി. എമ്പപ്പെയും ലക്ഷ്യം കാണാതെ വിഷമിച്ചു.

പക്ഷെ ഫൈനൽ വിസിൽ വരെ ആ ഒരു ഗോൾ ലീഡിൽ കടിച്ചു തൂങ്ങാൻ അറ്റലാന്റയ്ക്കായില്ല. ഡിഫൻസീവ് തന്ത്രങ്ങൾ ഇഞ്ച്വറി ടൈമിൽ പിഴച്ചു. 90 മിനുട്ട് വരെ ഒരു ഗോളിന് മുന്നിൽ നിന്ന അറ്റലാന്റ ഹൃദയം എക്സ്ട്ര ടൈമിൽ പി എസ് ജി തകർത്തു. ആദ്യം 91ആം മിനുട്ടിൽ മാർക്കിനെസിലൂടെ പി എസ് ജിയുടെ സമനില ഗോൾ. നെയ്മറിന്റെ പാസിൽ നിന്നായിരുന്നു മാർക്കിസനിന്റെ ഫിനിഷ്.

ആ ഞെട്ടൽ മാറും മുമ്പ് 93ആം മിനുട്ടിൽ ചോപോ മോട്ടിങിലൂടെ പി എസ് ജിയുടെ വിജയ ഗോൾ. ചാമ്പ്യൻസ് ലീഗിലെ ഒരു ക്ലാസി തിരിച്ചുവരവ് പൂർത്തിയാക്കി കൊണ്ട് പി എസ് ജി സെമിയിലേക്ക്. പരാജയപ്പെട്ടു എങ്കിലും ആദ്യ ചാമ്പ്യൻസ് ലീഗ് സീസണിൽ തന്നെ ഇതുവരെ എത്താൻ കഴിഞ്ഞതിൽ അറ്റലാന്റയ്ക്ക് അഭിമാനിക്കാം. നാളെ നടക്കുന്ന ലെപ്സിഗും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകു പി എസ് ജി സെമിയിൽ നേരിടുക.