ഒലെയുടെ മാഞ്ചസ്റ്റർ കൊട്ടാരം തകർത്ത് പി എസ് ജി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാനം ഒലെ ഗണ്ണാർ സോൾഷ്യറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം അറിഞ്ഞു. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ആണ് പി എസ് ജി മാഞ്ചസ്റ്റർ യുണൈറ്റഡിനെ വെള്ളം കുടിപ്പിച്ചത്. തോമസ് ടുകലിന്റെ ടാക്ടിക്സിന്റെ ശക്തിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പി എസ് ജി തോൽപ്പിച്ചത്.

നെയ്മർ, കവാനി തുടങ്ങിയ പ്രമുഖർ ഒന്നും ഇല്ലായെങ്കിലും അതിന്റെ കുറവ് ഒന്നും പി എസ് ജി ഇന്ന് കാണിച്ചില്ല. ലിംഗാർഡ്, മാർഷ്യൽ, റാഷ്ഫോർഫ് എന്നീ മാഞ്ചസ്റ്റർ അറ്റാക്കിംഗ് ത്രയത്തെ എങ്ങനെ തടയണമെന്ന ടാക്ടികൽ ക്ലാസായിരുന്നു ആദ്യ പകുതിയിൽ കണ്ടത്. ഗോൾ രഹിതമായി തുടർന്ന പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് നിരയ്ക്ക് ഒന്ന് അനങ്ങാൻ വരെ കഴിഞ്ഞില്ല. മാർകീനസിന് പോഗ്ബയെ മാൻ മാർക്കിങ് ചെയ്യാനുള്ള ചുമതല കൊടുക്കാനുള്ള ടുകലിന്റെ തീരുമാനവും ഇന്ന് ഫലം കണ്ടു.

ആദ്യ പകുതിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് പ്രധാന താരങ്ങൾ പരിക്കേറ്റ് പോയത് ഹോം ടീമിന്റെ താളമാകെ തെറ്റിച്ചു. മാർഷ്യലും ലിങാർഡുമാണ് ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് കളം വിട്ടത്. രണ്ടാം പകുതിയിൽ കളിയുടെ പൂർണ്ണ നിയന്ത്രണം പി എസ് ജി ഏറ്റെടുത്തു. 60 മിനുട്ട് ആകും മുമ്പ് രണ്ട് ഗോളുകൾക്ക് ഓൾഡ്ട്രാഫോർഡിൽ മുന്നിൽ എത്താൻ പി എസ് ജിക്കായി.

ആദ്യം കിമ്പെമ്പെ ആണ് ഒരു കോർണറിൽ നിന്ന് പി എസ് ജിയെ മുന്നിൽ എത്തിച്ചത്. ആ ഗോളിന്റെ ആഘാതം വിട്ടുമാറും മുമ്പ് എമ്പപ്പെയും മാഞ്ചസ്റ്റർ വല കുലുക്കി. അതിനു ശേഷം ആ രണ്ട് ഗോൾ ലീഡ് കാത്തു സൂക്ഷിക്കുന്നതിൽ ആയിരുന്നു പി എസ് ജിയുടെ ശ്രദ്ധ. പി എസ് ജി ഗോൾ കീപ്പർ ബുഫണെ ഒന്ന് പരീക്ഷിക്കാൻ വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. കളിയുടെ അവസാന നിമിഷം പോഗ്ബ ചുവപ്പ് കാർഡ് കാണുകകൂടെ ചെയ്തപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പതനം പൂർത്തിയായി.

രണ്ടാം പാദത്തിൽ പാരീസിൽ ചെന്ന് അത്ഭുതങ്ങൾ കാണിക്കാൻ ഒലെയ്ക്കും ടീമിനും ആയില്ല എങ്കിൽ മാഞ്ചസ്റ്ററിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നം ക്വാർട്ടറിന് മുമ്പ് തന്നെ അവസാനിക്കും.