പോഗ്ബ നയിച്ചു!! മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗംഭീര ജയം

- Advertisement -

പോൾ പോഗ്ബ താരമായ മത്സരത്തിൽ യുണൈറ്റഡിന് വൻ ജയം. സ്വിസ് ചാമ്പ്യന്മാരായ യങ് ബോയ്സിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. മൂന്നു ഗോളിലും തന്റെ പങ്കുമായി പോഗ്ബ തന്നെ ഇന്നത്തെ താരമായി. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഫ്രഞ്ച് മിഡ്ഫീൽഡർ ഇന്ന് സ്വന്തമാക്കിയത്.

കൗണ്ടറുകളിലൂടെ കളി മികച്ച രീതിയിൽ തുടങ്ങിയത് യങ് ബോയ്സ് ആണെങ്കിലും പോഗ്ബയുടെ ആദ്യ ഗോൾ കളി യുണൈറ്റഡിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. 35ആം മിനുട്ടിലായിരുന്നു മികച്ച ഒരു ഫീറ്റിന് ശേഷം പോഗ്ബയുടെ ഇടം കാലൻ സ്ട്രൈക്ക് പിറന്നത്. ഗോൾ കീപ്പർക്ക് തടുക്കാനാവുന്നതിലും മികച്ചതായിരുന്നു പോഗ്ബയുടെ ഷോട്ട്.

ആദ്യ പകുതി അവസാനിക്കും മുമ്പ് ലൂക് ഷോ വിൻ ചെയ്ത പെനാൾട്ടിയും പോഗ്ബ ലക്ഷ്യത്തിൽ എത്തിച്ചു. സീസണിലെ പോഗ്ബയുടെ നാലാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ മാർഷ്യൽ നേടിയ ഗോളിന് വഴിയൊരുക്കാനും പോഗ്ബയ്ക്കായി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് യുവ റൈറ്റ് ബാക്ക് ഡാലോട്ട് അരങ്ങേറ്റം നടത്തി.

Advertisement