ചാമ്പ്യൻസ് ലീഗിൽ 6 ഗോൾ ജയവുമായി അത്ലറ്റികോ മാഡ്രിഡ്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയം കുറിച്ചു അത്ലറ്റികോ മാഡ്രിഡ്. സ്പാർട്ട പ്രാഗിനെ എതിരില്ലാത്ത 6 ഗോളുകൾക്ക് ആണ് സ്പാനിഷ് ക്ലബ് തകർത്തത്. 15 മത്തെ മിനിറ്റിൽ അർജന്റീനൻ താരം ജൂലിയൻ അൽവരസിന്റെ ഫ്രീകിക്ക് ഗോളിലൂടെ ആണ് അത്ലറ്റികോ തങ്ങളുടെ ഗോൾ വേട്ട ആരംഭിച്ചത്. അതുഗ്രൻ ഫ്രീകിക്ക് ഗോൾ ആയിരുന്നു ഇത്.

തുടർന്ന് മാർക്കോസ് യോറന്റെയിലൂടെ ആദ്യ പകുതിയിൽ അവർ 2-0 നു മുന്നിൽ എത്തി. രണ്ടാം പകുതിയിൽ അൽവാരസ് രണ്ടാം ഗോൾ കണ്ടെത്തിയപ്പോൾ പകരക്കാരനായി ഇറങ്ങിയ അന്റോണിയോ ഗ്രീസ്മാൻ ടീമിന്റെ നാലാം ഗോളും നേടി. തുടർന്ന് ഇരട്ടഗോളുകൾ നേടിയ മറ്റൊരു പകരക്കാരൻ അർജന്റീനയുടെ ആഞ്ചൽ കൊറെയ ആണ് അത്ലറ്റികോ ജയം പൂർത്തിയാക്കിയത്. നിലവിൽ ഗ്രൂപ്പ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് അത്ലറ്റികോ ഉയർന്നു.

പെനാൽട്ടി ഗോളിൽ ആഴ്‌സണലിനെ വീഴ്ത്തി ഇന്റർ മിലാൻ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ സീസണിലെ ആദ്യ പരാജയം നേരിട്ടു ആഴ്‌സണൽ. സാൻ സിറോയിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് ഇന്റർ മിലാൻ ജയം കണ്ടത്. തുടക്കത്തിൽ ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ ആഴ്‌സണൽ തിരിച്ചു വരുന്നത് ആണ് ആദ്യ പകുതിയിൽ കണ്ടത്. നിരവധി കോർണറുകൾ നേടിയ ആഴ്‌സണൽ ഇന്റർ പ്രതിരോധം പൊളിക്കാൻ ശ്രമിച്ചു.

എന്നാൽ പാറ പോലെ ഉറച്ചു നിന്ന ഇന്റർ പ്രതിരോധം ഭേദിക്കാൻ ആഴ്‌സണലിന് ആയില്ല. ആദ്യ പകുതിയുടെ അവസാന പകുതിയിൽ മിഖേൽ മെറീനോയുടെ നിർഭാഗ്യപരമായ ഹാന്റ് ബോൾ ഇന്ററിന് പെനാൽട്ടി നൽകി. തുടർന്ന് പെനാൽട്ടി എടുത്ത ഹകൻ ഗോൾ നേടി ഇന്ററിന് മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ വ്യക്തമായ ആധിപത്യവും അവസരങ്ങളും ഉണ്ടാക്കിയെങ്കിലും ഇന്റർ പ്രതിരോധം ഭേദിക്കാൻ ആഴ്‌സണലിന് ആയില്ല.

ചാമ്പ്യൻസ് ലീഗിൽ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി ആസ്റ്റൺ വില്ല

യുഫേഫ ചാമ്പ്യൻസ് ലീഗിൽ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി ആസ്റ്റൺ വില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ 3 മത്സരവും ജയിച്ചു വന്ന വില്ലയെ ബെൽജിയം ക്ലബ് ക്ലബ് ബ്രൂഷെ അവരുടെ മൈതാനത്ത് വെച്ചു എതിരില്ലാത്ത ഒരു ഗോളിന് ആണ് മറികടന്നത്. ബെൽജിയം ക്ലബിന്റെ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ പോസ്റ്റും എമി മാർട്ടിനസും ആണ് ഇംഗ്ലീഷ് ക്ലബിന്റെ രക്ഷക്ക് എത്തിയത്.

എന്നാൽ രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ എമി മാർട്ടിനസ് തട്ടി നൽകിയ ഗോൾ കിക്ക് കയ്യിൽ എടുത്ത മിങ്സിന്റെ നീക്കം ഹാന്റ് ബോൾ ആയി കണ്ട റഫറി ബെൽജിയം ക്ലബിന് പെനാൽട്ടി അനുവദിക്കുക ആയിരുന്നു. തുടർന്ന് വാറും വില്ല പ്രതിഷേധത്തിന് ഇടയിൽ ഇത്‌ പെനാൽട്ടി ആണെന്ന് വിധിച്ചു. തുടർന്ന് പെനാൽട്ടി എടുത്ത ഹാൻസ് വണകൻ ബെൽജിയം ക്ലബിന് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. സമനിലക്ക് ആയുള്ള ഒരവസരവും വില്ലക്ക് തുടർന്ന് ലഭിച്ചില്ല. നിലവിൽ ഗ്രൂപ്പ് പട്ടികയിൽ അഞ്ചാമത് ആണ് വില്ല. മറ്റൊരു മത്സരത്തിൽ യങ് ബോയ്സിനെ 2-1 നു തോൽപ്പിച്ച ശാക്തർ സീസണിലെ ആദ്യ ജയം കുറിച്ചു.

റയലിന് എന്ത് പറ്റി!! എസി മിലാനും മാഡ്രിഡിൽ വന്ന് ജയിച്ചു!!

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്-സ്റ്റേജ് പോരാട്ടത്തിൽ റയൽ മാഡ്രിഡിനെതിരെ എസി മിലാൻ 3-1 ന് തകർപ്പൻ ജയം ഉറപ്പിച്ചു. സമീപ കാലത്തെ റയൽ മാഡ്രിഡിന്റെ മോശം ഫോമിന്റെ തുടർച്ചയാണ് ഇന്നും കാണാൻ ആയത്. റയൽ മാഡ്രിഡ് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബെർണബ്യൂവിൽ തോൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അവർ ബാഴ്സലോണയോടും തോറ്റിരുന്നു.

12-ാം മിനിറ്റിൽ മിലാൻ്റെ മാലിക് തിയാവ് ആണ് സ്‌കോറിംഗ് തുറന്നത്. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഒരു കോർണറിൽ നിന്നായിരുന്നു തിയാവിന്റെ ഗോൾ.

23-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡിന് സമനില നേടാനായി. സ്കോർ 1-1 ലേക്ക് എത്തിച്ചു. എന്നിരുന്നാലും, 39-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ ഗോളിൽ മിലാൻ ഹാഫ്ടൈമിന് മുമ്പ് നിയന്ത്രണം വീണ്ടെടുത്തും

73-ാം മിനിറ്റിൽ ടിജാനി റെയ്ൻഡേഴ്‌സിൻ്റെ ഗോളിൽ മിലാൻ മാഡ്രിഡിൽ നിന്ന് കളി അകറ്റി. സ്കോർ 3-1. റയൽ മാഡ്രിഡ് ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ കളിച്ച 4 മത്സരങ്ങളിൽ 2ഉം പരാജയപ്പെട്ടു നിൽക്കുകയാണ്.

ഡിയസിന് ഹാട്രിക്ക്!! ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ വിജയം തുടരുന്നു, ലെവർകുസനെയും തകർത്തു

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഷോഡൗണിൽ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂൾ ബയേർ ലെവർകൂസനെ 4-0 ന് പരാജയപ്പെടുത്തി, രണ്ടാം പകുതിയിൽ ആണ് നാലു ഗോളുകളും വന്നത്‌. ലൂയിസ് ഡിയസ് ലിവർപൂളിനായി ഹാട്രിക്ക് നേടി.

61-ാം മിനിറ്റിൽ കർട്ടിസ് ജോൺസിൻ്റെ ഉജ്ജ്വലമായ അസിസ്റ്റ് ലൂയിസ് ഡിയാസ് മുതലാക്കി ആണ് ആദ്യ ഗോൾ നേടിയത്. ജോൺസ് കൃത്യമായ ഒരു ത്രൂ-ബോൾ ഡിയാസിൻ്റെ പാതയിലേക്ക് ത്രെഡ് ചെയ്തു, ലെവർകുസൻ്റെ ഗോൾകീപ്പർ ലൂക്കാസ് ഹ്രഡെക്കി ചാർജിംഗ് ഔട്ട് ചെയ്‌തെങ്കിലും, ഡിയാസ് ശാന്തമായി പന്ത് വലയി എത്തിച്ചു.

രണ്ട് മിനിറ്റിനുള്ളിൽ കോഡി ഗാക്‌പോ ലിവർപൂളിൻ്റെ ലീഡ് ഇരട്ടിയാക്കി. വലത് വശത്ത് നിന്ന് മുഹമ്മദ് സലാ ഒരു ക്രോസ് നൽകി, അത് ഹെഡ് ചെയ്ത് ഗാക്‌പോ വലയിൽ എത്തിച്ചു. സ്കോർ 2-0‌. 83ആം മിനുട്ടിലും 92ആം മിനുട്ടിലും വീണ്ടും ഗോളുകൾ നേടിക്കൊണ്ട് ഡിയസ് ഹാട്രിക്ക് പൂർത്തിയാക്കി.

ഈ വിജയത്തോടെ, ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ നാലിൽ നാലും വിജയിച്ച് ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ മാഞ്ചസ്റ്റർ സിറ്റിയെ നാണംകെടുത്തി!!

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ 4-1ൻ്റെ വൻ സ്കോറിൽ സ്പോർട്ടിംഗ് ലിസ്ബൺ മാഞ്ചസ്റ്റർ സിറ്റിയെ കീഴ്പ്പെടുത്തി. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു സ്പോർടിങിന്റെ തിരിച്ചടി. അടുത്ത ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകാൻ പോകുന്ന അമോറിം ആണ് സ്പോർടിംഗിന്റെ പരിശീലകൻ.

പ്രതിരോധ പിഴവ് ഫിൽ ഫോഡൻ മുതലാക്കിയപ്പോൾ മത്സരം തുടങ്ങി നാല് മിനിറ്റിനുള്ളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി. സ്‌പോർടിംഗിൻ്റെ മൊറിറ്റയുടെ കൈവശം പൊസഷൻ നഷ്‌ടപ്പെട്ടു, ഫോഡനെ ലക്ഷ്യത്തിലേക്ക് നയിക്കുകയും ഗോൾകീപ്പർ അൻ്റോണിയോ ആദനെ മറികടന്ന് ഒരു ഷോട്ടടിച്ച് സിറ്റി 1-0ന് മുന്നിലെത്തുകയും ചെയ്തു.

എന്നാൽ സ്‌പോർടിംഗ് 38-ാം മിനിറ്റിൽ സ്പോർടിംഗ് സമനില പിടിച്ചു. ഗോൺസാലോ ക്വെൻഡയുടെ ഒരു ത്രൂ ബോളിനുശേഷം സ്‌ട്രൈക്കർ വിക്ടർ ഗ്യോക്കറസ് ഒരു റൺ നടത്തി, ഡിഫൻഡർ മാനുവൽ അകാൻജിയെ മറികടന്ന് എഡേഴ്‌സൻ്റെ മുകളിലൂടെ പന്ത് ചിപ്പുചെയ്‌ത് 1-1 എന്ന നിലയിൽ എത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പോർച്ചുഗൽ ക്ലബ് ഇരട്ട ഗോളുകൾ നേടി‌. കളി പുനരാരംഭിച്ച് നിമിഷങ്ങൾക്കകം അവർ ലീഡ് നേടി. പെഡ്രോ ഗോൺസാൽവ്‌സ് പിന്നിൽ നിന്ന് ഒരു പ്രത്യാക്രമണം ആരംഭിച്ചു, മാത്യൂസ് അരാഹോയെ കണ്ടെത്തി, എഡേഴ്‌സണെ കീഴ്പ്പെടുത്തി ഒരു ലോ സ്‌ട്രൈക്ക് അയച്ച് 46-ാം മിനിറ്റിൽ സ്‌പോർട്ടിംഗിനെ അരോഹോ 2-1ന് മുന്നിലെത്തിച്ചു.

നിമിഷങ്ങൾക്കകം, ബോക്സിലെ ഒരു മോശം ഫൗളിന് കിട്ടിയ പെനാൽറ്റി ഗ്യോകെറസ് ആത്മവിശ്വാസത്തോടെ ഗോളാക്കി, സ്പോർട്ടിംഗിൻ്റെ ലീഡ് 3-1 ആയി ഉയർത്തി. 68ആം മിനുട്ടിൽ ഒരു പെനാൾറ്റിയിലൂടെ കളിയിലേക്ക് തിരികെ വരാൻ സിറ്റിക്ക് അവസരം കിട്ടി. എന്നാൽ ഹാളണ്ട് എടുത്ത പെനാൾറ്റി ബാറിന് തട്ടി പുറത്തായി‌.

ഇതിന് ശേഷം സ്പോടിംഗിന് അനുകൂലമായി ഒരു പെനാൾറ്റി കൂടെ ലഭിച്ചു. അതു ലക്ഷ്യത്തിൽ എത്തിച്ച് ഗ്യോകെറസ് ഹാട്രിക്ക് പൂർത്തിയാക്കി. സ്കോർ 4-1.

ഈ വിജയത്തോടെ സ്പോർടിംഗ് 10 പോയിന്റുമായി ടേബിളിൽ രണ്ടാമത് നിൽക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് 7 പോയിന്റാണ് ഉള്ളത്.

സ്പാർട്ട പ്രാഗിനെ 5-0ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് റെക്കോർഡ് സ്വന്തമാക്കി

മാഞ്ചസ്റ്റർ സിറ്റി അവരുടെ യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ സ്പാർട്ട പ്രാഗിനെതിരെ 5-0 ന് ഉജ്ജ്വല വിജയം നേടി. ചാമ്പ്യൻസ് ലീഗിലെ അവരുടെ അപരാജിത കുതിപ്പ് 26 മത്സരങ്ങളായി അവർ വർദ്ധിപ്പിച്ചു, ഇത് ഒരു പുതിയ റെക്കോർഡാണ്. മാനുവൽ അകാൻജിയുടെ അസിസ്റ്റിൽ നിന്ന് ഫിൽ ഫോഡൻ നേടിയ ഗോളിലൂടെ മൂന്നാം മിനിറ്റിൽ തന്നെ സിറ്റി ലീഡ് എടുത്തു.

എർലിംഗ് ഹാലൻഡ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി ചേർത്തു, 58-ാം മിനിറ്റിൽ അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ബാക്ക്ഹീലും 68-ാം മിനിറ്റിൽ തൻ്റെ രണ്ടാം ഗോളും ഹാളണ്ട് നേടി.

64-ാം മിനിറ്റിൽ ജോൺ സ്റ്റോൺസ് ഹെഡ്ഡറിലൂടെ വലകുലുക്കി സ്കോർ 4-0. 88-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാത്യൂസ് നൂനസ് വിജയം പൂർത്തിയാക്കി. നൂബസ് നേരത്തെ രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്തിരുന്നു.

ഹാലാൻഡിൻ്റെ ബ്രേസ് അദ്ദേഹത്തിന്റെ സിറ്റിക്ക് വേണ്ടിയുള്ള ചാമ്പ്യൻസ് ലീഗിലെ 21ആം ഗോളായിരുന്നു. വെറും 23 മത്സരങ്ങളിൽ നിന്നാണ് 21 ചാമ്പ്യൻസ് ലീഗ് ഗോളുകൾ ഹാളണ്ട് നേടിയത്. ഇനി സിറ്റി സ്പോർട്ടിംഗിനെ നേരിടും. അതേസമയം സ്പാർട്ട പ്രാഗ് ബ്രെസ്റ്റിനെയും നേരിടും.

2007 നും 2009 നും ഇടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥാപിച്ച മത്സരത്തിലെ തുടർച്ചയായ തോൽവിയറിയാതെയുള്ള മുൻ റെക്കോർഡ് ആണ് സിറ്റി ഈ വിജയത്തോടെ തകർത്തത്. ‌

റാഫിഞ്ഞ ഹാട്രിക്ക്, ബയേണെ തകർത്തെറിഞ്ഞ് ബാഴ്സലോണ

യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ റഫീഞ്ഞയുടെ ഹാട്രിക്കിൻ്റെ പിൻബലത്തിൽ ബാഴ്സലോണ 4-1ന് ബയേൺ മ്യൂണിക്കിനെതിരെ വിജയം ഉറപ്പിച്ചു. മത്സരത്തിൽ വെറും 54 സെക്കൻഡിനുള്ളിൽ തന്നെ ബ്രസീൽ താരം സ്കോറിംഗ് തുറന്നു, ഫെർമിൻ ലോപ്പസിൻ്റെ ഒരു ത്രൂ ബോൾ സ്വന്തമാക്കിയായിരുന്നു ഈ ഗോൾ.

18-ാം മിനിറ്റിൽ സെർജി ഗ്നാബ്രിയുടെ അസിസ്റ്റിൽ ഹാരി കെയ്‌നിൻ്റെ മികച്ച വോളിയിലൂടെ ബയേൺ മറുപടി നൽകി. എന്നിരുന്നാലും, റോബർട്ട് ലെവൻഡോവ്‌സ്‌കി 36ആം മിനുട്ടിൽ ബാഴ്സയുടെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ ബാഴ്‌സലോണ പെട്ടെന്ന് നിയന്ത്രണം വീണ്ടെടുത്തു, സ്കോർ 2-1 ആയി.

ഹാഫ് ടൈമിന് തൊട്ടുമുമ്പ് റഫീഞ്ഞ വീണ്ടും പ്രഹരിച്ചു, വലതുവശത്ത് നിന്ന് അകത്തേക്ക് മുറിച്ച് മനോഹരമായ ഷോട്ട് ഫാർ കോണിലേക്ക് വളച്ച് ബാഴ്‌സലോണയുടെ ലീഡ് 3-1 ആയി ഉയർത്തി. 16-കാരനായ ലാമിൻ യമാലിൻ്റെ മികച്ച അസിസ്റ്റിൽ നിന്ന് ഒരു ക്ലിനിക്കൽ ഫിനിഷിംഗ് പൂർത്തിയാക്കിയ റഫീഞ്ഞ 56-ാം മിനിറ്റിൽ തൻ്റെ ഹാട്രിക് തികച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ, സെർജിയോ അഗ്യൂറോ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ബയേണിനെതിരെ ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക് നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിൽ റഫീഞ്ഞ ഇതോടെ ചേർന്നു.

ബാഴ്‌സലോണയുടെ അടുത്ത മത്സരം റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരെയാണ്. ബയേൺ ബെൻഫിക്കയെയും നേരിടും.

ചാമ്പ്യൻസ് ലീഗ്, ലെവർകുസനെ സമനിലയിൽ തളച്ചു ബ്രസ്റ്റ്, അറ്റലാന്റക്കും സമനില

യുഫേഫ ചാമ്പ്യൻസ് ലീഗിൽ മൂന്നാം ജയം തേടി ഇറങ്ങിയ ബയേർ ലെവർകുസനും ബ്രസ്റ്റും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ആദ്യ പകുതിയിൽ നേടിയ ഗോളുകൾക്ക് സമനിലയിൽ പിരിയുക ആയിരുന്നു. മത്സരത്തിൽ 24 മത്തെ മിനിറ്റിൽ ഹോഫ്മാന്റെ പാസിൽ നിന്നു മൂന്നാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗോൾ കണ്ടെത്തിയ ഫ്ലോറിയൻ വിറിറ്റ്സ് ആണ് ജർമ്മൻ ടീമിന് മുൻതൂക്കം നേടി നൽകിയത്. 39 മത്തെ മിനിറ്റിൽ എന്നാൽ ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ വോളിയിലൂടെ ഗോൾ നേടിയ ലീസ് മെലോ ഫ്രഞ്ച് ടീമിന് സമനില സമ്മാനിക്കുക ആയിരുന്നു.

രണ്ടാം പകുതിയിൽ ഫ്രഞ്ച് ടീമിന്റെ ആധിപത്യം കണ്ട മത്സരത്തിൽ അവർ രണ്ടാം പകുതിയിൽ മാത്രം 9 ഷോട്ടുകൾ ആണ് ഉതിർത്തത്. അതേസമയം ചാമ്പ്യൻസ് ലീഗ് മറ്റൊരു മത്സരത്തിൽ അറ്റലാന്റ, സെൽറ്റിക് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇറ്റാലിയൻ ടീമിന്റെ സമ്പൂർണ ആധിപത്യം സ്വന്തം മൈതാനത്ത് കണ്ട മത്സരത്തിൽ പക്ഷെ സ്‌കോട്ടിഷ് ടീം ഗോൾ വഴങ്ങിയില്ല. കഴിഞ്ഞ കളിയിൽ ഡോർട്ട്മുണ്ടിനോട് 7 ഗോൾ വഴങ്ങിയ സെൽറ്റിക്കിന് ഈ പ്രകടനം ആശ്വാസം നൽകും. നിലവിൽ ഗ്രൂപ്പ് പട്ടികയിൽ ബ്രസ്റ്റ് മൂന്നാമതും ലെവർകുസൻ നാലാമതും നിൽക്കുമ്പോൾ അറ്റലാന്റ 12 സ്ഥാനത്തും സെൽറ്റിക് 18 സ്ഥാനത്തും ആണ്.

പി.എസ്.ജിയെ സമനിലയിൽ തളച്ചു പി.എസ്.വി, വീണ്ടും ഗോളുമായി ഗ്യോകെറസ്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് ഡച്ച് ക്ലബ് പി.എസ്.വിയോട് 1-1 ന്റെ സമനില വഴങ്ങി ഫ്രഞ്ച് ചാമ്പ്യന്മാർ ആയ പി.എസ്.ജി. ആദ്യം ലഭിച്ച അവസരങ്ങൾ പി.എസ്.ജി പാഴാക്കിയപ്പോൾ 34 മത്തെ മിനിറ്റിൽ സായിബാറിയുടെ പാസിൽ നിന്നു ഗോൾ നേടിയ നോഹ ലാങ് പി.എസ്.സിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഫാബിയൻ റൂയിസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ അഷ്‌റഫ് ഹകീമി പി.എസ്.ജിക്ക് സമനില സമ്മാനിച്ചു.

അവസാന നിമിഷങ്ങളിൽ പി.എസ്.വി ഗോൾ കീപ്പറുടെ മികവ് ആണ് പി.എസ്.ജിയെ വിജയം നേടുന്നതിൽ നിന്നു തടഞ്ഞത്. അവസാന നിമിഷങ്ങളിൽ പി.എസ്.ജിക്ക് പെനാൽട്ടി സാധ്യത കിട്ടിയെങ്കിലും വാർ പരിശോധനക്ക് ശേഷവും റഫറി അത് അനുവദിച്ചില്ല. അതേസമയം പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബൺ ഓസ്ട്രിയൻ ക്ലബ് സ്ട്രം ഗ്രാസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. സീസണിൽ ഗോൾ അടിച്ചു കൂട്ടുന്ന വിക്ടർ ഗ്യോകെറസ് നുനോ സാന്റോസിന്റെ ഗോളിന് അസിസ്റ്റും മറ്റൊരു അതുഗ്രൻ ഗോളും നേടി അവരുടെ വിജയശില്പി ആയി. എതിർ പ്രതിരോധത്തെ നാണം കെടുത്തുന്ന വിധമുള്ള ഗോൾ ആണ് ഗ്യോകെറസ് ഇന്ന് കണ്ടെത്തിയത്.

മൂന്നാം മത്സരത്തിലും ജയം! ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗ് തലപ്പത്ത്

യുഫേഫ ചാമ്പ്യൻസ് ലീഗ് മൂന്നാം ഗ്രൂപ്പ് ഘട്ട മത്സരത്തിലും ജയം കുറിച്ച് ഉനയ് എമറെയുടെ ആസ്റ്റൺ വില്ല. ഇറ്റാലിയൻ ക്ലബ് ബൊലോഗ്നയെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത 2 ഗോളിന് ആണ് വില്ല തോൽപ്പിച്ചത്. ഇതോടെ 36 അംഗ ഗ്രൂപ്പ് പട്ടികയിൽ വില്ല 9 പോയിന്റുകളും ആയി തലപ്പത്ത് എത്തി. ഇത് വരെ ചാമ്പ്യൻസ് ലീഗിൽ എല്ലാ കളിയും ജയിച്ച ഏക ടീം വില്ലയാണ്‌. ഇടക്ക് ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയ ഇറ്റാലിയൻ ടീം വില്ലക്ക് മികച്ച പോരാട്ടം ആണ് നൽകിയത്.

ഗോൾ രഹിതമായ ആദ്യ പകുതികൾ ശേഷം രണ്ടാം പകുതിയിൽ ആണ് വില്ലയുടെ രണ്ടു ഗോളുകളും പിറന്നത്. 55 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ ജോൺ മക്വിന്റെ ഫ്രീകിക്ക് ആരുടെയും ദേഹത്ത് തട്ടാതെ അപ്രതീക്ഷിതമായി ഗോളിൽ പതിച്ചതോടെ ആണ് വില്ല തങ്ങളുടെ ആദ്യ ഗോൾ നേടിയത്. 9 മിനിറ്റിനുള്ളിൽ ഇത്തവണ പതിവിൽ നിന്നു വ്യത്യസ്തമായി ആദ്യ 11 ൽ ഇടം നേടിയ ജോൺ ഡുറാൻ മോർഗൻ റോജേഴ്‌സിന്റെ പാസിൽ നിന്ന് ഗോൾ നേടി വില്ല ജയം ഉറപ്പിക്കുക ആയിരുന്നു. അതേസമയം മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് ജിറോണ സ്ലോവൻ ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു.

ചാമ്പ്യൻസ് ലീഗ്, സ്വന്തം മൈതാനത്ത് യുവന്റസിനെ ഞെട്ടിച്ചു സ്റ്റുഗാർട്ട്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ വമ്പന്മാർ ആയ യുവന്റസിനെ ഞെട്ടിച്ചു സ്റ്റുഗാർട്ട്. എതിരില്ലാത്ത ഒരു ഗോളിന് ആണ് യുവന്റസ് സ്വന്തം മൈതാനത്ത് പരാജയപ്പെട്ടത്. പുതിയ പരിശീലകൻ തിയാഗോ മോട്ടോക്ക് കീഴിൽ അവരുടെ സീസണിലെ ആദ്യ പരാജയം ആണ് ഇത്. ജർമ്മൻ ക്ലബ് ആധിപത്യം നേടിയ മത്സരത്തിൽ അവർ 10 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് അടിച്ചപ്പോൾ യുവന്റസ് ഒരൊറ്റ ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് അടിച്ചത്. ഗോൾ കീപ്പർ പെരിന്റെ മികവ് ആണ് യുവന്റസിനെ വലിയ തോൽവിയിൽ നിന്നു രക്ഷിച്ചത്.

ഉണ്ടാവിന്റെ ഗോൾ ഹാന്റ് ബോളിന് നിരസിച്ചപ്പോൾ ജർമ്മൻ ടീമിന്റെ മികച്ച രണ്ടു ഷോട്ടുകൾ ആണ് പെരിൻ രക്ഷിച്ചത്. തുടർന്ന് 84 മത്തെ മിനിറ്റിൽ ഡാനിലോ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയത് ഇറ്റാലിയൻ ടീമിന് വലിയ തിരിച്ചടിയായി. 86 മത്തെ മിനിറ്റിൽ എൻസോ മില്ലിറ്റിന്റെ പെനാൽട്ടി പെരിൻ രക്ഷിച്ചു. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ എൻസോ മില്ലിറ്റിന്റെ ക്രോസിൽ നിന്നു ഗോൾ കണ്ടെത്തിയ പകരക്കാരനായി ഇറങ്ങിയ എൽ ബിലാൽ ടോറെ ജർമ്മൻ ക്ലബിന് വിലപ്പെട്ട ജയം സമ്മാനിക്കുക ആയിരുന്നു.

Exit mobile version