ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് നിർണായക ജയം

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അറ്റലാൻ്റയ്‌ക്കെതിരെ റയൽ മാഡ്രിഡ് 3-2 ൻ്റെ നിർണായക ജയം ഉറപ്പിച്ചു. പത്താം മിനിറ്റിൽ ബ്രാഹിം ദിയാസിൻ്റെ ഒരു കൃത്യമായ പാസ് ക്ലിനിക്കൽ സ്‌ട്രൈക്കിലൂടെ ഫിനിഷ് ചെയ്ത് കൈലിയൻ എംബാപ്പെ ആണ് ഇന്ന് സന്ദർശകർക്കായി സ്കോറിംഗ് തുറന്നത്. എന്നാൽ പരിക്ക് കാരണം എംബപ്പെ പെട്ടെന്ന് കളം വിടേണ്ടി വന്നത് റയലിന് തിരിച്ചടിയായി. .

ഹാഫ്‌ടൈമിന് തൊട്ടുമുമ്പ് ചാൾസ് ഡി കെറ്റെലറെയിലൂടെ അറ്റലാൻ്റ സമനില പിടിച്ചു. പെനാൽറ്റിയിൽ നിന്നായിരുന്നു അറ്റലാന്റയുടെ ആദ്യ ഗോൾ.

രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് നിയന്ത്രണം വീണ്ടെടുത്തു, 56-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ തങ്ങളുടെ ലീഡ് പുനഃസ്ഥാപിച്ചു, മൂന്ന് മിനിറ്റിനുള്ളിൽ, വിനീഷ്യസിൻ്റെ മികച്ച പാസ് ജൂഡ് ബെല്ലിംഗ്ഹാം വലയിൽ എത്തിച്ച് ലീഡ് ഉയർത്തി. ലാസർ സമർഡ്‌സിക്കിൻ്റെ കൃത്യമായ ക്രോസിന് ശേഷം അഡെമോള ലുക്ക്മാൻ 65-ാം മിനിറ്റിൽ ഒരു മികച്ച ഗോൾ നേടിയത് മത്സരം ആവേശകരാമായി. എങ്കിലും റയൽ ജയം ഉറപ്പിച്ചു.

റയൽ ഈ വിജയത്തോടെ 9 പോയിന്റുമായി 18ആമത് നിൽക്കുന്നു. അറ്റലാന്റ 11 പോയ്റ്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു‌

സലായുടെ 50-ാം ചാമ്പ്യൻസ് ലീഗ് ഗോൾ! ജിറോണയെയും തോൽപ്പിച്ച് ലിവർപൂൾ

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ തങ്ങളുടെ മികച്ച റെക്കോർഡ് നിലനിർത്തി കൊണ്ട് ജിറോണയ്‌ക്കെതിരെ വിജയം നേടി. സ്പെയിനിൽ നടന്ന മത്സരത്തിൽ 1-0 എന്ന സ്കോറിനായിരുന്നു ലിവർപൂളിന്റെ വിജയം. മുഹമ്മദ് സലായുടെ രണ്ടാം പകുതിയിൽ നേടിയ പെനാൽറ്റി ഗോളിലാണ് അവർ ജയിച്ചത്. 18 പോയിൻ്റുമായി ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ലിവർപൂൾ. ജിറോണ മൂന്ന് പോയിൻ്റുമായി 30-ാം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ച് ജിറോണക്ക് എന്നാൽ ഒരു ഗോൾ നേടാൻ ആകാഞ്ഞത് വിനയായി. 63-ാം മിനിറ്റിൽ ഡോണി വാൻ ഡി ബീക്ക് ലൂയിസ് ഡയസിനെ ഫൗൾ ചെയ്തതിന് ആണ് പെനാൽറ്റി പിറന്നത്. റയൽ മാഡ്രിഡിനെതിരായ മുൻ മത്സരത്തിൽ പെനാൽറ്റി നഷ്‌ടമാക്കിയ സലാ ഇത്തവണ ഒരു പിഴവും വരുത്തിയില്ല, ശാന്തമായി പന്ത് താഴെയുള്ള മൂലയിലേക്ക് സ്ലോട്ട് ചെയ്ത് തൻ്റെ 50-ാം ചാമ്പ്യൻസ് ലീഗ് ഗോൾ അദ്ദേഹം നേടി.

ഗോളിന് ശേഷം ലിവർപൂൾ മികച്ച രീതിയിൽ കളി നിയന്ത്രിച്ചു, പൊസഷൻ നിലനിർത്തുകയും ജിറോണയ്ക്ക് സമനില ഗോളിനുള്ള വ്യക്തമായ അവസരങ്ങൾ നിഷേധിക്കുകയും ചെയ്തു.

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് പ്ലേ ഓഫ് കളിക്കേണ്ടി വരുമെന്ന് ആഞ്ചലോട്ടി

യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജുകളിൽ പ്ലേഓഫിലൂടെ തങ്ങളുടെ സ്ഥാനം ഉറപ്പാക്കേണ്ടി വന്നേക്കാം എന്ന് റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി. ചൊവ്വാഴ്ച അറ്റലാൻ്റയ്‌ക്കെതിരായ അവരുടെ നിർണായക ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ആഞ്ചലോട്ടി.

36-ടീം ഗ്രൂപ്പ് സ്റ്റാൻഡിംഗിൽ നിലവിൽ 24-ാം സ്ഥാനത്താണ്, റയൽ മാഡ്രിഡ്. ആദ്യ എട്ടിനുള്ളിൽ ആകുന്നതിന് നാല് പോയിൻ്റ് പിന്നിലാണ് അവർ. അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിൻ്റ് മാത്രമുള്ള റയൽ മാഡ്രിഡിന് 11 പോയിൻ്റുമായി നിൽക്കുന്ന അറ്റലാൻ്റ വലിയ വെല്ലുവിളിയാകും.

“നാളത്തെ കളി ഇപ്പോൾ മുതൽ വർഷാവസാനം വരെയുള്ള ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും,” ആഞ്ചലോട്ടി പറഞ്ഞു.

വിമർശകർക്ക് മറുപടി കൊടുക്കാനും സുപ്രധാന പോയിൻ്റുകൾ നേടാനുമുള്ള അവസരമായി ഈ മത്സരത്തെ കാണണമെന്ന് ആഞ്ചലോട്ടി പറഞ്ഞു. മാഡ്രിഡ് മുന്നേറുന്നതിന് ചിലപ്പോൾ ഒരു അധിക റൗണ്ട് കളിക്കേണ്ടി വരും എന്നും. അത് അംഗീകരിക്കുന്നു എന്നും ആഞ്ചലോട്ടി പറഞ്ഞു.

നിർണായക ജയവുമായി ഡോർട്ട്മുണ്ടും ബെൻഫിക്കയും, വില്ലയോട് സമനില വഴങ്ങി യുവന്റസ്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ സാഗ്രബിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചു ബൊറൂസിയ ഡോർട്ട്മുണ്ടും. ജയത്തോടെ ഗ്രൂപ്പ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് അവർ കയറി. ജെയ്മി ഗിറ്റൻസ്, റമി ബെൻസബയിനി, സെർഹോ ഗുയിരാസി എന്നിവർ ആണ് ജർമ്മൻ ടീമിന് ആയി ഗോളുകൾ നേടിയത്. 2 ഗോളിന് പിറകിൽ നിന്ന ശേഷം പി.എസ്.വി 10 പേരായി ചുരുങ്ങിയ ശാക്തറിനെ തോൽപ്പിച്ചതും മറ്റൊരു മത്സരത്തിൽ കാണാൻ ആയി.

പത്ത്‌ പേരായി ചുരുങ്ങിയ ഫ്രഞ്ച് ക്ലബ് മൊണാക്കോയെ 3-2 നു വീഴ്ത്തിയ ബെൻഫിക്കയും ചാമ്പ്യൻസ് ലീഗിൽ നിർണായക ജയം കുറിച്ചു. ബൊളോഗ്നോയെ 2-1 നു തോൽപ്പിച്ചു ഫ്രഞ്ച് ക്ലബ് ലില്ലെ മികവ് കാണിച്ചപ്പോൾ ജർമ്മൻ ക്ലബ് സ്റ്റുഗാർട്ടിനെ സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രെഡ് 5-1 നു ഞെട്ടിച്ചു. അതേസമയം ആസ്റ്റൺ വില്ല യുവന്റസ് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. പരിക്ക് വലക്കുന്ന യുവന്റസ് വില്ല പാർക്കിൽ നിന്നു സമനിലയും ആയി മടങ്ങിയപ്പോൾ തുടർച്ചയായ ഏഴാം മത്സരത്തിലും വില്ലക്ക് ജയിക്കാൻ ആയില്ല. അവസാന നിമിഷങ്ങളിൽ വില്ലക്ക് ആയി മോർഗൻ റോജേഴ്‌സ് ഗോൾ നേടിയെങ്കിലും ഡീഗോ കാർലോസ് യുവന്റസ് ഗോളിയെ ഫൗൾ ചെയ്തതിനു ഈ ഗോൾ റഫറി അനുവദിച്ചില്ല.

ദുരന്തമായി എംബപ്പെയും റയലും, അഞ്ചിൽ അഞ്ചും ജയിച്ചു ലിവർപൂൾ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ അഞ്ചാം ഗ്രൂപ്പ് മത്സരത്തിൽ റയൽ മാഡ്രിഡിനെ ആൻഫീൽഡിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു ലിവർപൂൾ. ജയത്തോടെ ഗ്രൂപ്പിൽ ഇത് വരെ എല്ലാ മത്സരവും ജയിച്ച ലിവർപൂൾ ഒന്നാം സ്ഥാനത്തും മോശം ഫോമിലുള്ള റയൽ 24 സ്ഥാനത്തും ആണ്. 5 ൽ മൂന്നു മത്സരവും റയൽ പരാജയപ്പെട്ടു. ഗോൾ കീപ്പർ കോർട്ട്യോയുടെ എണ്ണമറ്റ മികച്ച സേവുകൾ ഇല്ലായിരുന്നു എങ്കിലും ഇന്ന് ഇതിലും വലിയ സ്കോറിന് റയൽ നാണം കെട്ടേനെ. കോർട്ട്യോയുടെ മികവ് കൊണ്ടു മാത്രമാണ് ആദ്യ പകുതിയിൽ റയൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നത്.

എന്നാൽ രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ മികച്ച ടീം നീക്കത്തിന് ഒടുവിൽ കോണർ ബ്രാഡ്ലിയുടെ പാസിൽ നിന്നു അലക്സിസ് മക് ആലിസ്റ്റർ റയൽ വല ഭേദിച്ചു. ഗോൾ തിരിച്ചടിക്കാൻ ഉടൻ തന്നെ റയലിന് വലിയ അവസരം ആണ് ലഭിച്ചത്. 59 മത്തെ മിനിറ്റിൽ വാസ്കസിനെ റോബർട്ട്സൻ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽട്ടി പക്ഷെ എംബപ്പെ പാഴാക്കി. മോശം പെനാൽട്ടി ലിവർപൂൾ രണ്ടാം ഗോൾ കീപ്പർ കെല്ലഹർ അനായാസം രക്ഷിച്ചു. 70 മത്തെ മിനിറ്റിൽ തന്നെ മെന്റി വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കാണാൻ മൊ സലാഹിനും ആയില്ല. ലിവർപൂൾ പെനാൽട്ടി സലാ പുറത്തേക്ക് അടിച്ചു കളയുക ആയിരുന്നു. 76 മത്തെ മിനിറ്റിൽ റോബർട്ട്സന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ കോഡി ഗാക്പോ ലിവർപൂൾ ജയം ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ ഉടൻ തങ്ങളുടെ ഗോൾ കീപ്പറുടെ മികവ് കൊണ്ട് ഒന്നു മാത്രമാണ് ദുരന്തം ആയ മത്സരത്തിൽ റയൽ മാഡ്രിഡ് നാണക്കേടിൽ നിന്നു രക്ഷപ്പെട്ടത്.

ചാമ്പ്യൻസ് ലീഗിൽ 100 ഗോൾ നേടുന്ന മൂന്നാമത്തെ മാത്രം താരമായി റോബർട്ട് ലെവൻഡോസ്കി

യുഫേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 100 ഗോൾ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായി ബാഴ്‌സലോണയുടെ പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി. തന്റെ 125 മത്തെ ചാമ്പ്യൻസ് മത്സരത്തിൽ ബ്രസ്റ്റിന് എതിരെ പെനാൽട്ടിയിലൂടെ ഈ നേട്ടം കൈവരിച്ച ലെവൻഡോസ്കി തുടർന്ന് 101 മത്തെ ഗോളും നേടി. സീസണിൽ ഉഗ്രൻ ഫോമിലുള്ള താരത്തിന്റെ 23 മത്തെ കളിയിലെ 23 മത്തെ ഗോളും ആയിരുന്നു ഇത്.

ബൊറൂസിയ ഡോർട്ട്മുണ്ട്, ബയേൺ മ്യൂണിക്, എഫ്.സി ബാഴ്‌സലോണ ക്ലബുകൾക്ക് ആയി കളിച്ചു ആണ് ലെവൻഡോസ്കി ഈ നേട്ടത്തിൽ എത്തിയത്. ഇതിന് മുമ്പ് സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ചവർ. ചാമ്പ്യൻസ് ലീഗിൽ 129 ഗോളുകൾ നേടിയ മെസ്സിയും 140 ഗോളുകൾ നേടിയ റൊണാൾഡോയും മാത്രമാണ് നിലവിൽ 101 ഗോളുകൾ നേടിയ ലെവൻഡോസ്കിക്ക് മുന്നിൽ ഉള്ളവർ.

ജയവുമായി ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് തലപ്പത്ത്, വമ്പൻ ജയവുമായി ലെവർകുസനും അറ്റലാന്റെയും

യുഫേഫ ചാമ്പ്യൻസ് ലീഗ് അഞ്ചാം ഗ്രൂപ്പ് മത്സരത്തിൽ ജയം കണ്ടു ഗ്രൂപ്പിൽ തലപ്പത്ത് എത്തി ഇന്റർ മിലാൻ. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ഇന്റർ തുടർച്ചയായ നാലാം ജയം ആണ് ഒരു ഗോൾ പോലും വഴങ്ങാതെ ഇന്ന് കുറിച്ചത്. ആർ.ബി ലൈപ്സിഗിന് എതിരെ 27 മത്തെ മിനിറ്റിൽ ഡി മാർക്കോയുടെ ഫ്രീകിക്കിൽ നിന്നു കാസ്റ്റല്ലോ ലുകെബ നേടിയ സെൽഫ് ഗോൾ ആണ് ഇന്ററിന് ജയം നൽകിയത്.

അതേസമയം ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേർ ലെവർകുസൻ ആർ.ബി സാൽസബർഗിനെ 5-0 നു തകർത്തു ഗ്രൂപ്പിൽ അഞ്ചാമത് എത്തി. ഫ്ലോറിയൻ വിറിറ്റ്സ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ ഗ്രിമാൾഡോ, ഷിക്, ഗാർസിയ എന്നിവർ ആണ് ജർമ്മൻ ക്ലബിനു ആയി ഗോളുകൾ നേടിയത്. അതേസമയം യങ് ബോയ്സിനെ 6-1 നു തകർത്ത അറ്റലാന്റ ഗ്രൂപ്പിൽ നാലാം സ്ഥാനത്തേക്ക് എത്തി. ഇറ്റാലിയൻ ടീമിന് ആയി മറ്റെയോ റെറ്റഗുയി, ചാൾസ് ലെ കെറ്റലാരെ എന്നിവർ ഇരട്ടഗോളുകൾ നേടി.

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം ജയവുമായി ബാഴ്‌സലോണ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ സീസണിൽ ആദ്യ മത്സരത്തിൽ ഏറ്റ പരാജയത്തിന് ശേഷം തുടർച്ചയായ നാലാം ജയവുമായി ബാഴ്‌സലോണ. ഫ്രഞ്ച് ക്ലബ് ബ്രസ്റ്റിനെ ഇന്ന് സ്വന്തം മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് അവർ തോൽപ്പിച്ചത്. പത്താം മിനിറ്റിൽ താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ടു ചാമ്പ്യൻസ് ലീഗിൽ 100 ഗോളുകൾ പൂർത്തിയാക്കിയ റോബർട്ട് ലെവൻഡോസ്കി ആണ് ബാഴ്‌സക്ക് മുൻതൂക്കം നൽകിയത്.

തുടർന്ന് ബ്രസ്റ്റ് ബാഴ്‌സ ആക്രമണം ചെറുത്തു നിന്നെങ്കിലും രണ്ടാം പകുതിയിൽ ബാഴ്‌സലോണ ജയം ഉറപ്പിച്ചു. 66 മത്തെ മിനിറ്റിൽ ജെറാർഡ് മാർട്ടിന്റെ പാസിൽ നിന്നു ഡാനി ഓൽമോയും 92 മത്തെ മിനിറ്റിൽ ബാൾഡയുടെ പാസിൽ നിന്നു റോബർട്ട് ലെവൻഡോസ്കിയും ആണ് ബാഴ്‌സ ജയം പൂർത്തിയാക്കിയത്. ബ്രസ്റ്റിന് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ ആയില്ല. നിലവിൽ ഗ്രൂപ്പ് ടേബിളിൽ ബാഴ്‌സലോണ രണ്ടാമതും ബ്രസ്റ്റ് ഒമ്പതാമതും ആണ്.

ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ വീഴ്ത്തി നിർണായക ജയവുമായി ബയേൺ മ്യൂണിക്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ബയേൺ മ്യൂണിക്. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു പ്രതിരോധ താരം കിം മിൻ-ജെ നേടിയ ഗോൾ ആണ് ബയേണിന് നിർണായക ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു ഉസ്‌മാൻ ഡംബേല പുറത്ത് പോയത് പാരീസിനു തിരിച്ചടിയായി.

10 പേരായി കളിച്ച പാരീസിനോട് ജർമ്മൻ വമ്പന്മാർ ജയം പിടിച്ചെടുക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ അഞ്ചാം മത്സരത്തിൽ മൂന്നാം ജയം ആണ് ബയേൺ ഇന്ന് കുറിച്ചത്. നിലവിൽ 5 കളികളിൽ നിന്നു വെറും 4 പോയിന്റുകൾ നേടി 26 സ്ഥാനത്തുള്ള പാരീസിന് പ്ലെ ഓഫ് യോഗ്യത നേടാൻ എങ്കിലും ഇനിയുള്ള മത്സരങ്ങൾ ജീവൻ മരണ പോരാട്ടങ്ങൾ ആവും.

എന്റമ്മോ! അവസാന 15 മിനിറ്റിൽ 3 ഗോൾ മുൻതൂക്കം കൈവിട്ടു മാഞ്ചസ്റ്റർ സിറ്റി

സമീപകാലത്തെ തങ്ങളുടെ മോശം ഫോം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. യുഫേഫ ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഡച്ച് ക്ലബ് ഫയനൂർദിനോട് 3-3 ന്റെ സമനിലയാണ് സിറ്റി വഴങ്ങിയത്. തുടർച്ചയായ 5 പരാജയം ഏറ്റുവരുന്ന സിറ്റി ഈ മത്സരത്തിൽ 3 ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് സമനില വഴങ്ങിയത്. പന്ത് കൈവശം വെച്ചതിൽ മുൻതൂക്കം ഉണ്ടായിട്ടും ആദ്യ പകുതിയിൽ അവസാന നിമിഷം താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ടു ഏർലിങ് ഹാളണ്ട് ആണ് സിറ്റിയുടെ ഗോളിനുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച സിറ്റി ഗുണ്ടോഗൻ ബോക്സിനു പുറത്തു നിന്നു നേടിയ ഗോളിൽ രണ്ടു ഗോൾ മുന്നിൽ എത്തി. 3 മിനിറ്റിനുള്ളിൽ ഹാളണ്ട് രണ്ടാം ഗോൾ നേടിയതോടെ സിറ്റി ജയം പ്രതീക്ഷിച്ചു. എന്നാൽ 75 മിനിറ്റിനു ശേഷം ഗാർഡിയോള ദുഃസ്വപ്നം ആണ് കണ്ടത്. 75 മത്തെ മിനിറ്റിൽ സിറ്റി പിഴവിൽ നിന്നു അനിസ് മൂസ ഡച്ച് ക്ലബിന്റെ ആദ്യ ഗോൾ നേടി. 82 മത്തെ മിനിറ്റിൽ റീബോണ്ടിൽ നിന്നു സാന്റിയാഗോ ഹിമനസ് ഗോൾ നേടിയതോടെ സിറ്റി ഞെട്ടി. 89 മത്തെ മിനിറ്റിൽ എഡേഴ്‌സന്റെയും സിറ്റി പ്രതിരോധത്തിന്റെയും പിഴവ് മുതലെടുത്ത് ഡേവിഡ് ഹാൻകോ ഗോൾ നേടിയത് സിറ്റി ആരാധകർ അവിശ്വസനീയതോടെ ആണ് നോക്കിയിരുന്നത്. ചാമ്പ്യൻസ് ലീഗിൽ 75 മിനിറ്റ് വരെ 3 ഗോൾ മുന്നിട്ട് നിന്ന ശേഷം ഒരു ടീം ഇത് ആദ്യമായാണ് വിജയിക്കാതെ ഇരിക്കുന്നത്.

ലിസ്ബണിൽ സ്പോർട്ടിങിനെ നാണം കെടുത്തി ആഴ്‌സണൽ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഉഗ്രൻ ഫോമിലുള്ള സ്പോർട്ടിങ് ലിസ്ബണിനെ 5-1 നു തകർത്ത് കരുത്ത് കാട്ടി ആഴ്‌സണൽ. കഴിഞ്ഞ കളിയിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-1 നു തകർത്ത സ്പോർട്ടിങ് സീസണിൽ ഇത് ആദ്യമായാണ് ഒരു മത്സരം തോൽക്കുന്നത്. റൂബൻ അമോറിം പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള രണ്ടാം മത്സരത്തിൽ മികവ് കാട്ടാൻ ആയെങ്കിലും ആഴ്‌സണലിന്റെ മികവിന് മുമ്പിൽ അവർക്ക് പിടിച്ചു നിൽക്കാൻ ആയില്ല. മത്സരഫലം സൂചിപ്പിക്കുന്നതിലും നന്നായി കളിച്ചെങ്കിലും യൂറോപ്പിൽ ഏറ്റവും അപകടകാരിയായ മുന്നേറ്റനിര താരം വിക്ടർ ഗോകരസിനെ ഗബ്രിയേലും സലിബയും പൂട്ടിയപ്പോൾ ഇടക്ക് ലഭിച്ച മികച്ച അവസരങ്ങൾ ഡേവിഡ് റയ രക്ഷിച്ചപ്പോൾ സ്പോർട്ടിങ് വമ്പൻ പരാജയം ഏറ്റുവാങ്ങി.

മത്സരത്തിൽ ഏഴാം മിനിറ്റിൽ മികച്ച നീക്കത്തിന് ഒടുവിൽ യൂറിയൻ ടിംബർ നൽകിയ പാസിൽ നിന്നു ഗോൾ കണ്ടെത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. 22 മത്തെ മിനിറ്റിൽ വീണ്ടും മികച്ച ഒരു നീക്കത്തിൽ പാർട്ടി നൽകിയ പന്ത് ബുകയോ സാക ഹാവർട്സിന് മറിച്ചു നൽകിയപ്പോൾ ഗോൾ നേടിയ ജർമ്മൻ താരം ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഡക്ലൻ റൈസിന്റെ കോർണറിൽ നിന്നു ചാടി വീണ് ബുള്ളറ്റ് ഹെഡറിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ആഴ്‌സണലിനെ ആദ്യ പകുതിയിൽ തന്നെ 3-0 നു മുന്നിൽ എത്തിച്ചു.

രണ്ടാം പകുതി നന്നായി ആണ് സ്പോർട്ടിങ് തുടങ്ങിയത്. തുടക്കത്തിൽ തന്നെ ലഭിച്ച കോർണറിൽ നിന്നു ഇനാസിയോ ഗോൾ നേടിയതോടെ പോർച്ചുഗീസ് ക്ലബിന് പ്രതീക്ഷ കൈവന്നു. ആഴ്‌സണൽ പ്രതിരോധത്തെ പരീക്ഷിക്കാൻ അവർക്ക് ആയെങ്കിലും സലിബയും ഗബ്രിയേലും ഗോളിന് മുന്നിൽ റയയും പാറ പോലെ ഉറച്ചു നിന്നു. 65 മത്തെ മിനിറ്റിൽ ഉഗ്രൻ ആയി കളിച്ച ക്യാപ്റ്റൻ ഒഡഗാർഡിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബുകയോ സാക ആഴ്‌സണലിന് നാലാം ഗോളും സമ്മാനിച്ചു. 82 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മിഖേൽ മെറീന്യോയുടെ ഷോട്ട് സ്പോർട്ടിങ് ഗോൾ കീപ്പർ തടഞ്ഞെങ്കിലും റീബോണ്ട് ഹെഡറിലൂടെ ഗോൾ ആക്കി മാറ്റിയ മറ്റൊരു പകരക്കാരൻ ട്രൊസാർഡ് ആഴ്‌സണൽ ജയം പൂർത്തിയാക്കി. ജയത്തോടെ ഗ്രൂപ്പ് ടേബിളിൽ ആദ്യ എട്ടിലേക്ക് എത്താൻ ആഴ്‌സണലിന് ആയി.

ചാമ്പ്യൻസ് ലീഗിൽ പൊരുതി നേടിയ ജയവുമായി മിലാൻ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ സ്ലൊവാക്യൻ ക്ലബ് സ്ലൊവൻ ബ്രാറ്റിസ്ലാവയോട് പൊരുതി ജയം നേടി ഇറ്റാലിയൻ വമ്പന്മാർ ആയ എ.സി മിലാൻ. മികച്ച പോരാട്ടം കണ്ട മത്സരത്തിൽ 3-2 നു ആണ് മിലാൻ ജയം കണ്ടത്. ക്രിസ്റ്റിയൻ പുലിസികിലൂടെ മിലാൻ ആണ് മത്സരത്തിൽ ആദ്യം മുന്നിൽ എത്തിയത്.

എന്നാൽ 3 മിനിറ്റിനുള്ളിൽ ടിഗ്രാനിലൂടെ എതിരാളികൾ സമനില പിടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ റാഫയേൽ ലിയാവോ, ടാമി എബ്രഹാം എന്നിവർ നേടിയ ഗോളുകൾക്ക് മിലാൻ മത്സരത്തിൽ ആധിപത്യം പിടിച്ചു. നിനോ മാർസെല്ലിയിലൂടെ സ്ലൊവാക്യൻ ക്ലബ് അവസാന നിമിഷങ്ങളിൽ ഒരു ഗോൾ മടക്കിയെങ്കിലും മിലാൻ ജയം കൈവിട്ടില്ല. അവസാന നിമിഷങ്ങളിൽ എതിരാളികൾ 10 പേരായി ചുരുങ്ങിയതും മിലാനു ഗുണം ചെയ്തു.

Exit mobile version