മൊണാക്കോയ്ക്ക് എതിരെ അത്ലറ്റിക്കോ മാഡ്രിഡിന് ഫ്രാൻസിൽ ജയം

ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയത്തോടെ തുടക്കം. മൊണാക്കോയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ വിജയം. തുടക്കത്തി ഒരു ഗോളിന് പിറകിൽ പോയതിന് ശേഷമായിരുന്നു അത്ലറ്റിക്കോയുടെ തിരിച്ചുവരവ്. തുടക്കത്തിൽ തന്നെ അത്ലറ്റിക്കോ പിറകിൽ പോയപ്പോൾ ലാലിഗയിലെ കഷ്ടകാലം അത്ലറ്റിക്കോയെ യൂറോപ്പിലും വേട്ടയാടുകയാണ് എന്നാണ് കരുതിയത്.

18ആം മിനുട്ടിൽ ഗ്രാൻഡ്സിറായിരുന്നു മൊണാക്കോയ്ക്ക് ലീഡ് നൽകിയത്. എന്നാൽ ശക്തമായി തിരിച്ചുവന്ന അത്ലറ്റിക്കോ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ കളി തങ്ങളുടെ വശത്തേക്കാക്കിം ഗിമിനസും ഡിയേഗോ കോസ്റ്റയുമാണ് അത്ലറ്റിക്കോയ്ക്കായി ഗോളുകൾ നേടിയത്.

ഇനി ഒക്ടോബർ 4ന് ക്ലബ് ബ്രഗെയാണ് അത്ലറ്റിക്കോ മാഡ്രിഡിന്

ഇഞ്ച്വറി ടൈമിൽ ഫർമീനോ!! ആൻഫീൽഡിൽ പി എസ് ജി കരുത്ത് വിലപ്പോയില്ല

ലിവർപൂളിന്റെ വിജയകുതിപ്പ് തടയാൻ പി എസ് ജി വമ്പന്മാർ വന്നിട്ടും കാര്യമുണ്ടായില്ല. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ യൂറോപ്പിലെ വൻ ശക്തികളായ പി എസ് ജിയും ലിവർപൂളും നേർക്കുനേർ വന്ന മത്സരം പ്രതീക്ഷയ്ക്കും മുകളിൽ എത്തി എന്ന് പറയാം. ഇഞ്ച്വറി ടൈമിലെ ഗോളാണ് ലിവർപൂളിന് ഇന്ന് ആൻഫീൽഡിൽ ജയം സമ്മാനിച്ചത്. രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന നിലയിൽ നിന്ന് തിരിച്ചുവന്ന് സമനില പിടിച്ച പി എസ് ജിയെ ആണ് 91ആം മിനുട്ടിൽ പിറന്ന ഫർമീനോ ഗോളിലൂടെ ലിവർപൂൾ വീഴ്ത്തിയത്.

ആദ്യ 36 മിനുട്ടിൽ നേടിയ രണ്ടു ഗോളുകളിൽ ലിവർപൂൾ മുന്നിൽ എത്തിയപ്പോൾ പി എസ് ജി തന്നെ ഞെട്ടിയിരുന്നു. പ്രീമിയർ ലീഗിലെ ഫോം ചാമ്പ്യൻസ് ലീഗിലേക്കും ലിവർപൂൾ കൊണ്ടുപോവുകയാണ് എന്നാണ് ആദ്യം കരുതിയത്. 30ആം മിനുട്ടിൽ സ്റ്റുറിഡ്ജിന്റെ ഹെഡറിലൂടെ ആയിരുന്നു ലിവർപൂളിന്റെ ആദ്യ ഗോൾ. 6 മിനുട്ടുകൾക്ക് അപ്പുറം ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ലിവർപൂളിന്റെ രണ്ടാം ഗോൾ. പതിവു പോലെ മിൽനർ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

പിന്നീട് ആണ് പി എസ് ജിയും വൻ തിരിച്ചുവരവ് കണ്ടത്. ആദ്യം 40ആം മിനുട്ടിൽ ബെൽജിയം താരം മുനിയർ ആണ് ഒരു ഗോളിലൂടെ പി എസ് ജിക്ക് പ്രതീക്ഷ തിരികെ നൽകിയത്. ഒരു ഇടം കാലൻ ഫിനിഷിലൂടെ ആയിരുന്നു മുനിയറിന്റെ ഗോൾ. പിന്നീട് കളി അവസാനിക്കാൻ 7 മിനുട്ട് മാത്രം ബാക്കി ഇരിക്കെ ആയിരുന്നു പി എസ് ജിയുടെ സമനില ഗോൾ വീണത്. എമ്പപ്പെയുടെ വകയായിരുന്നു ഗോൾ.

കളി കൈവിട്ടെന്ന് ലിവർപൂൾ ആരാധകർ കരുതിയ നിമിഷം. പക്ഷെ സൂപ്പർ സബായി എത്തിയ ഫർമീനോ ഇഞ്ച്വറി ടൈമിൽ ലിവർപൂൾ അർഹിച്ച ജയം അവർക്ക് നേടിക്കൊടുത്തു.

ഇഞ്ചുറി ടൈമിൽ ജയം ഉറപ്പാക്കി ഇന്റർ, സ്പർസ് സാൻസിറോയിൽ വീണു

സാൻസിറോയിൽ ഇന്ററിന്റെ കിടിലൻ തിരിച്ചു വരവ്. 85 മിനുട്ട് പിറകിൽ നിന്ന് ശേഷം 2 ഗോളുകൾ തിരിച്ചടിച്ച ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിൽ സ്പർസിനെ 2-1 ന് മറികടന്നു.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ സ്പർസിന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. എറിക്സന്റെ പാസിൽ കെയ്ന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന് ഫിനിഷ് ചെയ്യാനായില്ല. പിന്നീട് ഒറിയേയിലൂടെ സ്പർസിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇന്റർ ഗോളിയുടെ സേവ് തടസമായി. ഇന്റർ പക്ഷെ മുൻ നിരയിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ വിഷമിച്ചു. ഇക്കാർഡിക്കും പെരിസിച്ചിനും കാര്യമായി ഒന്നും ചെയ്യാനായില്ല.

രണ്ടാം പകുതിയിലും സ്പർസ് മികച്ച മുന്നേറ്റങ്ങളുമായി മുന്നിട്ട് നിന്നപ്പോൾ ഇന്റർ ആക്രമണ നിര തണുപ്പൻ ഫോം തുടർന്നു. 53 ആം മിനുട്ടിൽ സ്പർസിന് അർഹിച്ച ലീഡ് പിറന്നു. എറിക്സന്റെ ഷോട്ട് ജാവോ മിറാണ്ടയുടെ ദേഹത്ത് തട്ടി ഇന്റർ വലയിൽ പതിക്കുകയായിരുന്നു. പിന്നീടും ലമേലയിലൂടെ സ്പർസിന് ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ലീഡ് ഉയർത്തനായില്ല.

ഏറെ നേരം മത്സരത്തിൽ ഒന്നും ചെയ്യാനാവാതെ നിന്ന ഇക്കാർഡി പക്ഷെ 85 ആം മിനുട്ടിൽ ഇന്ററിന്റെ രക്ഷക്കത്തി. അസമാവോയുടെ പാസിൽ ക്യാപ്റ്റൻ ഇക്കാർടിയുടെ കിടിലൻ വോളിയിൽ ഇന്ററിന്റെ സമനില ഗോൾ പിറന്നു. പിന്നീടുള്ള സമയം ഇന്റർ തുടർച്ചയായി സ്പർസ് ഗോൾ മുഖം ആക്രമിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടിൽ വസിനോയിലൂടെ ഇന്റർ ലീഡ് നേടി അവരുടെ തിരിച്ചുവരവ് പൂർത്തിയാക്കി.

ജയത്തോടെ ബാഴ്സ അടങ്ങുന്ന ഗ്രൂപ്പിൽ ഇന്ററിന്റെ സാധ്യത ഉയർന്നു.

ചാമ്പ്യൻസ് ലീഗ് തുടങ്ങി, മെസ്സിയും!! ബാഴ്സലോണക്ക് വമ്പൻ ജയം

ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് സീസണ് മെസ്സിയുടെ മാന്ത്രിക സ്പർശത്തോടെ തന്നെ തുടക്കം. ഇന്ന് ഡച്ച് ചാമ്പ്യന്മാരായ പി എസ് വിയെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകൾക്ക് കാമ്പ്നൗവിൽ ജയിച്ചപ്പോൾ ഹാട്രിക്കുമായി താരമായത് മെസ്സി തന്നെ ആയിരുന്നു. ആദ്യ പകുതിയിൽ 32ആം മിനുട്ടിൽ ഒരു ഗംഭീര ഫ്രീകിക്ക് ഗോളിലൂടെ ആയിരുന്നു മെസ്സി ഈ സീസണിലെ തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടിയത്.

മെസ്സിയുടെ കരിയറിലെ 42ആമത് ഡയറക്ട് ഫ്രീകിക്ക് ഗോളായിരുന്നു ഇത്. 25യാർഡ് അകലെ നിന്നാണ് തന്റെ ഇടം കാലു കൊണ്ട് മെസ്സി ആ ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ചത്.കളിയുടെ 75ആം മിനുട്ടിൽ മറ്റൊരു സുന്ദര സ്ട്രൈക്കിലൂടെ ഡെംബലെ ബാഴ്സയുടെ ലീഡ് ഇരട്ടിയാക്കി. ഡെംബലയുടെ ഗോളും ബോക്സിന് പുറത്ത് നിന്നായിരുന്നു.

ഡെംബലയുടെ ഗോളിന് തൊട്ടു പിറകെ മെസ്സി തന്റെ രണ്ടാം ഗോളും നേടി. റാകിറ്റിചിന്റെ പാസിൽ നിന്നായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ. 87ആം മിനുട്ടിൽ മെസ്സി തന്റെ ഹാട്രിക്കും തികച്ചു. സുവാരസിന്റെ പാസിൽ നിന്നായിരുന്നു മെസ്സിയുടെ മൂന്നാം ഗോൾ. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മെസ്സി നേടുന്ന 63ആം ഗോളായി ഇത്.

ബാഴ്സലോണ 3-0 ലീഡിൽ നിൽക്കുമ്പോൾ ബാഴ്സ ഡിഫൻഡർ ഉംറ്റിറ്റി രണ്ടാം മഞ്ഞ കണ്ട് കളം വിട്ടത് ബാഴ്സക്ക് തിരിച്ചടിയായി എങ്കിലും അതിൽ ബാഴ്സ പതറിയില്ല. ഇനി ടോട്ടൻഹാമിനോടാണ് ബാഴ്സയുടെ ചാമ്പ്യൻസ് ലീഗിലെ മത്സരം.

യുവന്റസ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തും- ബെർബറ്റോവ്

ഇറ്റാലിയൻ ജേതാക്കളായ യുവന്റസ് ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബറ്റോവ്. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെയോ, ബാർസെലോണയെയോ ആവും അവർ നേരിടുക എന്നും ബെർബ പ്രവചിച്ചിട്ടുണ്ട്.

ബാഴ്സലോയുടെ സാധ്യതകൾ ഇത്തവണ കൂടുതലാണ് എന്ന് ബെർബ അഭിപ്രായപ്പെട്ടു. റയലിന് റൊണാൾഡോയെ നഷ്ടമായത് തിരിച്ചടിയാകും. മികച്ച പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ തവണത്തെക്കാൾ മികച്ച പ്രകടനമാകും നടത്തുക എന്നും ബെർബ പറഞ്ഞു.

2009 ൽ മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ബെർബറ്റോവ് അന്ന് ബാഴ്സലോണയോട് പരാജയപ്പെട്ടിരുന്നു.

ബാഴ്സലോണ ഇന്ന് പി എസ് വിക്ക് എതിരെ, ടീമിൽ മാൽകോം ഇല്ല

ഇന്ന് ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ബാഴ്സലോണ 18 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ടീമിൽ ബ്രസീലിയൻ യുവതാരം മാൽകോം ഇല്ല. പരിക്കാണ് മാൽകോമിനെ ടീമിൽ നിന്ന് പുറത്താക്കിയത്. മാൽകോമിനെ കൂടാതെ ഡെനിസ് സുവാരസ്, വെർമാലെൻ, സാമ്പെർ എന്നിവർക്കും അവസാന 18ൽ സ്ഥാനം ലഭിച്ചില്ല. 1997ന് ശേഷം ഇതുവരെ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പരാജയം അറിയാത്ത ടീമാണ് ബാഴ്സലോണ.

ടോട്ടൻഹാം, ഇന്റർ മിലാൻ, പി എസ് വി എന്നിവർ അടങ്ങിയ ബി ഗ്രൂപ്പിലാണ് ബാഴ്സലോണ. ഇത്തവണ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും ശക്തമായ ഗ്രൂപ്പുകളിൽ ഒന്ന് കൂടിയാണിത്.

ടീം; Ter Stegen, Semedo, Piqué, I. Rakitic, Sergio, Coutinho, Arthur, Luis Suárez, Messi, O. Dembélé, Rafinha, Cillessen, Lenglet, Jordi Alba, Munir, S. Roberto, Vidal, Umtiti.

ചാമ്പ്യൻസ് ലീഗ് യുദ്ധം ഇന്ന് മുതൽ

2018-19 സീസൺ ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കം. ബാഴ്സലോണയും പി എസ് വി ഐന്തോവനും തമ്മിലുള്ള പോരാട്ടത്തോടെയാണ് ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കമാകുന്നത്‌. പതിവിൽ നിന്ന് മാറ്റമായി ഇത്തവണ 10.25, 12.30 എന്നീ രണ്ട് കിക്കോഫുകൾ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകും. കഴിഞ്ഞ വർഷം വരെ 12.30 കിക്കോഫുകൾ ആയിരുന്നു ചാമ്പ്യൻസ് ലീഗിന്റെ പതിവ്. എന്നാൽ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മാച്ച് ഡേയിലും രണ്ട് മത്സരങ്ങൾ 10.25നും ആരംഭിക്കും.

8 മത്സരങ്ങളാണ് ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്നത്. ഇന്റർ മിലാൻ vs ടോട്ടൻഹാം, ലിവർപൂൾ vs പി എസ് ജി, അത്ലറ്റിക്കോ മാഡ്രിഡ് vs മൊണാക്കോ എന്നിവയാണ് ഇന്നത്തെ മത്സരങ്ങളിലെ കടുത്ത പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് നാളെ ആണ് കളത്തിൽ ഇറങ്ങുന്നത്. റൊണാൾഡോയുടെ യുവന്റസിനും നാളെയാണ് മത്സരം.

ചാമ്പ്യൻസ് ലീഗ് : ആദ്യ മത്സരത്തിൽ സ്പർസിന് രണ്ട്‌ പ്രധാന താരങ്ങളെ നഷ്ടമാകും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം തുടങ്ങാനിരിക്കെ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടൻഹാം ഹോട്ട്സ്പർസിന് കനത്ത തിരിച്ചടി. ടീമിലെ അഭിവാജ്യ ഘടകങ്ങളായ ഡലെ അലിയും ക്യാപ്റ്റൻ ഹ്യുഗോ ലോറിസും പരിക്ക് കാരണം കളിച്ചേക്കില്ല.

ഇന്റർ മിലാന് എതിരെയാണ് സ്പർസിന്റെ ആദ്യ മത്സരം. ഒന്നാം നമ്പർ ഗോളിയായ ലോറിസ് തുടക്ക് ഏറ്റ പരിക്ക് കാരണം പ്രീമിയർ ലീഗിലും കളിച്ചിരുന്നില്ല. ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ് അലിയെ ചതിച്ചത്.

കെയ്നിന് വിശ്രമം കൊടുക്കാൻ തനിക്ക് ഭ്രാന്ത് ആകണമെന്ന് പൊചടീനോ

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്റർ മിലാനെ നേരിടാൻ ഇറങ്ങുന്ന ടോട്ടൻഹാം, ആ മത്സരത്തിൽ കെയ്നിന് വിശ്രമം നൽകില്ല എന്ന് പോചടീനൊ പറഞ്ഞു. കെയ്നിന് ഇന്റർ മിലാനെതിരെ വിശ്രമം നൽകാൻ തനിക്ക് ഭ്രാന്ത് ആകണമെന്നും പൊചടീനോ പറഞ്ഞു. മോശം ഫോമിലുള്ള ഹാരി കെയ്ന് വിശ്രമം നൽകിക്കൂടെ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് പൊചടീനോ ഇത്തരമൊരു ഉത്തരം നൽകിയത്.

കെയ്നിന്റെ മോശം പ്രകടനം കൂടുതൽ മത്സരങ്ങൾ കളിക്കുന്നത് കൊണ്ടല്ല എന്നും പൊചടീനോ പറഞ്ഞു. കെയ്ൻ അവസാന മത്സരത്തിൽ ഫോം ആകാത്തത് കെയ്നിന്റെ മാത്രം പ്രശ്നമല്ല. ടീം മികച്ചു നിന്നാലെ കെയ്നിന് ഫോമിലെത്താൻ പറ്റൂ എന്നും പൊചടീനോ പറഞ്ഞു. കെയ്ന് മികച്ച താരമാണെന്നു ഏതു നിമിഷവും അദ്ദേഹം ഗോൾ കണ്ടെത്താമെന്നും സ്പർസ് പരിശീലകൻ പറഞ്ഞു.

അവസാന രണ്ടു മത്സരങ്ങളിലും ടോട്ടൻഹാം പരാജയപ്പെട്ടിരുന്നു. ലോകകപ്പിൽ അവസാനം വരെ കളിച്ച നിരവധി താരങ്ങൾ ടീമിൽ ഉണ്ട് എന്നതാണ് ടീമിന്റെ പ്രകടനം മോശമാകാൻ കാരണം എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

തന്റെ ഗോൾ മികച്ച ഗോൾ ആവാതിരുന്നത് അത്ഭുതപ്പെടുത്തി എന്ന് ബെയിൽ

യുവേഫയുടെ ഗോൾ ഓഫ് ദ സീസൺ അവാർഡിലെ അവസാന ലിസ്റ്റിൽ തന്റെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോൾ എത്തിയില്ല എന്നത് അത്ഭുതപ്പെടുത്തി എന്ന് റയൽ മാഡ്രിഡ് താരം ഗരെത് ബെയിൽ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബെയ്ല് നേടിയ ബൈസിക്കിൾ കിക്ക് ഗോളായിരുന്നു റയലിന്റെ കിരീടം ഉറപ്പിച്ചത്. പക്ഷെ ആ ഗോൾ മികച്ച ഗോളുകളുടെ അവസാന ലിസ്റ്റിൽ എത്തിയിരുന്നില്ല.

യുവേഫ ചാമ്പ്യൻസ് ലീഗിനെ പ്രതിനിധീകരിച്ച് റൊണാൾഡോ യുവന്റസിനെതിരെ നേടിയ ബൈസിക്കിൾ കിക്ക് ഗോളായിരുന്നു ഫൈനൽ ലിസ്റ്റിൽ എത്തിയത്. തന്റെ ഗോൾ എത്താതിരുന്നത് അത്ഭുതപ്പെടുത്തി എന്ന് പറഞ്ഞ ബെയിൽ ആരൊക്കെയാണ് തിരഞ്ഞെടുത്ത ജൂറിയിൽ ഉണ്ടായിരുന്നത് എന്ന് തനിക്ക് അറിയണമെന്നും അവരെ പുറത്താക്കണമെന്നും തമാശ പറയുകയും ചെയ്തു.

തന്റെ ഗോളാണോ റൊണാൾഡോയുടെ ഗോളാണോ മികച്ചത് എന്ന് പറയാൻ താൻ ആളല്ല എന്നും ബെയിൽ പറഞ്ഞു

ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് നിരക്കിൽ വലൻസിയക്ക് പണി കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

ചാമ്പ്യൻസ് ലീഗിൽ  മാഞ്ചസ്റ്റർ യുണൈറ്റഡ് – വലൻസിയ മത്സരത്തിൽ  വലൻസിയ ആരാധകർക്കുള്ള ടിക്കറ്റ് തുക വർദ്ധിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. വലൻസിയയിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഹോം മത്സരത്തിൽ വലൻസിയ ആരാധകരുടെ ടിക്കറ്റ് തുക വർദ്ധിപ്പിച്ചത്.

വർധിപ്പിച്ച തുകയിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം വലൻസിയ മത്സരം കാണാൻ പോവുന്ന ആരാധകർക്കുള്ള ടിക്കറ്റ് നിരക്കിൽ കുറച്ച് നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ ആരാധകർക്കായി 77 യൂറോയുടെ ടിക്കറ്റുകളാണ് വലൻസിയ നൽകിയത്.

ടിക്കറ്റിന്റെ വില കുറക്കാൻ വലൻസിയ അധികൃതരോട് മാഞ്ചസ്റ്റർ യുണൈറ്റഡ് അപേക്ഷിച്ചെങ്കിലും ടിക്കറ്റ് തുക കുറക്കാൻ വലൻസിയ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് വലൻസിയ എവേ ഫാൻസിനുള്ള ടിക്കറ്റ് തുക കൂട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. ഇതോടെ ഒരു ടിക്കറ്റിന് 25യൂറോ അധികം ഈടാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. ആരാധകർക്ക് നൽകുന്ന കിഴിവ് കഴിഞ്ഞു കൂടുതൽ തുക ലഭിച്ചാൽ അത് ക്ലബ്ബിന്റെ ചാരിറ്റിയിലേക്ക് സംഭവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗിനായുള്ള പോരാട്ടം റയലും യുവന്റസും തമ്മിലാകും – പിർലോ

ചാമ്പ്യൻസ് ലീഗിനായുള്ള പോരാട്ടം റയലും യുവന്റസും തമ്മിലാകുമെന്നു ഇറ്റാലിയൻ ഇതിഹാസം പിർലോ. ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകൾ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസുമാണ്. മാഞ്ചസ്റ്റർ സിറ്റിക്കും പിഎസ്ജിക്കും ബാഴ്‌സലോണയ്ക്കുമാണ് പിന്നീട് താൻ സാധ്യത കൽപ്പിക്കുന്നതെന്നും പിർലോ കൂട്ടിച്ചെർത്തു.

മികച്ച ടീമും, ടീം മെന്റാലിറ്റിയും മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഫിസിക്കൽ ഫിറ്റ്നസും ഉള്ള ടീമുകൾക്ക് മാത്രമേ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് നേടാൻ സാധിക്കുകയുള്ളു എന്ന് മുൻ ലോക ചാമ്പ്യൻ കൂടിയായ പിർലോ പറഞ്ഞു. കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയെങ്കിലും ജാർഗൻ ക്ലോപ്പിന്റെ ലിവർപൂൾ മറ്റു യൂറോപ്പ്യൻ ടീമുകളുടെ അത്രയ്ക്ക് ശക്തരല്ലെന്നും പിർലോ കൂട്ടിച്ചെർത്തു.

Exit mobile version