ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ഹോഫൻഹെയിമിന് സമനില

ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റ മത്സരത്തിൽ ഹോഫൻഹെയിമിന് സമനില. ഉക്രേനിയന് ടീമായ ശാക്തറുമായുള്ള മത്സരമാണ് സമനിലയിലായത്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമടിച്ചാണ് പോയന്റ് പങ്കിട്ടത്.

ഫ്ലോറിയാൻ ഗ്രിലിഷ്, ഹവാർഡ് നോർടെയിവിറ്റ് എന്നിവരാണ് ഹോഫൻഹെയിമിന് വേണ്ടി ഗോളടിച്ചത്. ഇസ്മൈലിയും മൈക്കോണുമാണ് ശാക്തറിനു വേണ്ടി ഗോളടിച്ചത്. ജൂലിയൻ നൈഗൽസ്മാന്റെയും ടീമിൻെറയും ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം മികച്ചതായിരുന്നു.

ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന പതിമൂന്നാമത്തെ ജർമ്മൻ ടീമായി ഹോഫൻഹെയിം ചരിത്രമെഴുതി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം ടീമുകൾ കളിച്ചെന്ന റെക്കോർഡ് ജർമ്മനിക്ക് സ്വന്തമായി. ഇതിനു മുൻപ് സ്പെയിനായിരുന്നു ആ നേട്ടം സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ സർവ്വാധിപത്യം ഹോഫൻഹെയിമിനായിരുന്നു. ഹോഫൻഹെയിമിന്റെ രണ്ടു ഗോളുകളും ആദ്യ പകുതിയിലായിരുന്നു. ആദ്യ പകുതിയിൽ മുന്നിട്ട് നിന്ന ഹോഫൻഹെയിം മൈക്കോണിന്റെ സ്റ്റണ്ണറിലാണ് സമനിലയിൽ കുരുങ്ങിയത്. അവസാന നിമിഷങ്ങളിൽ ഹോഫ്‌ഫെൻഹെയിം ഗോൾ കീപ്പർ ബൗമാൻ മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്.

അർജന്റീനൻ ഡിഫൻഡർക്ക് ഇരട്ട ഗോൾ, ഗ്രീക്ക് ചാമ്പ്യന്മാരെ വീഴ്ത്തി അയാക്സ് തുടങ്ങി

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ അയാക്സിന് ഏകപക്ഷീയമായ ജയം. ഗ്രീക്ക് ചാമ്പ്യന്മാരായ എ ഇ കെ ഏതൻസിനെ നേരിട്ട അയാക്സ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. അർജന്റീനൻ താരം തഗ്ലിയാഫികോയുടെ മാസ്മരിക പ്രകടനമാണ് ഇന്ന് അയാക്സിന്റെ ഹോമിൽ കണ്ടത്. ഇരട്ടഗോളുകളാണ് അർജന്റീൻ താരം ഇന്ന് നേടിയത്.

46ആം മിനുട്ടിലും കളിയുടെ 90ആം മിനുട്ടിലുമായിരുന്നു തഗ്ലിയാഫികോയുടെ ഗോളുകൾ. 1995ന് ശേഷം ആദ്യമായാണ് ഒരു അയാക്സ് ഡിഫൻഡർ ചാമ്പ്യൻസ് ലീഗിൽ ഇരട്ട ഗോളുകൾ നേടുന്നത്. 77ആം മിനുട്ടിൽ വാൻഡെ ബീകാണ് അയാക്സിനായി ഒരു ഗോൾ നേടിയത്. ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ഗ്രീക്ക് ചാമ്പ്യന്മാർക്ക് ഇന്നായില്ല.

2014ന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരം അയാക്സ് ജയിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും മികച്ച ടീം റയൽ മാഡ്രിഡ് തന്നെ – റോമ പരിശീലകൻ

യൂറോപ്പിലെ ഏറ്റവും മികച്ച ടീം റയൽ മാഡ്രിഡ് തന്നെയെന്നു ഇറ്റാലിയൻ ക്ലബ് റോമയുടെ പരിശീലകൻ എസ്‌ബിയോ ഡി ഫ്രാൻസിസ്‌കോ. ചാമ്പ്യൻസ് ലീഗിൽ റോമ – റയൽ മാഡ്രിഡ് പോരാട്ടത്തിന് മുന്നോടിയായാണ് റോമ പരിശീലകൻ റയലിനെ കുറിച്ച് മനസ് തുറന്നത്. സിദാന്റെ അഭാവത്തിലും മികച്ച ഫുട്ബോൾ കളിക്കുന്ന റയലിനെ മറികടക്കാൻ തങ്ങൾക്കാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം രേഖപ്പെടുത്തി.

ഇറ്റലിയിൽ സമീപ കാലത്തെ ഏറ്റവും മോശം പ്രകടനമാണ് റോമ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെ അട്ടിമറിച്ച റോമയെ അങ്ങനെ എഴുതിത്തള്ളാനുമാകില്ല. അസെൻസിയോയും സോൾ നിഗ്‌വേസുമാണ് സ്പാനിഷ് ഫുട്ബാളിന്റെ ഭാവി താരങ്ങൾ എന്നുപറഞ്ഞ റോമൻ പരിശീലകൻ റൊണാൾഡോയുടെ അഭാവം റയലിനെ ബാധിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

വിനീഷ്യസില്ല, ശക്തമായ നിരയുമായി റോമയ്‌ക്കെതിരെ റയൽ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിനായി റയൽ മാഡ്രിഡ് ഇറങ്ങുന്നു. ഇറ്റാലിയൻ ടീം റോമയ്‌ക്കെതിരെയാണ് റയലിന്റെ മത്സരം. സുശക്തമായ ടീമുമായിട്ടാണ് റയൽ ഇന്നിറങ്ങുന്നത്. ബ്രസീലിയൻ യുവതാരം വിനീഷ്യസ് ടീമിൽ ഇടം നേടിയിട്ടില്ല.

സീനിയർ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയെങ്കിലും ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിനായി വിനീഷ്യസിന് കാത്തിരിക്കണം. തുടർച്ചയായ നാലാം കിരീടം മുന്നിൽ കണ്ടാണ് യുവേഫ ചാമ്പ്യൻസ് ലീഗ് കാമ്പെയിൻ റയൽ ആരംഭിക്കുന്നത്.

റോമയെക്കെതിരെയുള്ള റയൽ മാഡ്രിഡ് സ്‌ക്വാഡ് : Keylor, Casilla, Courtois; Carvajal, Ramos, Varane, Nacho, Marcelo, Kroos, Modric, Casemiro, Marcos Llorente, Asensio, Isco, Ceballos; Mariano, Benzema, Bale, Lucas Vazquez

നെയ്മറിനെ മാത്രം ക്രൂശിക്കേണ്ട , തോൽവിയിൽ എല്ലാവർക്കും പങ്ക് – തിയാഗോ സിൽവ

ലിവർപൂളിനെതിരായ തോൽവിക്ക് നെയ്മറിനെ മാത്രം കുറ്റം പറയേണ്ട കാര്യമില്ലെന്ന് പി എസ് ജി ക്യാപ്റ്റൻ തിയാഗോ സിൽവ. കളിച്ച എല്ലാവരും ഇക്കാര്യത്തിൽ കുറ്റക്കാർ ആണെന്നും സിൽവ. ആൻഫീൽഡിൽ ഫിർമിനോ അവസാന നിമിഷം നേടിയ ഗോളിൽ ലിവർപൂൾ 3-2 ന് ജയം സ്വന്തമാക്കിയിരുന്നു.

“നെയ്മർ ടീമിനെ സഹായിക്കാനാണ് ശ്രമിച്ചത്, പരിശീലകൻ ആവശ്യപ്പെട്ട രീതിയിലാണ് നെയ്മർ കളിച്ചത്” എന്നാണ് തിയാഗോ സിൽവ അഭിപ്രായപ്പെട്ടത്. ആളുകൾ ഒരു ഇരയെ തിരഞ്ഞെടുക്കും പക്ഷെ തോൽവിയിൽ പി എസ് ജി യുടെ എല്ലാ കളിക്കാർക്കും പങ്കുണ്ട്.

റെന്നെസിനെതിരെ ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ജയിക്കാനാവും പി എസ് ജി യുടെ ശ്രമം.

ഫർമീനോയ്ക്ക് ഒരു കണ്ണ് മതിയെന്ന് മാനെ

ലിവർപൂൾ ഫോർവേഡ് ഫർമീനോയ്ക്ക് ഒരു കണ്ണ് തന്നെ ധാരാളം എന്ന് സഹതാരം മാനെ. ഇന്നലെ കണ്ണിന്റെ പരിക്ക് വകവെക്കാതെ പി എസ് ജിക്ക് എതിരെ ഇറങ്ങിയ ഫർമീനോ ഇഞ്ച്വറി ടൈമിൽ ഗോൾ നേടി ലിവർപൂളിന് ജയം ഒരുക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ടോട്ടൻഹാമിനെതിരെ കളിക്കുമ്പോൾ ആയിരുന്നു ഫർമീനോയ്ക്ക് കണ്ണിന് പരിക്കേറ്റത്.

താരം പി എസ് ജിക്കെതിരെ കളിക്കില്ല എന്നായിരുന്നു ആദ്യം കരുതിയത്. താൻ ഫർമീനോയ്ക്ക് കണ്ണില്ലായെങ്കിലും കളിക്കാൻ ഉണ്ടാകണം എന്ന് സന്ദേശം അയച്ചിരുന്നു എന്ന് മാനെ പറഞ്ഞു. ഫർമീനോയുടെ നോ ലുക്ക് ഗോളുകൾ കണ്ട് ശീലിച്ചവർക്ക് അറിയാം ഫർമീനോയ്ക്ക് കളിക്കാൻ കണ്ണ് വേണ്ട എന്നുള്ളത് എന്നും താരം പറഞ്ഞു.

ഇന്നലത്തെ ജയത്തോടെ സീസണിലെ ആദ്യ ആറു മത്സരങ്ങളിൽ ആറും ജയിച്ചു നിൽക്കുകയാണ് ലിവർപൂൾ.

മോസ്കോയെ മറികടന്ന് ഗലാട്ടസറായ്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി യിൽ ഗലാട്ടസറായ് ലോകോമോട്ടിവ് മോസ്കോയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപിച്ചു. പോർട്ടോയും ശാൽകെയും അടങ്ങുന്ന ഗ്രൂപ്പിൽ ജയതോടെ അവർ ഗ്രൂപ്പിൽ ഒന്നാമതെത്തി.

ആദ്യ പകുതിയിൽ ഒൻപതാം മിനുട്ടിൽ ഗാരി റോഡ്രിഗസിലൂടെ മുന്നിലെത്തിയ അവർ പിന്നീട് രണ്ടാം പകുതിയിലാണ് ബാക്കി രണ്ട് ഗോളുകളും നേടിയത്. 67 ആം മിനുട്ടിൽ ഏറെൻ ഡർഡിയോക്കും 94 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ സെൽക് ഇനാനുമാണ് അവരുടെ മറ്റു ഗോളുകൾ നേടിയത്. ഇതിനിടെ ഗലാട്ടസറായ് താരം ബഡോ എൻടിയെ 87 ആം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.

ചാമ്പ്യൻസ് ലീഗിലെ ഒരു റെക്കോർഡിൽ ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസ്സി

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ പി എസ് വിക്കെതിരെ നേടിയ ഹാട്രിക്കോടെ മെസ്സി പുതിയ ഒരു റെക്കോർഡ് കൂടെ കുറിച്ചിരിക്കുകയാണ്‌. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക്ക് എന്ന റെക്കോർഡാണ് മെസ്സി ഇന്നലെ കുറിച്ചത്. മെസ്സിയുടെ എട്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഹാട്രിക്കായിരുന്നു ഇത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആണ് മെസ്സി മറികടന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എട്ട് ഹാട്രിക്കുകൾ ആണ് ചാമ്പ്യൻസ് ലീഗിൽ ഉള്ളത്. ഇരുവർക്ക് പിറകിൽ ഉള്ള ഒരു താരത്തിനും മൂന്നിൽ കൂടുതൽ ഹാട്രിക്ക് ഇല്ല. അഡ്രിയാനോ, ഇൻസാഗി, മരിയോ ഗോമസ് എന്നിവരാണ് ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഹാട്രിക്കുള്ള താരങ്ങൾ. ഇവരാണ് റൊണാൾഡോയ്ക്ക് പിറകിൽ ഉള്ളത്.

മെസ്സിയുടെ ബാഴ്സലോണ കരിയറിലെ 42ആം ഹാട്രിക്കായിരുന്നു ഇത്. മെസ്സിയുടെ ഹാട്രിക്കിന്റെ ബലത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്സലോണ ഇന്നലെ പി എസ് വിയെ തോൽപ്പിച്ചത്.

നാപോളിയെ സമനിലയിൽ തളച്ച് റെഡ്സ്റ്റാർ ബെൽഗ്രെഡ്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ നാപോളിയെ റെഡ്സ്റ്റാർ ബെൽഗ്രെഡ് സമനിലയിൽ തളച്ചു. ഗോൾ രഹിതമായ സമനിലയിലാണ് കാർലോ ആഞ്ചലോട്ടിയുടെ നാപോളിയെ റെഡ് സ്റ്റാർ കുരുക്കിയത്. ലിവർപൂൾ പിഎസ്ജിയെ പരാജയപ്പെടുത്തിയതിനാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണിപ്പോൾ നാപോളി. വിജയിക്കാമായിരുന്ന മത്സരമാണ് നാപോളിക്ക് നഷ്ടമായത്.

ലോറെൻസോ ഇൻസൈനെയും മരിയോ റോയിയും ക്രോസ്സ് ബാറുകളിൽ തട്ടിയകന്നപ്പോൾ നാപോളിക്ക് വിജയം അകന്നു നിന്നു. 1991 ശേഷം ആദ്യമായാണ് റെഡ്സ്റ്റാർ ചാമ്പ്യൻസ് ലീഗിലിറങ്ങുന്നത്. സെർബിയൻ ഫുട്ബോൾ ആരാധകരുടെ മുഴുവൻ ആവേശവും ആവാഹിച്ചെത്തിയ റെഡ്സ്റ്റാറിനെയല്ല കളിക്കളത്തിൽ കണ്ടത്. സമനിലയ്ക്ക് വേണ്ടി കളിച്ച റെഡ്സ്റ്റാർ ആ ഉദ്യമത്തിൽ വിജയിക്കുകയും ചെയ്തു.

പോർട്ടോയെ സമനിലയിൽ തളച്ച് ഷാൽകെ

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞ് പോർട്ടോയും ഷാൽകെയും. ഓരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. ജർമ്മനിയിലെ മോശം പ്രകടനത്തിന്റെ തുടർച്ചയായിരുന്നു ഡൊമിനിക്ക് ട്രേഡ്‌സ്‌കോയുടെ ഷാൽകെയുടെ പ്രകടനം . എന്നാൽ രണ്ടു പെനാൽറ്റി ലഭിച്ച പോർട്ടോയെ സമനിലയിൽ കുടുക്കിയ ഷാൽകെയ്ക്ക് മത്സരഫലം ആശ്വാസമാണ്.

ക്യാപ്റ്റൻ റാൽഫ് ഫർമാന്റെ മികച്ച സേവാണ് മത്സരത്തിൽ റോയൽ ബ്ലൂസിനു തുണയായത്. ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ വെസ്റ്റൻ മക്കെന്നെയുടെ അസിസ്റ്റിൽ ബ്രീൽ എംബോലോയാണ് ഷാൽകെയുടെ ഗോളടിച്ചത്. അലക്സ് ടെലിസിന്റെ പെനാൽറ്റി സേവ് ചെയ്തതിനു ശേഷമാണ് കൗണ്ടർ അറ്റാക്കിൽ ഗോൾ വീഴുന്നത്. എന്നാൽ രണ്ടാം പെനാൽറ്റി എടുത്ത ഒട്ടാവിയോയ്ക്ക് പിഴച്ചില്ല. പോർട്ടോ സമനില നേടി.

 

കസിയസിന് ഇത് ഇരുപതാം ചാമ്പ്യൻസ് ലീഗ്, ചരിത്ര നിമിഷം

സ്പാനിഷ് ഇതിഹാസ ഗോൾ കീപ്പർ ഇന്നലെ പോർട്ടോയ്ക്കായി ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയത് ചാമ്പ്യൻസ് ലീഗിൽ തന്നെ ഒരു പുതിയ ചരിത്രമായി. കസിയസ് ഇന്നലത്തെ മത്സരത്തോടെ ഇരുപത് ചാമ്പ്യൻസ് ലീഗ് സീസണുകളിൽ കളിച്ചു എന്ന റെക്കോർഡ് ആണ് കസിയസ് കുറിച്ചത്. വേറെ ഒരു താരവും ഇതുവരെ ഇരുപത് ചാമ്പ്യൻസ് ലീഗ് സീസണുകളിൽ കളിച്ചിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സിന്റെ റെക്കോർഡാണ് കസിയസ് മറികടന്നത്. ഗിഗ്സ് 19 സീസണുകളിൽ ചാമ്പ്യൻസ് ലീഗ് കളിച്ചിരുന്നു. 17 സീസണുകളിൽ ചാമ്പ്യൻസ് ലീഗ് കളിച്ച യുണൈറ്റഡിന്റെ തന്നെ സ്കോൾസാണ് ഗിഗ്സിന് പിറകിക് ഉള്ളത്. 20 സീസണുകൾ കളിച്ച കസിയസ് മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. 20 സീസണുകളിൽ 16 സീസണുകളും കസിയസ് റയൽ മാഡ്രിഡിനായാണ് കളിച്ചത്.

പിറന്നാൾ ഗോളുമായി ആഘോഷിച് പുലിസിച്, ഡോർട്മുണ്ടിന് ജയം

ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിൽ ജയമില്ലാണ്ട് മടങ്ങേണ്ടി വരുമെന്ന് കരുതിയ ബൊറൂസിയ ഡോർട്മുണ്ടിന്റെ രക്ഷകനായി പുലിസിച് എത്തി. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ക്ലബു ബ്രുഗെയെ ഏകഗോളിനാണ് ഡോർട്മുണ്ട് പരാജയപ്പെടുത്തിയത്. ആ ഏക ഗോൾ പിറന്നത് കളി അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ ആയിരുന്നു.

അമേരിക്കൻ യുവതാരം പുലിസിചിന്റെ ബൂട്ടിൽ നിന്നായിരുന്നു ഗോൾ പിറന്നത്. താരത്തിന്റെ ഇരുപതാം ജന്മദിനം കൂടിയായിരുന്നു ഇന്ന്‌. ബുണ്ടസ് ലീഗ താരങ്ങൾ ജന്മദിന നാളിൽ ചാമ്പ്യൻസ് ലീഗ് ഗോൾ നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. മുമ്പ് 1996ൽ സ്റ്റീഫൻ റുയിറ്റർ ആണ് പിറന്നാൾ ദിനത്തിൽ ചാമ്പ്യൻസ് ലീഗ് ഗോൾ അടിച്ചിട്ടുള്ളത്.

പുലിസിചിന്റെ ഡോർട്മുണ്ടിനായുള്ള നൂറാം മത്സരം കൂടിയായിരുന്നു ഇത്.

Exit mobile version