വിശ്വാസം അതല്ലേ എല്ലാം, നെയ്മറിന്റെ ഒരു ശതമാനത്തിലെ വിശ്വാസം തീർത്ത വിസ്മയം

- Advertisement -

ജയിക്കാൻ ഒരു ശതമാനം മാത്രമാണ് സാധ്യത എങ്കിൽ അതിൽ ഞങ്ങൾ വിശ്വസിക്കുന്നു എന്നു നെയ്മർ പറഞ്ഞപ്പോൾ വിശ്വാസത്തിന് ഫുട്ബോളിനു നൽകാൻ കഴിയുന്ന വിസ്മയങ്ങളെ ഓർത്തു കാണും. ഇസ്താംബൂളിൽ ലിവർപൂൾ വിശ്വാസം ഇറ്റാലിയൻ ശക്തികളെ തകർത്ത വിസ്മയം, അതിനും മുമ്പേ ഇതേ ക്യാമ്പ്നൗവിൽ അവസാന നിമിഷങ്ങളിൽ മാഞ്ചസ്റ്ററിന്റെ ചുവന്ന ചെകുത്താന്മാർ വിശ്വാസം കൈവിടാതെ രണ്ടു നിമിഷങ്ങൾ കൊണ്ട് ട്രോഫിയിൽ പേരെഴുതു തുടങ്ങിയിരുന്ന ജർമൻ ശക്തികളെ തകർത്തത്… വിശ്വാസത്തിന് ഫുട്ബോളിൽ വിസ്മയങ്ങൾ തീർക്കാൻ കഴിയുമെന്ന് നെയമർ ഇന്നലെ വീണ്ടും തെളിയിച്ചു.

4-0നു പിറകിൽ നിന്ന് ഒരു ടീമും ഇതുവരെ തിരിച്ചു വന്നിട്ടില്ലാ എന്നറിയില്ലേ എന്ന് ഭൂരിഭാഗം ഫുട്ബോൾ പ്രേമികളും ആവർത്തിച്ചു പറഞ്ഞു. “ഇത് ബാർസയാണ് തിരിച്ചുവന്നിരിക്കും” എന്നിപ്പൊ പറയുന്നവർക്ക് ഇന്നലെ വരെ “ഇത് പി എസ് ജിയാണ് നാലൊന്നും നടക്കില്ല” എന്നായിരുന്നു ബോധം. പക്ഷെ ബാർസ വിശ്വസിച്ചു. നെയ്മറും. തുടക്കം മുതൽ ഒടുക്കം വരെ മിഡ്ഫീൽഡിൽ ആളെ കൂട്ടി മെസ്സിയെ അനങ്ങാൻ വിടാതിരിക്കുക എന്നതായിരുന്നു പി എസ് ജി തന്ത്രം. മെസ്സി അനങ്ങാതിരുന്നാൽ തീരുമോ ബാർസലോണ?

എം എസ് എൻ സംഖ്യത്തിൽ ഒരാൾ അങ്ങു ഇടതു വിങ്ങിൽ ഉണ്ടായിരുന്നു. അവിടെ ഇടതു വിങ്ങിൽ തോമസ് മൂനിയയെ വെള്ളം കുടിപ്പിച്ച് കൊണ്ടേ ഇരുന്ന നെയ്മർ. നാപ്പത്തി ഒമ്പതാം മിനുട്ടിൽ ഇനിയേസ്റ്റയുടെ ത്രൂ പാസ് നെയ്മറിൽ എത്തിയേക്കില്ലായിരുന്നു പക്ഷെ ആ പന്തിനു വേണ്ടിയുള്ള നെയ്മറിന്റെ ശ്രമത്തിനിടെ മൂനിയയുടെ കാലിടറി. നെയ്മർ നേടിക്കൊടുത്ത ആ പെനാൾട്ടി മെസ്സിയുടെ ബൂട്ടിൽ നിന്നു ഗോളായി വീണപ്പോൾ ബാർസയുടെ സ്കോർ 3-0. പക്ഷെ കവാനിയുടെ ഗോൾ എല്ലാ പ്രതീക്ഷളും വീണ്ടും ഒരു മലകണക്കേ ഉയരത്തിലായെന്ന് ബാർസയെ തോന്നിപ്പിച്ചു. എമ്പത്തി എട്ടാം മിനുട്ടിൽ നെയ്മർ അവതരിക്കുന്നത് വരെ.

സ്കോർ ചെയ്യാൻ പ്രയാസമായിരുന്ന ആങ്കിളിലിൽ നിന്നും നെയ്മർ എടുത്ത ഫ്രീകിക്ക് പി എസ് ജി ഗോളി ട്രാപ്പിനെ ട്രാപ്പിലാക്കി. പിന്നീടങ്ങോട്ട് നടന്നത് സ്വപ്നങ്ങളിൽ പോലും കാണാത്ത ‘സ്വപ്നങ്ങളായിരുന്നു’. തൊണ്ണൂറ്റി ഒന്നാം മിനുട്ടിൽ വീണ്ടും നെയ്മറിന്റെ ഗോൾ. സ്കോർ 5-1. എവേ ഗോൾ മാത്രമായിരുന്നു ബാർസയെ പിറകിലാക്കിയത്. തൊണ്ണൂറ്റി അഞ്ചാം മിനുട്ടിൽ നെയ്മർ തന്റെ വലതു കാലിൽ നിന്നു വെറാട്ടിയെ അകറ്റി ഇടതു കാലിലേക്ക് പന്തു മാറ്റി ബോക്സിലേക്ക് ചെയ്ത ക്രോസിന്റെ അറ്റത്ത് സെർജിയോ റൊബേർട്ടോ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ തിരിച്ചുവരവിനെ വലയിലെത്തിച്ച് ഫിനിഷ് ചെയ്യുന്നു. താൻ പറഞ്ഞ ഒരു ശതമാനം വിശ്വാസത്തെ വിസ്മയമാക്കി മാറ്റി നെയ്മർ ബാർസ ആഹ്ലാദങ്ങളിലേക്ക് കുതിച്ചു.

Advertisement