നെയ്മർ ഇരട്ട ഗോളിൽ ഓൾഡ്ട്രാഫോർഡിൽ പി എസ് ജി മാഞ്ചസ്റ്ററിനെ വീഴ്ത്തി

Img 20201203 032406
- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഒരു സംഭവബഹുലമായ മത്സരമാണ് കാണാൻ കഴിഞ്ഞത്. പി എസ് ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ വന്ന മത്സരത്തിൽ ഓൾഡ്ട്രാഫോർഡിൽ തീപാറി എന്ന് തന്നെ പറയാം. മികച്ച മത്സരമാണ് നടന്നത് എങ്കിലും റഫറിയുടെ മോശം തീരുമാനങ്ങൾ ആണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. മത്സരം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ച് കൊണ്ട് പി എസ് ജി അവരുടെ നോക്കൗട്ട് യോഗ്യത പ്രതീക്ഷ സജീവമാക്കുകയും ചെയ്തു.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഗംഭീരമായി മത്സരം തുടങ്ങിയത് പി എസ് ജി ആയിരുന്നു. മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ പി എസ് ജി മുന്നിൽ എത്തി. നെയ്മറിന്റെ ഗോളായിരുന്നു പി എസ് ജിക്ക് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം പി എസ് ജി തുടർ ആക്രമണങ്ങൾ നടത്തി എങ്കിലും പതിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിലേക്ക് വന്നു. 32ആം മിനുട്ടിൽ ഒരു വലിയ ഡിഫ്ലക്ഷന്റെ സഹായത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില ഗോൾ കണ്ടെത്തി.

വാൻ ബിസാകയുടെ പാസ് സ്വീകരിച്ച് റാഷ്ഫോർഡ് തൊടുത്ത ഷോട്ട് ഡിഫ്ലക്ഷന്റെ സഹായത്തോടെ വലയിൽ എത്തുക ആയിരുന്നു. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് ആധിപത്യം ആണ് കളിയിൽ കണ്ടത്. എന്നാൽ സുവർണ്ണാവസരങ്ങൾ തുലച്ചത് യുണൈറ്റഡിന് വിനയായി. മാർഷ്യലിന് മാത്രം രണ്ട് ഓപൺ ചാൻസുകൾ ആണ് ലഭിച്ചത്. പക്ഷെ രണ്ടും ലക്ഷ്യത്തിൽ എത്തിക്കാൻ ഫ്രഞ്ച് താരത്തിനായില്ല.

കവാനിയുടെ ഒരു ശ്രമം ആകട്ടെ പോസ്റ്റിൽ തട്ടി മടങ്ങി. മറുവശത്ത് മാർക്കിനസിന്റെ ഒരു ശ്രമവും പോസ്റ്റിൽ തട്ടി. എന്നാൽ 60ആം മിനുട്ടിൽ മാർകിനസിലൂടെ തന്നെ പി എസ് ജി ലീഡ് എടുത്തു. എന്നാൽ ആ ഗോൾ ഓഫ്സൈഡ് ആണെന്ന് റിപ്ലേയിൽ തെളിഞ്ഞു എങ്കിലും വാർ ഗോൾ നിഷേധിച്ചില്ല. ഈ വിധിക്ക് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫ്രെഡ് ചുവപ്പ് കാർഡും കണ്ടു. അതും തെറ്റായ തീരുമാനം ആയിരുന്നു. എന്നാൽ അതും വാർ തിരുത്തിയില്ല.

ഫ്രെഡ് ആദ്യ പകുതിയിൽ തന്നെ ചുവപ്പ് കാർഡിനോട് അടുത്തിട്ടും താരത്തെ പിൻവലിക്കതിരുന്നതും യുണൈറ്റഡിന് വിനയായി. പത്തു പേരുമായും മാഞ്ചസ്റ്റർ യുണൈറ്റഡ് പൊരുതി എങ്കിലും സമനില ഗോൾ വന്നില്ല. അവസാന നിമിഷം പി എസ് ജി നെയ്മറിലൂടെ മൂന്നാം ഗോൾ കൂടെ നേടിയതോടെ ഫ്രഞ്ച് ടീം മൂന്ന് പോയിന്റ് ഉറപ്പിച്ചു. പി എസ് ജിയുടെ വിജയം ഗ്രൂപ്പിൽ നിന്ന് ആര് ഒക്കെ യോഗ്യത നേടും എന്നത് പ്രവചനാതീതമായി. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലൈപ്സിഗ്, പി എസ് ജി എന്നീ മൂന്ന് ടീമുകൾക്കും ഇപ്പോൾ 9 പോയിന്റാണ് ഉള്ളത്.

Advertisement