അവസാന മിനുറ്റിലെ ഗോളിൽ ലിവർപൂളിനെ മറികടന്ന് നാപോളി

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ തറപറ്റിച്ച് നാപോളി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് നാപോളി ജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇൻസീനി നേടിയ ഗോളാണ് നാപോളിക്ക് വിജയം നേടിക്കൊടുത്തത്.

പതിവിൽ നിന്ന് വിപരീതമായി പ്രതിരോധത്തിൽ ഊന്നിയ കളിയാണ് ലിവർപൂൾ പുറത്തെടുത്തത്. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകത കാണിച്ച നാപോളി പലപ്പോഴും ഗോളിന് അടുത്ത് എത്തിയെങ്കിലും ഗോൾ നേടാൻ നാപോളിക്കായില്ല. ലിവർപൂൾ പോസ്റ്റിനു മുൻപിൽ അലിസണിന്റെ പ്രകടനവും അവരുടെ തുണക്കത്തുകയായിരുന്നു.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ലിവർപൂൾ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച നാപോളി മെർട്ടൻസിലൂടെ ഗോളിന് അടുത്ത് എത്തിയെങ്കിലും ബാറിൽ തട്ടി തെറിച്ചതും നാപോളിക്ക് തിരിച്ചടിയായി. തുടർന്ന് മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇൻസീനിയയിലൂടെ ഗോൾ ലിവർപൂളിനെ ഞെട്ടിച്ചത്. വലത് ഭാഗത്ത് നിന്ന് കാലഹോനിന്റെ മനോഹരമായി പാസിൽ നിന്നാണ് ഇൻസീനി ഗോൾ നേടിയത്. താരത്തിന്റെ സീസണിലെ ആറാമത്തെ ഗോളായിരുന്നു ഇത്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ നാപോളിയുടെ നോക് ഔട്ട് പ്രതീക്ഷകൾക്ക് പുതിയ ഊർജം നൽകുന്നതാണ് ഈ വിജയം. തോൽവിയോടെ ലിവർപൂൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായി.

Advertisement