Site icon Fanport

അവസാന നിമിഷം മൊറാട്ട യുവന്റസിനെ രക്ഷിച്ചു

ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് അവസാന നിമിഷം വിജയം. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തിൽ ഹംഗറി ക്ലബായ ഫെറങ്ക്വാരോസിനെ നേരിട്ട യുവന്റസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഈ സീസണിലെ സൈനിംഗ് ആയ മൊറാട്ടയാണ് വലിയ നിരാശയിൽ നിന്ന് അവസാന നിമിഷം യുവന്റസിനെ രക്ഷിച്ചത്. ഇന്ന് 19ആം മിനുട്ടിൽ യുവന്റസിനെ ഞെട്ടിച്ച് കൊണ്ട് ഫെറങ്ക്വാരോസ് ആണ് ലീഡ് എടുത്തത്.

ഉസുനി ആയിരുന്നു ഗോൾ നേടിയത്. അതിന് 35ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ മടക്കി. എന്നാൽ അതിനു ശേഷം വിജയ ഗോൾ കണ്ടെത്താൻ യുവന്റസ് ഏറെ വിഷമിച്ചു. 18 ഷോട്ടുകളോളം എടുത്തിട്ടും രണ്ടാം ഗോൾ വന്നില്ല. അവസാനം 92ആം മിനുട്ടിൽ മൊറാട്ട രക്ഷകനായി എത്തി ഒരു ഹെഡറിലൂടെ യുവന്റസിന് ജയം നൽകി. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ നാലു മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകൾ മൊറാട്ട നേടിയിട്ടുണ്ട്.

നാലു മത്സരങ്ങളിൽ 9 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് യുവന്റസ് ഇപ്പോൾ ഉള്ളത്. യുവന്റസും ബാഴ്സലോണയും നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു

Exit mobile version