രണ്ട് ഗോൾ, രണ്ട് അസിസ്സ്, മെസ്സി മാജിക്കിൽ ബാഴ്സലോണ ക്വാർട്ടറിൽ

അട്ടിമറികളൊന്നും കാറ്റലോണിയൻ ടീമിന് എതിരെ നടക്കില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് ബാഴ്സലോണ ക്വാർട്ടറിലേക്ക് കടന്നു‌. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ഏകപക്ഷീയ വിജയം നേടിയാണ് ബാഴ്സലോണ ക്വാർട്ടറിലേക്ക് കടന്നത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ ഇന്നത്തെ വിജയം. ആദ്യ പാദം ഗോൾ രഹിതമായായിരുന്നു അവസാനിച്ചത്.

ഇന്ന് പരിക്കേറ്റ ഡെംബലെയെ ബെഞ്ചിൽ ഇരുത്തി ആയിരുന്നു ബാഴ്സലോണ ഇറങ്ങിയത്. ഡെംബലെയുടെ അഭാവത്തിൽ കൗട്ടീനോ ഇന്ന് ആദ്യ ഇലവനിൽ തിരികെ എത്തി. കളിയുടെ ആദ്യ 31മിനുട്ടിൽ തന്നെ ബാഴ്സലോണ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മെസ്സിയും കൗട്ടീനോയുമാണ് ബാഴ്സലോണയുടെ ആദ്യ ഗോളുകൾ നേടിയത്. ഒരു പനേങ്ക പെനാൾട്ടിയിലൂടെ ആയിരുന്നു മെസ്സിയുടെ ഗോൾ. സുവാരസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു കൗട്ടീനോയുടെ ഗോൾ.

ബാഴ്സലോണയിൽ വിമർശനം നേരിട്ടു കൊണ്ടിരിക്കുക ആയിരുന്ന കൗട്ടീനോയ്ക്ക് ഈ ഗോൾ വലിയ ആത്മവിശ്വാസം നൽകും. രണ്ടാം പകുതിയിൽ ഒരു ഗോൾ മടക്കി സ്കോർ 2-1 ആക്കി ലിയോൺ ഒന്ന് വിറപ്പിച്ചു എങ്കിലും ആ ഗോളോടെ ബാഴ്സലോണ കൂടുതൽ ശക്തി പ്രാപിച്ചു. പിന്നെ തുടരെ തുടരെ ഗോളുകൾ വന്നു. 78ആം മിനുട്ടിൽ മെസ്സിയും, 81ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്ന് പികെയും ഗോൾ നേടി. സബ്ബായി എത്തിയ ഡെംബലെയും ഗോളടിയിൽ ഒപ്പം ചേർന്നു. ആ ഗോളും ഒരുക്കിയത് മെസ്സി തന്നെ ആയിരുന്നു. ഫൈനൽ വിസിൽ വരുമ്പോൾ 5-1ന്റെ വിജയം ബാഴ്സലോണ സ്വന്തമാക്കി.

ഈ വിജയത്തോടെ ക്വാർട്ടർ ഉറപ്പിച്ച ബാഴ്സലോണ മാത്രമാണ് ക്വാർട്ടറിൽ ഉള്ള ഏക സ്പാനിഷ് ടീം.