ഗോളല്ലേ വേണ്ടത്!! മെസ്സിയുടെ ആദ്യ പി എസ് ജി ഗോൾ എത്തി, മാഞ്ചസ്റ്റർ സിറ്റിയോട് കണക്ക് തീർത്ത് പാരീസ് പട

Img 20210929 021956

ലയണൽ മെസ്സിയുടെ പി എസ് ജി ജേഴ്സിയിലെ ആദ്യ ഗോൾ എവിടെ എന്നൊരു ചോദ്യം ഇനി വേണ്ട. പി എസ് ജിയുടെ ഈ സീസണിലെ ഏറ്റവും വലിയ മത്സരത്തിൽ തന്നെ മെസ്സിയുടെ ആദ്യ ഗോൾ എത്തി. ഈ ഗോൾ ഉൾപ്പെടെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്ന് പാരീസ് വെച്ച് പി എസ് ജി മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ പരാജയത്തിന് കണക്ക് തീർക്കൽ കൂടി ആയി വിജയം.

ഇന്ന് പാരീസിൽ നടന്ന വലിയ മത്സരത്തിൽ മെസ്സി ആദ്യ ഇലവനിൽ എത്തിയത് പി എസ് ജിക്ക് ഊർജ്ജം നൽകി. ഇരു ടീമുകളും അറ്റാക്കിങ് ഫുട്ബോൾ ആണ് ആദ്യം മുതൽ കളിച്ചത്. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ പി എസ് ജിക്ക് മുന്നിൽ എത്താൻ ആയി. വലതു ഭാഗത്ത് കൂടെ എമ്പപ്പെ നടത്തിയ ഒരു കുതിപ്പ് സിറ്റി ഡിഫൻസിനെ പ്രശ്നത്തിലാക്കി. എമ്പപ്പെ ബോക്സിലേക്ക് കട്ട് ചെയ്ത് കൊടുത്ത പന്ത് സ്വീകരിച്ച് മധ്യനിര താരം ഇദ്രിസ ഗയെ വലതുളച്ച് പി എസ് ജിക്ക് ലീഡ് നൽകി. താരത്തിന്റെ ഈ സീസണിലെ നാലാം ഗോളായിരുന്നു ഇത്.

ആദ്യ പകുതിയിൽ തന്നെ സമനില നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും ഫലം കണ്ടില്ല. 26ആം മിനുട്ടിൽ സ്റ്റെർലിംഗിന്റെ ഒരു ഹെഡർ ബാറിൽ തട്ടി മടങ്ങി. ആ ഷോട്ട് റീബൗണ്ട് ചെയ്ത ബെർണാഡോ സിൽവക്ക് ലക്ഷ്യം കാണാൻ ആവില്ല. രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ സിറ്റി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവർക്ക് പി എസ് ജി ഡിഫൻസിന് പിറകിലേക്ക് എത്താൻ ആയില്ല. 74ആം മിനുട്ടിലെ മെസ്സി ഗോൾ പി എസ് ജിയുടെ വിജയം ഉറപ്പിച്ചു.

മെസ്സി തന്നെ തുടങ്ങിയ അറ്റാക്ക് അവസാനം മെസ്സി തന്നെ ഫിനിഷ് ചെയ്യുക ആയിരുന്നു. മെസ്സിയുടെ ഇടം കാലൻ ഷോട്ട് നോക്കി നിന്ന് ആസ്വദിക്കാൻ മാത്രമെ സിറ്റി ഗോൾ കീപ്പർ എഡേഴ്സണ് ആയുള്ളൂ. ഈ ഗോളിന് ശേഷം ഒരു അവസരം മെഹ്റസിന് മറുവശത്ത് ലഭിച്ചു എങ്കിലും ഡൊണ്ണരുമ്മയുടെ സേവ് പി എസ് ജിയുടെ ക്ലീൻ ഷീറ്റ് നിലനിർത്തി. പി എസ് ജിയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തിൽ അവർ സമനില വഴങ്ങിയിരുന്നു.

Previous articleശക്തർക്ക് മുന്നിൽ ശക്തി ചേർന്നു, ചാമ്പ്യൻസ് ലീഗിൽ വീണ്ടും ജയമില്ലാതെ ഇന്റർ മിലാൻ
Next articleയാ ഷെരീഫ്!!! റയൽ മാഡ്രിഡിനെ മുട്ടുകുത്തിച്ച് ചാമ്പ്യൻസ് ലീഗിലെ പുതുമുഖക്കാർ