അത്ഭുതമാണ് എമ്പപ്പെ, ബാഴ്സലോണക്ക് സ്വന്തം ഗ്രൗണ്ടിൽ ദയനീയ പരാജയം

20210217 032153

ബാഴ്സലോണയിലേക്കുള്ള പി എസ് ജി മടക്കം കണക്കുകൾ തീർക്കാൻ വേണ്ടി തന്നെ ആയിരുന്നു. ഇന്ന് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബാഴ്സലോണയെ പി എസ് ജി നിലമ്പരിശാക്കി. എമ്പപ്പെ മുന്നിൽ നിന്ന് ആക്രമം നയിച്ചപ്പോൾ ബാഴ്സലോണ ഡിഫൻസ് എത്ര ദുർബലമാണെന്നത് ലോകത്തിന് വ്യക്തമായി. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരു‌‌ന്നു പി എസ് ജിയുടെ വിജയം.

തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു പി എസ് ജി ഈ വൻ വിജയം നേടിയത്. 27ആം മിനുട്ടിൽ ഡിയോങ് വിജയിച്ച പെനാൾട്ടി ലയണൽ മെസ്സി ലക്ഷ്യത്തിൽ എത്തിച്ചതോടെ ബാഴ്സലോണ മുന്നിൽ എത്തി. ബാഴ്സലോണ ഫോമിൽ എത്തി എന്നാണ് എല്ലാവരും കരുതിയത് എ‌ങ്കിലും പിന്നീട് കണ്ടത് എമ്പപ്പെ ഷോ ആയിരുന്നു. 32ആം മിനുട്ടിൽ വെറട്ടിയുടെ ഒരു ഫ്ലിക് പാസ് സ്വീകരിച്ച് ബോക്സിൽ നൃത്തമാടിയ ശേസം ഇടം കാലൻ ഷോട്ടിൽ എമ്പപ്പെ സമനില ഗോൾ കണ്ടെത്തി.

പിന്നീട് 65ആം മിനുട്ടിൽ എമ്പപ്പെയുടെ രണ്ടാം ഗോൾ വന്നു. പി എസ് ജിക്ക് ലീഡ് നൽകിയ ഗോൾ. ഈ ഗോൾ വീണതോടെ ബാഴ്സലോണ പോരാട്ടവീര്യം തീർന്നതു പോലെ ആയി. എഴുപതാം മിനുട്ടിൽ മോയിസെ കീൻ ലക്ഷ്യം കണ്ടു. പരദെസിന്റെ പാസിൽ നിന്നായിരുന്നു ആ ഗോൾ. 85ആം മിനുട്ടിൽ എമ്പപ്പെ ഹാട്രിക്ക് കൂടെ തികച്ചതോടെ ബാഴ്സലോണ പതനം പൂർത്തിയായി.രണ്ടാം പാദത്തിൽ പാരീസിൽ ചെന്ന് ബാഴ്സലോണ അത്ഭുതങ്ങൾ കാണിച്ചാൽ അല്ലാതെ ബാഴ്സലോണക്ക് ഇനി ക്വാർട്ടർ കാണാ‌ൻ ആവില്ല.

Previous articleപതിവ് ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്, കിബു വികൂന ക്ലബിൽ നിന്ന് പുറത്ത്
Next articleലൈപ്സിഗ് ഡിഫൻസിന്റെ സംഭാവനകൾ സ്വീകരിച്ച് വിജയവുമായി ലിവർപൂൾ മടങ്ങി