മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചാമ്പ്യൻസ് ലീഗിനായി സ്വിറ്റ്സർലാന്റിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ വന്ന ശേഷം പുതിയ ഊർജ്ജം ലഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിനായി ഇറങ്ങും. ഇന്ന് സ്വിറ്റ്സർലാന്റിൽ വെച്ച് യങ് ബോയ്സിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. അവസാന മത്സരത്തിൽ ന്യൂകാസിലിനെതിരെ വലിയ വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തോടെ തുടങ്ങാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായിരുന്നു.

ഇത്തവണ റൊണാൾഡോ, സാഞ്ചോ, വരാനെ എന്നിവരുടെ സാന്നിദ്ധ്യം മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ മുന്നോട്ട് പോകാൻ കരുത്താകും. പോഗ്ബ, ബ്രൂണോ എന്നീ താരങ്ങൾ ഗംഭീര ഫോമിലുമാണ്. ഇന്ന് വാൻ ഡെ ബീകിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഇറക്കിയേക്കും. ലിംഗാർഡും ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. പരിക്ക് കാരണം കവാനിയും ഡീൻ ഹെൻഡേഴ്സണും ഇന്ന് ഉണ്ടാകില്ല. മടങ്ങി വരവിലെ ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. ഇന്ന് രാത്രി 10.15നാണ് മത്സരം