അനായാസം മാഞ്ചസ്റ്റർ സിറ്റി, ബെൽജിയത്തിൽ പെപിന്റെ ടീമിന് വലിയ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ വിജയം. ഇന്ന് ബെൽജിയത്തിൽ ചെന്ന് ക്ലബ് ബ്രൂഗെയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. സിറ്റിക്ക് ഇന്ന് പ്രയാസകരമായ മത്സരം ബ്രുഗെ നൽകും എന്നാണ് കരുതിയത് എങ്കിലും കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങൾ ബെൽജിയൻ ടീമിന് താങ്ങാൻ ആവുന്നതിലും വലുതായുരുന്നു.

30ആം മിനുട്ടിൽ ഫുൾബാക്കായ കാൻസെലോ ആണ് സിറ്റിക്ക് ലീഡ് നൽകിയത്. ഫോഡൻ നൽകിയ പാസ് മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ കാലുകളിൽ എത്തിയ ശേഷമായിരുന്നു കാൻസെലോയുടെ ഫിനിഷ്. സിറ്റിയുടെ രണ്ടാമത്തെ ഗോൾ പെനാൾട്ടിയിൽ നിന്നായിരുന്നു. മഹ്റെസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി മഹ്റസ് തന്നെ ലക്ഷ്യത്തിൽ എത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിബ്രുയിന്റെ പാസിൽ നിന്ന് വാൽക്കർ ആണ് സിറ്റിയുടെ ലീഡ് മൂന്നാക്കി ഉയർത്തിയത്. സബ്ബായി എത്തിയ യുവതാരം പാൽമർ ആണ് സിറ്റിയുടെ നാലാം ഗോൾ നേടിയത്. 18കാരനായ താരത്തിന്റെ ആദ്യ യൂറോപ്യൻ ഗോളായിരുന്നു ഇത്. 82ആം മിനുട്ടിൽ വനാഗൻ ആണ് ബ്രുഗെയുടെ ആശ്വാസ ഗോൾ നേടിയത്. പിന്നാലെ മെഹ്റസിന്റെ രണ്ടാം ഗോൾ സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പിൽ 6 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.