ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡ് യങ് ബോയ്സിനെതിരെ ഇറങ്ങുന്നു

- Advertisement -

ഒരിടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ പുനരാരംഭിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യങ് ബോയ്സിനെ നേരിടും. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഇറങ്ങുമ്പോൾ മികച്ചൊരു വിജയത്തിൽ കുറഞ്ഞതൊന്നും ജോസേ മൗറീൻഹൊക്കും ടീമിനും ശാശ്വതമാവില്ല. അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ യുണൈറ്റഡിന് വിജയം അനിവാര്യമാണ്.

മോശം ഫോമിലൂടെ കടന്നു പോവുന്ന യുണൈറ്റഡിന് പരിക്കാണ് വെല്ലുവിളിയാവുന്നത്. ലിൻഡലോഫ്‌, റോഹോ, ഡാർമിയൻ എന്നിവർ പരിക്കിന്റെ പിടിയിലാണ്. അതേ സമയം ക്രിസ്റ്റാൽൽ പാലസിനെതിരെ കളിക്കാതിരുന്ന ലുക്ക് ഷോ ടീമിലേക്ക് മടങ്ങിയെത്തും. മുന്നേറ്റ നിരയിൽ ലുക്കാകുവിന് ഗോൾ കണ്ടെത്താൻ കഴിയാത്തതാണ് തിരിച്ചടിയാവുന്നത്. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ മാർഷ്യലും പോഗ്ബയും ഫോമിലേക്ക് തിരിച്ചെത്തിയാൽ യങ് ബോയ്സിനെ അനായാസം മറികടക്കാമെന്ന പ്രതീക്ഷയിൽ ആണ് യുണൈറ്റഡ്. യങ് ബോയ്സിനെതിരെയുള്ള ആദ്യ മല്സരത്തിൽ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു.

സ്വിസ്സ് സൂപ്പർ ലീഗിൽ മിന്നും ഫോമിലുള്ള യങ് ബോയ്‌സ് ഒരു അട്ടിമറി പ്രതീക്ഷിച്ചാണ് ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. കഴിഞ്ഞ മൂന്ന് ഹോം മത്സരങ്ങളിലും യുണൈറ്റഡ് വിജയിച്ചില്ല എന്നത് മുതലെടുക്കാൻ ആവും യങ് ബോയ്സിന്റെ ശ്രമം. ഇന്ത്യൻ സമയം രാത്രി 1.30ന് ആണ് മത്സരം തുടങ്ങുക.

Advertisement