ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് നിരക്കിൽ വലൻസിയക്ക് പണി കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ചാമ്പ്യൻസ് ലീഗിൽ  മാഞ്ചസ്റ്റർ യുണൈറ്റഡ് – വലൻസിയ മത്സരത്തിൽ  വലൻസിയ ആരാധകർക്കുള്ള ടിക്കറ്റ് തുക വർദ്ധിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. വലൻസിയയിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഹോം മത്സരത്തിൽ വലൻസിയ ആരാധകരുടെ ടിക്കറ്റ് തുക വർദ്ധിപ്പിച്ചത്.

വർധിപ്പിച്ച തുകയിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം വലൻസിയ മത്സരം കാണാൻ പോവുന്ന ആരാധകർക്കുള്ള ടിക്കറ്റ് നിരക്കിൽ കുറച്ച് നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ ആരാധകർക്കായി 77 യൂറോയുടെ ടിക്കറ്റുകളാണ് വലൻസിയ നൽകിയത്.

ടിക്കറ്റിന്റെ വില കുറക്കാൻ വലൻസിയ അധികൃതരോട് മാഞ്ചസ്റ്റർ യുണൈറ്റഡ് അപേക്ഷിച്ചെങ്കിലും ടിക്കറ്റ് തുക കുറക്കാൻ വലൻസിയ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് വലൻസിയ എവേ ഫാൻസിനുള്ള ടിക്കറ്റ് തുക കൂട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. ഇതോടെ ഒരു ടിക്കറ്റിന് 25യൂറോ അധികം ഈടാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. ആരാധകർക്ക് നൽകുന്ന കിഴിവ് കഴിഞ്ഞു കൂടുതൽ തുക ലഭിച്ചാൽ അത് ക്ലബ്ബിന്റെ ചാരിറ്റിയിലേക്ക് സംഭവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Advertisement