“യുവന്റസിനെയും പി.എസ്.ജിയും തോൽപ്പിച്ചെങ്കിൽ ബാഴ്‌സലോണയെയും തോൽപ്പിക്കും”

- Advertisement -

ചാമ്പ്യൻസ് ലീഗിൽ എവേ ഗ്രൗണ്ടിൽ വെച്ച് യുവന്റസിനെയും പി.എസ്.ജിയേയും തോൽപ്പിക്കാൻ പറ്റുമെങ്കിൽ ബാഴ്‌സലോണയെയും തോൽപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റുമെന്ന് പരിശീലകൻ സോൾഷ്യർ. ബാഴ്‌സലോണക്കെതിരായ ഒന്നാം പാദത്തിൽ ഒരു ഗോളിന് സ്വന്തം ഗ്രൗണ്ടിൽ തോറ്റതിന് പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്റെ പ്രതികരണം.

പ്രീ ക്വാർട്ടർ ഫൈനലിൽ മത്സരത്തിൽ ആദ്യ പാദത്തിൽ ഓൾഡ് ട്രാഫോർഡിൽ രണ്ടു ഗോളിന് തോറ്റതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പി.എസ്.ജിയുടെ ഗ്രൗണ്ടിൽ 3-1ന് ജയിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. പി.എസ്.ജിക്കെതിരായ പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിന് വിശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ടെന്നും പക്ഷെ ചാമ്പ്യൻസ് ലീഗ് സാധ്യത കൽപിക്കപ്പെടുന്ന ബാഴ്‌സലോണക്കെതിരെയാണ് കളിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞു.

ബാഴ്‌സലോണ സ്വന്തം ഗ്രൗണ്ടിൽ വളരെ ശക്തരാണെന്നും അവിടെ പോയി അവരെ തോൽപ്പിക്കുക വളരെ പ്രയാസകരമാണെന്നും പരിശീലകൻ പറഞ്ഞു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബാഴ്‌സലോണയിൽ പോയി അവരെ തോൽപ്പിക്കാൻ പറ്റുമെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് പി.എസ്.ജിയെ തോൽപ്പിച്ചതിനേക്കാൾ വലിയ നേട്ടമാണെന്നും സോൾഷ്യർ പറഞ്ഞു.

ബാഴ്‌സലോണയുടെ ക്യാമ്പ് നൗവിൽ  വെച്ചാണ് 1999ലെ ചാമ്പ്യൻസ് ലീഗിൽ ഇഞ്ചുറി ടൈമിൽ രണ്ടു ഗോൾ അടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയത്. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി വിജയ ഗോൾ നേടിയത് സോൾഷ്യർ ആയിരുന്നു.

Advertisement