മെസ്സിക്ക് മുന്നിൽ പേടിച്ച് വിറച്ച് യുണൈറ്റഡ് വീണു, ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി അല്ല ബാഴ്സലോണ, എമ്പപ്പെയല്ല മെസ്സി. അത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് മനസ്സിലായി കാണും. ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാഴ്സലോണയെ നേരിടാൻ വന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പാദത്തിലെ 1-0ന്റെ തോൽവി മറികടക്കണമായിരുന്നു. പക്ഷെ മെസ്സിക്ക് മുന്നിൽ പേടിച്ച് വരുത്തിവെച്ച രണ്ട് അബദ്ധങ്ങളിൽ തന്നെ ഇന്നത്തെ കളിയുടെ കഥ കഴിഞ്ഞു.

കളിയുടെ ഒന്നാം മിനുട്ടിൽ തന്നെ ബാഴ്സലോണയുടെ പോസ്റ്റിൽ ഇടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച തുടക്കമാണ് നൂകാമ്പിൽ നടത്തിയത്. പക്ഷെ മാഞ്ചസ്റ്റർ ചെയ്ത നല്ലതൊക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ കളഞ്ഞു കുളിച്ചു. ആദ്യ ക്യാപ്റ്റൻ ആഷ്ലി യംഗ് ആയിരുന്നു കളി ബാഴ്സലോണക്ക് നൽകിയത്. സ്വന്തം കയ്യിൽ ഭദ്രമായിരുന്ന പന്ത് ആഅഹ്കി യംഗ് മെസ്സിയുടെ കാലിലേക്ക് കൊടുത്തു. ആ പന്ത് ആരാണ് കൊണ്ടു പോയത് എന്ന് യംഗിന് മനസ്സിലാകുന്നതിന് മുമ്പ് തന്നെ മെസ്സി പന്ത് വലയിൽ എത്തിച്ചിരുന്നു.

ബോക്സിന് പുറത്ത് നിന്നൊരു കേർലിംഗ് സ്ട്രൈക്ക് തൊടാൻ വരെ ഡി ഹിയക്കായില്ല. ആ ഗോൾ മതിയായില്ലെങ്കിലോ ബാഴ്സലോണക്ക് എന്ന് കരുതി നിമിഷങ്ങൾക്കകം യുണൈറ്റഡ് ഒരു ഗോൾ കൂടെ ബാഴ്സലോണക്ക് സംഭാവന നൽകി. ഇത്തവണ ടീമിലെ ഏറ്റവും മികച്ച താരമെന്ന് എല്ലാവരും പറയുന്ന ഡി ഹിയ ആയിരുന്നു അബദ്ധവുമായി എത്തിയത്.

മെസ്സിയുടെ ഒരു ദുർബല ഷോട്ട് പിടിക്കാൻ ഡി ഹിയക്ക് ആയില്ലം സണ്ടേ ഫുട്ബോളിൽ പോലും കാണാത്ത ആ അബദ്ധം ബാഴ്സലോണക്ക് രണ്ടാം ഗോൾ നൽകി. മെസ്സിക്ക് രണ്ട് ഗോൾ. അതോടെ തന്നെ ബാഴ്സലോണയുടെ സെമി ഉറച്ചിരുന്നു. രണ്ടാം പകുതിയിൽ കൗട്ടീനീ യുണൈറ്റഡിന്റെ പതനം പൂർത്തിയാക്കി കളിയിലെ മൂന്നാം ഗോൾ നേടി. ഈ ഗോളിന് തുടക്കമിട്ടതും മെസ്സി ആയിരുന്നു. ഈ ഗോൾ അഗ്രിഗേറ്റ് സ്കോർ 4-0 ആക്കി. ഇതോടെ മാഞ്ചസ്റ്ററിനോട് ദയ കാണിച്ച ബാഴ്സലോണ ഇതിനപ്പുറം ഗോൾ അടിക്കേണ്ട എന്ന് തീരുമാനുക്കുകയായിരുന്നു.

ലിവർപൂളും പോർട്ടോയും തമ്മിലുള്ള ക്വാർട്ടറിലെ വിജയികളാകും ബാഴ്സലോണയുടെ സെമി ഫൈനലിലെ എതിരാളികൾ.