ചാമ്പ്യൻസ് ലീഗിലും ഗോളടി തുടരാൻ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഷാക്തറിനെതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഉക്രൈൻ ക്ലബ് ഷാക്തറിനെ നേരിടും. സിറ്റിയുടെ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 12.15നു ആണ് കിക്കോഫ്.

ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിൽ ഫെയ്‌നോർഡിനെ എതിരില്ലാത്ത നാല് ഗോളുകള്ക് തകർത്താണ് സിറ്റി തുടങ്ങിയത്. പ്രീമിയർ ലീഗിലെ മിന്നും ഫോം ചാമ്പ്യൻസ് ലീഗിലും നിലനിർത്താം എന്ന പ്രതീക്ഷയിലാണ് ഗാർഡിയോളയും സംഘവും. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ഒൻപത് ഹോം മത്സരങ്ങളിലും സിറ്റി പരാജയം അറിഞ്ഞിട്ടില്ല എന്നത് സിറ്റിക്ക് ആത്മവിശ്വാസമേകും. പരിക്ക് മൂലം ബെഞ്ചമിൻ മെൻഡിയും ഗുൻഡോഗാനും ഇന്ന് കളിയ്ക്കാൻ സാധ്യതയില്ല. എട്ടു വർഷത്തോളം ഷാക്തറിനായി ബൂട്ട് കെട്ടിയ സിറ്റിയുടെ മിഡ്ഫീൽഡർ ഫെർണാണ്ടിഞ്ഞോ ഇന്ന് മുൻ ടീമിനെതിരെ കളിച്ചേക്കും. മുൻനിരയിൽ ഗബ്രിയേൽ ഹെസൂസ് തിരിച്ചെത്തിയേക്കും.

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ നാപോളിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിൽ ആണ് ഉക്രൈൻ ചാമ്പ്യന്മാരയ ഷാക്തർ എത്തിഹാദിൽ എത്തുന്നത്. ഇംഗ്ലണ്ടിൽ ഇതുവരെ ഒരു ഉക്രൈൻ ക്ലബിനും വിജയിക്കാനായിട്ടില്ല എന്ന ചരിത്രം നിലനിൽക്കുന്നുണ്ട് എങ്കിലും പോരാടാൻ ഉറച്ചു തന്നെയാവും ഷാക്തർ എത്തുന്നത്. ഉക്രൈൻ ലീഗിൽ നിലവിൽ ഒന്നാം താനത്തുള്ള ഷാക്തർ മികച്ച ഫോമിലാണുള്ളത്. ഷാക്തർ ചാമ്പ്യൻസ് ലീഗിലെ അവസാന 4 എവേ മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു, ആ ചീത്തപ്പേര് കൂടെ മാറ്റാനായിരിക്കും ഇന്നിറങ്ങുക.

സിറ്റിയുടെ തുടർച്ചയായ ഏഴാമത്തെ ചാമ്പ്യൻസ് ലീഗ് ആണിത്, എന്നാൽ ഒരു തവണ മാത്രമാണ് സിറ്റിക്ക് അവസാന 16നു അപ്പുറത്തേക്ക് കടക്കാനായത്. 2015-16 സീസണിൽ സെമി ഫൈനലിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാക്കിസ്ഥാന്‍ വനിതകളെ മാര്‍ക്ക് കോള്‍സ് പരിശീലിപ്പിക്കും
Next articleചാംപ്യൻസ് ലീഗ്, ലിവർപൂളിന് ഇന്ന് റഷ്യൻ കടമ്പ