ജയത്തോടെ ഒന്നാം സ്ഥാനമുറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

- Advertisement -

റഹീം സ്റ്റെർലിങ് നേടിയ ഗോളിൽ ഫെയേനൂഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സിറ്റി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. പതിവിന് വിപരീതമായി മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്താതെയാണ് സിറ്റി വിജയിച്ചത്. മത്സരത്തിന്റെ ഭൂരിപക്ഷ സമയവും സിറ്റിയെ പിടിച്ചുനിർത്തിയ ഫെയേനൂഡ്  കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ സ്റ്റെർലിങ്ങിന്റെ ഗോളിൽ തോൽവിയേറ്റുവാങ്ങുകയായിരുന്നു.

ഡേവിഡ് സിൽവ, ഫെർണാണ്ടിഞ്ഞോ, ലെറോയ് സാനെ എന്നിവർക്ക് വിശ്രമം നൽകിയാണ് ഗാർഡിയോള ടീമിനെയിറക്കിയത്. യായ ടൂറെയും ഗുണ്ടോഗൻ ആദ്യ പതിനൊന്നിൽ സ്ഥാനം നേടിയപ്പോൾ ഗോൾ പോസ്റ്റിൽ എഡേഴ്സൺ തന്നെയായിരുന്നു ഇറങ്ങിയത്. ജയത്തോടെ ഗ്രൂപ്പ് സ്റ്റേജിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും സിറ്റി വിജയം നേടി.

വിജയത്തോടെ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ഗ്രൂപ്പ് എഫിൽ സിറ്റിക്ക് 6 പോയിന്റിന്റെ ലീഡ് ഉണ്ട്. രണ്ടാം സ്ഥാനത്തുള്ള ഷാക്തർ ഡോണെറ്റ്സ്ക്കിനു 9 പോയിന്റാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement