ലുക്ക് ഷോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിന് പുതുജീവൻ

- Advertisement -

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലുക്ക് ഷോയുടെ പ്രകടനത്തെ പുകഴ്ത്തി ഹോസെ മൗറീൻഹോ, CSKA മോസ്‌കൊക്കെതിരായ മത്സരത്തിൽ ഷോയുടെ “വളരെ നല്ല പ്രകടനം” എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ വിശേഷിപ്പിച്ചത്. മത്സരത്തിൽ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. മത്സരത്തിൽ ഷോയെ ആണ് മാന് ഓഫ് ദി മാച് ആയി തിരഞ്ഞെടുത്തത്.

സീസണിൽ ആദ്യമായാണ് ഷോക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചത്. ഇതിനു മുൻപ് വെറും 48 മിനിറ്റ് മാത്രമായിരുന്നു ഷോ ഈ സീസണിൽ കളിച്ചത് എങ്കിലും ഇന്നലെ മുഴുവൻ സമയവും പൂർത്തിയാക്കിയാണ് ഈ ഇംഗ്ലണ്ട് താരം കളം വിട്ടത്. കഴിഞ്ഞ ഏപ്രിലിന് ശേഷം ആദ്യമായാണ് ഷോ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചത്.

ഷോ ഈ വരുന്ന ജനുവരി ട്രാൻസ്‌ഫർ വിൻഡോയിൽ ടീം വിടുമെന്ന് വാർത്തകൾ വരുന്നതിനിടക്കാണ് ഷോയുടെ മികച്ച പ്രകടനം. ലെഫ്റ് വിങ്ങിലൂടെ നിരന്തരം മുന്നേറിയ ഷോ നിർഭാഗ്യം കൊണ്ടുമാത്രമാണ് സ്‌കോർ ഷീറ്റിൽ ഇടം നേടാതെ പോയത്.

2014ൽ വാൻ ഹാലിന്റെ സമയത്തായിരുന്നു ലുക് ഷോ സൗത്താംപ്ടണിൽ നിന്നും ഏകദേശം 30മില്യൺ പൗണ്ട് തുകക്ക് യുണൈറ്റഡിൽ എത്തുന്നത്. ആ സമയത്ത് ഒരു ടീനേജരുടെ ഏറ്റവും ഉയർന്ന ട്രാൻസ്‌ഫർ ഫീ ആയിരുന്നു അത്. ഇംഗ്ലണ്ടിന്റെയും യൂണൈറ്റഡിന്റേയും ഭാവി വാഗ്‌ദാനം ആയി വിലയിരുത്തപ്പെട്ടിരുന്ന ലുക് ഷോ, തുടർച്ചയായി വരുന്ന പരിക്കുകൾ മൂലം പ്രതീക്ഷകൾക്കൊത്ത് ഉയരാതെ പോവുകയായിരുന്നു. 2015ൽ പി.എസ്.വിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഷോക്ക് ഒരു വര്ഷത്തോളമാണ് കളിക്കളത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. പരിക്ക് മാറി തിരിച്ചു വന്നെങ്കിലും ഇടയ്ക്കിടെ വരുന്ന പരിക്കുകളും മോശം ഫോമും ഷോക്ക് തിരിച്ചടിയാവുകയായിരുന്നു.

CSKA മോസ്‌കൊക്കെതിരായ പ്രകടനം നിലനിർത്തി ലുക്ക് ഷോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement