ലുകാക്കുവിന് ഇരട്ട ഗോൾ, റഷ്യൻ മണ്ണിൽ യുണൈറ്റഡ് താണ്ഡവം

മോസ്‌കോയിൽ CSKAയെ അവരുടെ സ്വന്തം തട്ടകത്തിൽ തകർത്തു വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് CSKA മോസ്കോയെ തകർത്തത്. യുണൈറ്റഡിന് വേണ്ടി ലുകാക്കു, മാർഷ്യൽ, മിഖിതാര്യൻ എന്നിവർ ഗോൾ നേടി.

നാലാം മിനിറ്റിൽ തന്നെ ആന്തണി മാർഷ്യൽ നൽകിയ ക്രോസ് ഹെഡ് ചെയ്ത് ലുകാക്കു യുണൈറ്റഡിന് ലീഡ് നൽകി. 19ആം മിനിറ്റിൽ മിഖിതാര്യനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മാർഷ്യൽ ഗോളാക്കി മാറ്റി ലീഡ് രണ്ടാക്കി ഉയർത്തി. 27ആം മിനിറ്റിൽ വീണ്ടും മാർഷ്യൽ-ലുകാക്കു സഖ്യം ലക്ഷ്യം കണ്ടതോടെ യുണൈറ്റഡ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മാർഷ്യൽ നൽകിയ ക്രോസിൽ CSKAയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ലുകാക്കു അനായാസം ലക്ഷ്യം കണ്ടു. മറുവശത്ത് CSKAയുടെ ഒരു മികച്ച ഷോട്ട് ഗോൾ കീപ്പർ ഡിഹെയ തട്ടിയകറ്റിയതോടെ ആദ്യ പകുതി 3-0 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച യുണൈറ്റഡ് 57ആം മിനിറ്റിൽ മത്സരത്തിലെ നാലാം ഗോൾ കണ്ടെത്തി. മർഷ്യലിന്റെ ഷോട്ട് ഗോൾ കീപ്പർ അഖിനോവ് തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ച മിഖിതാര്യൻ ഗോളാക്കി മാറ്റുകയായിരുന്നു. 90ആം മിനിറ്റിൽ കുഷേവ്‌ ആണ് CSKAയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ചാമ്പ്യൻസ് ലീഗിൽ 2013ന് ശേഷം യുണൈറ്റഡിന്റെ ആദ്യത്തെ എവേ വിജയം ആണിത്.

ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ എഫ്‌സി ബേസൽ ബെനിഫിക്കയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു. രണ്ടു മത്സരങ്ങളും വിജയിച്ച യുണൈറ്റഡ് ആണ് ഗ്രൂപ്പിൽ ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബയേണെ വല നിറയെ ഗോളുമായി പി എസ് ജി മടക്കി
Next articleമാഡ്രിഡിൽ ഇഞ്ച്വറിടൈം ത്രില്ലർ ജയിച്ച് ചെൽസി