സലായ്ക്കും ഫെർമിനോയ്ക്കും ഇരട്ട ഗോളുകൾ, ആൻഫീൽഡിൽ അഞ്ചടിച്ച് ലിവർപൂൾ

- Advertisement -

ചാമ്പ്യൻസ് ലീഗിലെ ആവേശോജ്വലമായ ആദ്യ സെമിയിൽ ലിവർപൂളിന് ജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് റോമയെ തകർത്താണ് ലിവർപൂൾ ജയം സ്വന്തമാക്കിയത്. രണ്ടു അസിസ്റ്റുകളും രണ്ടു ഗോളുകളുമായി കളിയുടെ ഗതിയെ നിയന്ത്രിച്ച് റെഡ്‌സിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് മുഹമ്മദ് സലായാണ്. സീസണിലെ 43 ആം ഗോളാണ് മുഹമ്മദ് സലാ നേടിയത്. ലിവർപൂളിന് വേണ്ടി സലായും ഫെർമിനോയും ഇരട്ട ഗോളുകളും മാനെ ഒരു ഗോളും നേടിയപ്പോൾ ജെക്കോയും പെറോട്ടിയും റോമയ്ക്ക് വേണ്ടി ഗോളടിച്ചു.

ആൻഫീൽഡിൽ ഈജിപ്ഷ്യൻ ദൈവം അവതരിച്ചപ്പോൾ ആദ്യ പകുതിയിൽ ലിവർപൂൾ നേടിയത് രണ്ടു ഗോളുകളുടെ ലീഡ്. മത്സരത്തിന്റെ തുടക്കം മുതൽക്കു തന്നെ ആക്രമിച്ച് കളിച്ച റെഡ്സ് ഒട്ടേറെ അവസരങ്ങൾ പാഴാക്കിയിരുന്നു. തുടക്കത്തിൽ തന്നെ ലീഡുയർത്താനുള്ള ലിവർപൂളിന്റെ ശ്രമങ്ങളെ റോമയുടെ പ്രതിരോധം ശക്തമായി തടഞ്ഞു. എന്നാൽ സലായും മാനേയും ഫെർമിനോയും അടങ്ങുന്ന ലിവർപൂളിന്റെ ആക്രമണ നിര ശക്തമായി ആക്രമിച്ചപ്പോൾ റോമയ്ക്ക് കീഴടങ്ങേണ്ടി വന്നു. തുടർച്ചയായി ലഭിച്ച രണ്ടവസരങ്ങൾ മാനെ പാഴാക്കി. എന്നാൽ ആദ്യ പകുതിയുടെ അവസാന പത്ത് മിനുട്ടിൽ ഇരട്ടഗോളുകൾ(35′,45′) നേടിക്കൊണ്ട് മുഹമ്മദ് സലാ ആൻഫീൽഡിനെ ഇളക്കിമറിച്ചു.

രണ്ടാം പകുതിയിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. അന്പത്തിയാറാം മിനുട്ടിൽ സലായുടെ അസിസ്റ്റിൽ മാനെ ലിവർപൂളിന് വേണ്ടി മൂന്നാം ഗോൾ അടിച്ചു. റോമയുടെ പ്രതിരോധത്തിൽ വീണ വിള്ളലുകൾ അടയ്ക്കാൻ അവർക്ക് സാധിച്ചില്ല. 61 ആം മിനുട്ടിൽ വീണ്ടും മുഹമ്മദ് സലായുടെ അസിസ്റ്റിൽ ഒരു ഗോൾ പിറന്നു. ഇത്തവണ ഊഴം റോബർട്ടോ ഫെർമിനോയുടെതായിരുന്നു. 68 ആം മിനുട്ടിൽ ഫെർമിനോയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ ലിവർപൂൾ ലീഡുയർത്തി.

റോമയുടെ അവിസ്മരണീയമായ തിരിച്ചുവരവാണ് ഈ ചാമ്പ്യൻസ് ലീഗ് മാച്ചിൽ പിന്നീട് കണ്ടത്. അഞ്ച് ഗോളിന് പിന്നിട്ട നിന്ന ശേഷം എഡിൻ ജെക്കോയിലൂടെ റോമാ ആദ്യ ഗോൾ നേടി. എന്നാൽ മിനിട്ടുകൾക്ക് ശേഷം പെനാൽറ്റിയിലൂടെ പെറോട്ടിയും റോമയ്ക്ക് വേണ്ടി ഗോളടിച്ചു. ബാഴ്‌സലോണയെ സെമി കാണിക്കാതെ മടക്കിയ റോമയെ മത്സരത്തിൽ കാണുന്ന തരത്തിലായിരുന്നു അവസാന മിനുട്ടുകൾ. മത്സരം അവസാനിപ്പിക്കുമ്പോൾ അവിസ്മരണീയമായ മത്സരം കണ്ടെന്ന ആത്മ സംതൃപ്‌തിയോടെ ഫുട്ബോൾ ആരാധകർക്കും വിലയേറിയ രണ്ടു എവേ ഗോളുകൾ നേടിയെന്നു റോമയ്ക്കും ആശ്വസിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement