Site icon Fanport

ചാമ്പ്യന്മാർ ഇന്ന് നാപോളിക്ക് എതിരെ

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ നാപോളിയെ നേരിടും. ഇറ്റലിയിൽ വെച്ച് നടക്കുന്ന പോരാട്ടം ലിവർപൂൾ സംഘത്തിന് വലിയ പരീക്ഷണമാകും. കഴിഞ്ഞ സീസണിൽ നാപോളിയെ എവേ ഗ്രൗണ്ടിൽ നേരിട്ടപ്പോൾ ലിവർപൂൾ പരാജയപ്പെട്ടിരുന്നു. ഈ സീസൺ മികച്ച രീതിയിലാണ് ലിവർപൂൾ തുടങ്ങിയിരിക്കുന്നത്.

പ്രീമിയർ ലീഗിൽ അഞ്ചിൽ അഞ്ച് വിജയങ്ങൾ ക്ലോപ്പിന്റെ ടീം സ്വന്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ ഒറിഗി ബാക്കി എല്ലാ പ്രധാന താരങ്ങളും ഇന്ന് ലിവർപൂളിനൊപ്പം ഉണ്ടാകും. സലാ, മാനെ, ഫർമീനോ എന്നീ അറ്റാക്കിംഗ് സഖ്യം തന്നെയാകും ഇന്ന് നാപോളി നേരിടുന്ന പ്രധാന വെല്ലുവിളി. കൗലിബലി നേതൃത്വം കൊടുക്കുന്ന ഡിഫൻസിന് ഈ അറ്റാക്കിനെ തടയാൻ ആകുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.

ഇറ്റലിയിൽ നാപോളിക്കും നല്ല തുടക്കമാണ് ലഭിച്ചത്. എങ്കിലും യുവന്റസിനോടേറ്റ പരാജയം നാപോളി ഡിഫൻസിന്റെ പോരായ്മകൾ വ്യക്തമാക്കിയിരുന്നു. പരിക്കിന്റെ പിടിയിലായിരുന്നു ലൊറെൻസോ ഇൻസൈനെ തിരികെ എത്തുന്നത് ആഞ്ചലോട്ടിക്ക് കരുത്തേകും. ഇന്ന് രാത്രി 12.30നാണ് മത്സരം. സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.

Exit mobile version