ലിവർപൂൾ ഇന്ന് മാഡ്രിഡിൽ, ചാമ്പ്യൻസ് ലീഗിൽ തീപ്പാറും

Images (53)

ഇന്ന് ഫുട്ബോൾ പ്രേമികളെ കാത്തു നിൽക്കുന്നത് ഒരു വലിയ പോരാട്ടമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ഇന്ന് മാഡ്രിഡിൽ വെച്ച് ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ നേരിടും. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ ആവേശകരമായ പോരാട്ടം തന്നെ ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അവസാനമായി ഇരു ടീമുകളും നേർക്കുനേർ വന്നത് മൂന്ന് വർഷം മുമ്പ് ഒരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആയിരുന്നു. അന്ന് റയൽ മാഡ്രിഡ് ആയിരുന്നു വിജയവും കിരീടവും സ്വന്തമാക്കിയത്. അന്നത്തെ മത്സരത്തിൽ സലായെ പരിക്കേൽപ്പിച്ച റാമോസ് ഇന്ന് റയൽ മാഡ്രിഡിനൊപ്പം ഇല്ല. റാമോസ് മാത്രമല്ല പരിക്ക് കാരണം ഹസാർഡ്, കാർവഹാൽ എന്നിവരും റയൽ സ്ക്വാഡിൽ ഇല്ല.

ലിവർപൂൾ നിരയിൽ ദീർഘകാല പരിക്കുകൾ ആണ് പ്രശ്നമായി ഉള്ളത്. എങ്കിലും ജോടയുടെ തിരിച്ചുവരവ് ലിവർപൂളിനെ ശക്തരാക്കിയിട്ടുണ്ട്. ആഴ്സണലിനെതിരെ അവസാന മത്സരത്തിൽ നേടിയ വിജയവും ലിവർപൂളിന് പ്രതീക്ഷ നൽകുന്നു. ഇന്ന് രാത്രി 12.30നാണ് മത്സരം. സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.