Site icon Fanport

ലിവർപൂളിനെ അട്ടിമറിച്ച് വീരോചിത പ്രകടനവുമായി റെഡ്സ്റ്റാർ

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ് സിയുടെ ഗതി തന്നെ മാറ്റിമറിക്കാൻ പോകുന്ന അട്ടിമറിയുമായി റെഡ് സ്റ്റാർ. ഇന്ന് സെർബിയയിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെ ആണ് സെർബിയൻ ചാമ്പ്യന്മാരായ റെഡ് സ്റ്റാർ പരാജയപ്പെടുത്തിയത്. പി എസ് ജി, നാപോളി എന്നീ ശക്തരുള്ള ഗ്രൂപ്പിൽ ആണ് ഇങ്ങനെയൊരു പരാജയം ലിവർപൂൾ നേരിട്ടിരിക്കുന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റെഡ്സ്റ്റാറിന്റെ വിജയം.

ആദ്യ പകുതിയിൽ സെർബിയൻ അറ്റാക്കിംഗ് താരം മിലാൻ പാവ്കോവ് നേടിയ രണ്ട് തകർപ്പൻ ഗോളുകളാണ് ലിവർപൂളിന്റെ കഥ കഴിച്ചത്. 22ആം മിനുട്ടിൽ ഒരു ബുള്ളറ്റ് ഹെഡറിലൂടെ ആയിരുന്നു പാവ്കോവിന്റെ ആദ്യ ഗോൾ. 29ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്നുള്ള ഒരു കരുത്തൻ സ്ട്രൈക്കിലൂടെ ലിവർപൂൾ ഗോളിയെ രണ്ടാമതും പാവ്കോവ് കീഴ്പ്പെടുത്തി. റെഡ്സ്റ്റാറിന്റെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയമാണിത്. നേരത്തെ നാപോളിയെ സമനിലയിലും റെഡ്സ്റ്റാർ പിടിച്ചിരുന്നു.

ഗ്രൂപ്പിൽ നാലു റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് പരാജയങ്ങളും രണ്ട് പരാജയവുമാണ് ലിവർപൂളിന് ഉള്ളത്. ഇനി ലിവർപൂളിന് ഉള്ളത് രണ്ട് വൻ മത്സരങ്ങളാണ്‌‌‌. ഇപ്പോഴും ഗ്രൂപ്പ് സിയിൽ ഒന്നാമത് ആണെങ്കിലും നോക്കൗട്ട് യോഗ്യത നേടാൻ ലിവർപൂൾ കുറച്ച് കഷ്ടപ്പെടേണ്ടി വന്നേക്കും.

Exit mobile version